Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Gulf

പുതുക്കിയ പ്രവാസി നിയമത്തിന് സമ്മിശ്ര പ്രതികരണം

ദോഹ : രാജ്യത്ത് ഇന്നലെ മുതല്‍ നടപ്പിലായ പുതുക്കിയ പ്രവാസി നിയമത്തെ സമ്മിശ്ര പ്രതികരണത്തോടെയാണ് സ്വദേശികളും വിദേശികളും സ്വീകരിച്ചത്. പുതിയ സാഹചര്യം മുതലെടുത്ത് തൊഴിലാളികള്‍ നിലവിലെ കമ്പനികളില്‍ നിന്ന് കൂട്ടത്തോടെ ഒഴിഞ്ഞ് പോയാല്‍ കമ്പനികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതായി വ്യാപാര പ്രുഖനായ മുഹമ്മദ് കാദിം അല്‍അന്‍സാരി അഭിപ്രായപ്പെട്ടു. പൊതുവെ മാനുഷിക മൂല്യങ്ങള്‍ക്ക് പ്രധാന്യം കൊടുത്ത് കൊണ്ടുള്ള നിയമമാണ് ഇതെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. യോഗ്യതക്കനുസരിച്ചുള്ള തൊഴില്‍ കണ്ടെത്താന്‍ തൊഴിലാളിക്ക് അവസരം നല്‍കുമെന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കുറെ കാലങ്ങളായി ഒളിച്ചോട്ട കേസുകളുടെ എണ്ണം കൂടി വരികയാണെന്ന് പ്രമുഖ നിയമജ്ഞനായ സൗദ് അല്‍അദ്ബ അറിയിച്ചു. പുതുക്കിയ നിയമം ഒരു പരിധി വരെ ഇതിന് അറുതി വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. നിരവധി കാരണങ്ങള്‍ കൊണ്ട് തൊഴിലാളികള്‍ നിലവിലെ തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടുന്ന സ്ഥിതിയുണ്ടെന്ന് പ്രമുഖ അഭിഭാഷകനായ ഉസാമ അബ്ദല്ല അബ്ദുല്‍ ഗനിയും അഭിപ്രായപ്പെട്ടു. പ്രതീക്ഷിച്ച ശമ്പളം ലഭിക്കാതിരിക്കുക, നേരത്തെ വാഗ്ദാനം ചെയ്ത ജോലിക്ക് പകരം കൂടുതല്‍ പ്രയാസകരമായ ജോലിയില്‍ ഏര്‍പ്പെടേണ്ടതായി വരിക തുടങ്ങിയ നിരവധി കാരണങ്ങളാല്‍ തൊഴിലാളികള്‍ സ്‌പോണ്‍സര്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടാകാം. ഇത്തരക്കാര്‍ക്ക് പുതിയ നിയമം ഏറെ സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിലാളികളുമായി നിലനില്‍ക്കുന്ന തൊഴില്‍ കരാര്‍ കാരണമായി ഇരു കൂട്ടര്‍ക്കും പുതിയ നിയമം പ്രയോജനം ചെയ്യുമെന്ന് സ്വദേശി സൗദ് അല്‍അദ്ബ അഭിപ്രായപ്പെട്ടു. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം എളുപ്പമാകുന്നതോടെ ഓരോ തൊഴിലുടമക്കും തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളിയില്‍ നിന്ന് കരാര്‍ കാലാവധി കാലത്ത് പരമാവധി പ്രയോജനം ലഭിക്കും. തൊഴിലുടമതൊഴിലാളി ബന്ധം കൂടുതല്‍ സുദൃഡമാകാനും പുതുക്കിയ നിയമം സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴിലാളികള്‍ക്ക് അവരുടെ യോഗ്യതയും കഴിവും അനുസരിച്ചുള്ള തൊഴില്‍ നേടാന്‍ കഴിയുമെന്നത് പുതുക്കിയ നിയമത്തിലെ ഏറ്റവും ഗുണപരമായ കാര്യമാണെന്ന് ഖാലിദ് അല്‍കഅബി അഭിപ്രായപ്പെട്ടു. തൊഴിലാളി തൊഴിലിടത്ത് സംതൃപ്തനല്ലെങ്കില്‍ ഗുണഫലത്തെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ നിയമം അനുസരിച്ച് ഇഷ്ടപ്പെട്ട ജോലി തേടാന്‍ അവസരം ലഭിക്കുന്നു. ഇത് രാജ്യത്തിന്റെ ഏറ്റവും നല്ല സമീപനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button