തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ദേശീയഗാനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയുള്ളതിനാല്‍ പൊലീസിന് നിയമനടപടി സ്വീകരിക്കേണ്ടി വരും. ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തത് കോടതിയലക്ഷ്യമാണ്.
തിരുവനന്തപുരത്തു നടക്കുന്ന ചലച്ചിത്രമേളയ്ക്കിടെ തിയേറ്ററില്‍ ദേശീയ ഗാനം കേള്്പ്പിച്ചപ്പോള് ചിലര്‍ എഴുന്നേറ്റു നില്ക്കാത്തതിനെത്തുടര്ന്നുണ്ടായ സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പ്രസ്താവന.
എന്നാല്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ ഇരുന്നാല്‍ എന്ത് ചെയ്യണമെന്ന് നിയമം പറയുന്നില്ലെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. സാംസ്കാരിക പരിപാടിയില്‍ ഇടപെടാന്‍ പൊലീസ് ആഗ്രഹിക്കുന്നില്ല. വിവാദങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ക്രമസമാധാന പ്രശ്നമുണ്ടെങ്കില്‍ മാത്രമേ തിയേറ്ററിനുള്ളില്‍ പൊലീസ് കടക്കൂ എന്നും ഡിജിപി വ്യക്തമാക്കി.
തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിച്ച സമയത്ത് എഴുന്നേറ്റു നില്ക്കാത്തതിന്റെ പേരില്‍ കുറച്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ചലച്ചിത്രമേളയ്ക്കെത്തിയ ഡെലിഗേറ്റുകളില്‍ ഒരു വിഭാഗം പ്രതിഷേധിക്കുകയും ചെയ്തു.
Post Your Comments