തൃശൂർ: ജയിലിനുള്ളിലും അനധികൃത പണപ്പിരിവ് ബാങ്ക് അക്കൗണ്ടുകളിലൂടെയാക്കി മാറ്റി ജീവനക്കാർ വിലസുന്നു.ലഹരികടതുന്നതിനും സെല്ലുമാറുന്നതിനും വേണ്ടിയെല്ലാം തടവുകാരിൽനിന്നു പണം പിരിക്കുന്നതു ബാങ്ക് അക്കൗണ്ടുകളിലൂടെയാക്കി മാറ്റിയിരിക്കുകയാണ് ഒരു വിഭാഗം ജീവനക്കാർ. കഴിഞ്ഞ ദിവസം വിയ്യൂർ ജയിലിലെ തടവുകാരനിൽനിന്നു കഞ്ചാവ് പിടിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു പണം ബാങ്ക് അക്കൗണ്ട് വഴി പിരിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്.
കഞ്ചാവ് തെറുക്കാൻ ഉപയോഗിക്കുന്ന ഇരുന്നൂറോളം ബീഡിപ്പൊതികളും സ്മാർട് ഫോണുകളും ലഹരി ആംപ്യൂളുകളുമായി ഒരു ജയിൽ വാർഡൻ വിയ്യൂരിൽ അറസ്റ്റിലായിട്ടുണ്ട്.ഇതിന് തൊട്ടു പിന്നാലെയാണ് വീണ്ടും ബാങ്ക് അക്കൗണ്ട് വഴിയുള്ള പണം പിരിവ് കണ്ടെത്തിയിരിക്കുന്നത്.ലഹരിവസ്തുക്കൾ ജയിലിനുള്ളിൽ സുരക്ഷിതമായി എത്തിക്കാനാണ് ഇവർ പണം വാങ്ങുന്നത്. ബന്ധുക്കളുടെ മൊബൈൽ നമ്പർ തടവുകാരിൽനിന്നു സംഘടിപ്പിച്ച ശേഷം ഇവരെ ഫോണിൽ ബന്ധപ്പെട്ടു തങ്ങളുടെ അക്കൗണ്ട് നമ്പറും വിവരങ്ങളും നൽകുകയാണു തടവുകാർ ചെയ്യുന്നത്. ഈ അക്കൗണ്ടിലേക്കാണ് തടവുകാരുടെ ബന്ധുക്കളും സുഹൃത്തുക്കളും പണം നിക്ഷേപിക്കുന്നത്.ഫോണിൽ ഇതു സംബന്ധിച്ച മെസ്സേജ് എത്തുമ്പോൾ ലഹരി വസ്തുക്കൾ സുരക്ഷിതമായി ആവശ്യക്കാരിലെത്തും.ഇത്തരത്തിൽ ജയിൽ ജീവനക്കാർ പണം സമ്പാദിക്കുന്നതായാണ് വിവരം.പിടിക്കപ്പെട്ടാലും കടുത്ത ശിക്ഷയുണ്ടാവില്ല എന്നതാണു ജീവനക്കാരെ ഇത്തരത്തിലുള്ള പ്രവർത്തിക്ക് വീണ്ടും പ്രേരിപ്പിക്കുന്നത്.
Post Your Comments