NewsIndia

പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കേരളത്തില്‍ അത്യാധുനിക സംവിധാനം

തിരുവനന്തപുരം :• പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കേരളത്തില്‍ അത്യാധുനിക രീതിയിലുള്ള രണ്ടു ഡോപ്ലര്‍ റഡാറുകള്‍ സ്ഥാപിയ്ക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. .ഇതില്‍ തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ഡോപ്ലര്‍ റഡാര്‍ പ്രവര്‍ത്തനം തുടങ്ങി. കൊച്ചിയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച റഡാര്‍ പരീക്ഷണ ഘട്ടത്തിലാണ്. വടക്കന്‍ ജില്ലകള്‍ക്കു പ്രയോജനപ്പെടുന്ന രീതിയില്‍ മംഗലാപുരത്തു ഡോപ്ലര്‍ റഡാര്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി.

വിഎസ്എസ്സിയില്‍ സിബാന്‍ഡ് പൊളാരിമെട്രിക് വിഭാഗത്തിലുള്ള വെതര്‍ റഡാര്‍ ആണു സ്ഥാപിച്ചിട്ടുള്ളത്. ഈ വിഭാഗത്തില്‍പ്പെട്ട ദക്ഷിണേന്ത്യയിലെ ആദ്യ റഡാര്‍ ആണിത്.

ഇതില്‍ നിന്നുള്ള വിവരങ്ങള്‍ ഉടന്‍ കാലാവസ്ഥാ വിഭാഗത്തിനു ലഭ്യമായിത്തുടങ്ങും. മറ്റു റഡാറുകളെ അപേക്ഷിച്ചു കാലാവസ്ഥാ മാറ്റങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവ സംബന്ധിച്ചു വളരെ നേരത്തേ മുന്നറിയിപ്പു നല്‍കാന്‍ കഴിയുന്നവയാണ് ഇവ. ഭാരത് ഇലക്‌ട്രോണിക്‌സ് ആണു റഡാര്‍ നിര്‍മിച്ചത്. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള ജില്ലകള്‍ റഡാറിന്റെ പരിധിയില്‍ വരും.

കൊച്ചി തോപ്പുംപടിയിലാണു കാലാവസ്ഥാ വകുപ്പിന്റെ നേതൃത്വത്തില്‍ ഡോപ്ലര്‍ റഡാര്‍ സ്ഥാപിച്ചിരിക്കുന്നത്. തുടക്കത്തിലെ ചെറിയ സാങ്കേതികത്തകരാറുകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇടുക്കി മുതല്‍ മലപ്പുറം വരെയുള്ള ജില്ലകള്‍ റഡാറിന്റെ പരിധിയില്‍ വരും. ചൈനയില്‍ നിര്‍മിച്ച എസ്ബാന്‍ഡ് റഡാറാണു കൊച്ചിയില്‍ സ്ഥാപിച്ചിരിക്കുന്നത്. 15 കോടിയോളം രൂപയാണ് ഇതിന്റെ ചെലവ്. റഡാര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കാലാവസ്ഥാവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കു വിദഗ്ധപരിശീലനം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button