തൃശൂര്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി കറന്‍സി നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ വ്യാപകമായി ശ്രമമുണ്ടായി എന്നതിന് വ്യക്തമായ തെളിവ്. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ആദായ നികുതി വകുപ്പിന്റെ അന്വേഷണം. തൃശൂരിലെ നടത്തറയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കാണ് ഇപ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. കറന്‍സിനിരോധന പ്രഖ്യാപനം വന്നതിന് തൊട്ടടുത്ത ദിവസം സ്വര്‍ണവ്യാപാരിയും മറ്റൊരു വ്യവസായിയും ചേര്‍ന്ന് 1.55 ലക്ഷം രൂപ നിക്ഷേപിച്ചതായും ഇത് കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയായിരുന്നെന്നും ആക്ഷേപമുയര്‍ന്നതോടെ ഇക്കാര്യത്തില്‍ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി.
കോണ്‍ഗ്രസ് ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള നടത്തറ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ മറവില്‍ സൊസൈറ്റി രൂപീകരിച്ച് അതില്‍ പണം നിക്ഷേപിക്കാനും ജീവനക്കാരുടെ അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ച് വെളുപ്പിക്കാനും ശ്രമം നടന്നെന്നാണ് ആരോപണം
ആരോപണം വന്നതോടെ ഇക്കാര്യത്തില്‍ ആദായനികുതി വകുപ്പ് ജീവനക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്വര്‍ണവ്യാപാരി ഒരു കോടി രൂപയും മറ്റൊരു വ്യവസായി 55 ലക്ഷവും നിക്ഷേപിച്ചുവെന്നാണ് വിവരം. സംഭവത്തെപ്പറ്റി വാര്‍ത്ത വന്നതോടെ അറിഞ്ഞെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു.
കറന്‍സി നിരോധനം നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം ബാങ്കുകള്‍ക്കെല്ലാം അവധിയായിരുന്നു. അതേസമയം, സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ മിക്കവയും അന്ന് തുറക്കുകയും ചെയ്തിരുന്നു. ഇതിന്റെ മറവില്‍ കോടികള്‍ പലയിടത്തും വെളുപ്പിച്ചുവെന്ന് ബിജെപി നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. നിരോധനത്തിനു ശേഷമുള്ള പ്രവൃത്തിദിവസങ്ങളില്‍ ആദ്യ മൂന്നു ദിവസം നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കാന്‍ സഹകരണ ബാങ്കുകളെ അനുവദിച്ചിരുന്നെങ്കിലും പിന്നീട് റിസര്‍വ് ബാങ്ക് ഈ അനുമതി പിന്‍വലിക്കുകയും ചെയ്തു.
ഇതോടെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണം ഒഴുകിയെത്തുന്നുവെന്ന സംശയം ഉണ്ടായതിനെ തുടര്‍ന്നാണ് കേന്ദ്രം ആദ്യം നല്‍കിയ അനുമതി പിന്‍വലിച്ചതെന്ന വാദമുയര്‍ന്നിരുന്നു. ഇതോടെ ഇത്തരത്തില്‍ സഹകരണ ബാങ്കുകളില്‍ എത്തിയ നിക്ഷേപങ്ങളുടെയെല്ലാം നിജസ്ഥിതി പരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
ഇത് ശരിവയ്ക്കും വിധത്തിലാണ് ഇപ്പോള്‍ നടത്തറയിലെ ബാങ്കില്‍ നടന്ന നിക്ഷേപമെന്നും ഇത്തരത്തില്‍ സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കിലും നിരോധനത്തിന് തൊട്ടുമുന്‍പും ശേഷവുമുള്ള ദിവസങ്ങളില്‍ നടന്ന നിക്ഷേപങ്ങളെപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി ആരോപണം ഉയര്‍ന്ന പല കേന്ദ്രങ്ങളിലും ഇതിനകം തന്നെ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കരകുളം, പേരൂര്‍ക്കട, കടകംപള്ളി എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകളില്‍ ഒരു മന്ത്രിക്കും മന്ത്രിയുടെ ഭാര്യക്കുമുള്‍പ്പെടെ അനധികൃത സമ്പാദ്യമുണ്ടെന്നും കോടികളുടെ നിക്ഷേപമുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.
Post Your Comments