ആലപ്പുഴ: തമിഴ്നാടുമായി അനുരഞ്ജന പാതയില്‍ നീങ്ങാനൊരുങ്ങി സംസ്ഥാന സര്‍ക്കാർ. മുല്ലപ്പെരിയാർ പ്രശ്നത്തിൽ കേന്ദ്ര സർക്കാരിനോടും തമിഴ്നാടിനോടും മൃദുസമീപനം മതിയെന്നു സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുല്ലപ്പെരിയാറില്‍ പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കേസ് കൊടുക്കാനുള്ള നീക്കം അതുകൊണ്ട് തന്നെ സംസ്ഥാനം ഉപേക്ഷിച്ചു കഴിഞ്ഞു. കേസിനു പകരം തമിഴ്നാടുമായി അനുരഞ്ജന ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചാല്‍ മതിയെന്നു മുല്ലപ്പെരിയാര്‍ സെല്ലിനു സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
മുല്ലപ്പെരിയാറിൽ കേരളം നിർമിക്കാൻ ഉദ്ദേശിക്കുന്ന പുതിയ അണക്കെട്ടിന്റെ പരിസ്ഥിതി ആഘാത പഠനത്തിനു നൽകിയിരുന്നു. ഈ അനുമതി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പിൻവലിച്ചിരുന്നു. തമിഴ്നാടിന്റെ സമ്മർദഫലമായാണ് ഇതെന്ന് ആക്ഷേപം ഉയരുകയും ചെയ്തു. ഈ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകണമെന്ന് ഉദ്യോഗസ്ഥതലത്തിൽ അഭിപ്രായം ഉയർന്നിരുന്നു.
മുല്ലപ്പെരിയാർ കേസിലെ സുപ്രീം കോടതി വിധിയെ പരാമർശിച്ചാണ് വനം, പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി ആഘാതപഠനത്തിനുള്ള അനുമതി നിഷേധിച്ചത്. പക്ഷെ നിയമപരമായി ഈ നടപടി നിലനിൽക്കില്ലെന്നാണു ജലവിഭവ വകുപ്പിനു ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിൽ കേസ് നടത്താൻ അനുമതിക്കായി ഫയൽ സർക്കാരിൽ എത്തി. ഇതോടെ, മുഖ്യമന്ത്രിയുടെ നേരിട്ടു നിയന്ത്രണത്തിലുള്ള അന്തർസംസ്ഥാന നദീജല വകുപ്പ് നിലപാടു മാറ്റുകയായിരുന്നു.
ഈ വിഷയത്തിൽ കേന്ദ്ര സർക്കാരുമായി തർക്കത്തിനു പോകേണ്ടെന്നു നിർദേശം നൽകിയ സർക്കാർ, നിയമപരമായ നീക്കത്തിന് അനുമതി നിഷേധിച്ചു. പുതിയ അണക്കെട്ടു നിർമിക്കാനുള്ള പ്രവർത്തനങ്ങൾക്കു തമിഴ്നാടുമായി ചർച്ച നടത്തി സമവായം കണ്ടെത്തണമെന്നാണു പുതിയ നിലപാട്. എന്നാൽ, അനുകൂല സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരളവുമായി ചർച്ചകൾക്കൊന്നും തമിഴ്നാട് താൽപര്യം പ്രകടിപ്പിക്കാത്ത സാഹചര്യമാണുള്ളത്.
Post Your Comments