KeralaNews

വീട്ടമ്മയെ കൊന്ന് പുഴയില്‍ തള്ളി: പാസ്റ്റര്‍ അറസ്റ്റില്‍

അടിമാലി: വീട്ടമ്മയെ കൊന്ന് പുഴയില്‍ തള്ളിയ പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ കാമുകൻ ആയിരുന്നു ഇയാൾ എന്നാണു പോലീസ് പറയുന്നത്.കൊന്നത്തടി പൊന്നിടുത്തുംപാറയില്‍ ബാബുവിന്റെ ഭാര്യ സാലുവിനെ (42) കൊന്ന് പുഴയില്‍ തള്ളിയ കേസില്‍ കാമുകന്‍ ഉപ്പുതറ പാസ്റ്റര്‍ സലിനെ (42) ആണ് അടിമാലി പൊലീസ് അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ നവംബര്‍ മൂന്ന് മുതല്‍ സാലുവിനെ കാണാനില്ലെന്ന് ഭര്‍ത്താവ് ബാബു വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടർന്ന് അന്വേഷണം നടത്തിയ പൊലീസിന് സാലുവിന്റെ മൊബൈലിൽ നിന്ന് സലിനുമായുള്ള അടുപ്പം മനസ്സിലാവുകയും അയാളിലേക്ക് അന്വേഷണം നീളുകയുമായിരുന്നു.തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. 3 വർഷമായി സലിനുമായി പ്രണയത്തിലായിരുന്ന സാലുവിന് മുരുകൻ എന്നൊരാളുമായി അടുപ്പമുണ്ടെന്ന വിവരം മൂലം സലിന് വൈരാഗ്യമുണ്ടാകുകയും അവരെ കൊലപ്പെടുത്താൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് സാലുവിനെ കാണാൻ ആവശ്യപ്പെട്ടതനുസരിച്ചു സാലു പുളിയന്‍മലയിലെത്തുകയും കാറുമായി കാത്തുനിന്ന സലിൻ അവരുമായി ഉത്തമപാളയത്തിലെ ഒരു ലോഡ്ജിൽ തങ്ങുകയും പിന്നീട് അടുത്ത ദിവസം കുമളിക്ക് മടങ്ങുകയും ആയിരുന്നു.

തുടർന്ന് ഉറക്കത്തിലായിരുന്ന സാലുവിനെ കാറിന്റെ പിന്‍സീറ്റില്‍ കയറി കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയശേഷം പുഴയില്‍ തള്ളുകയായിരുന്നു. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന പുഴയിലാണ് മൃതദേഹം തള്ളിയതായി പറയുന്നത്. പുഴയിൽ തെരച്ചിൽ നടത്തണമെങ്കിൽ തമിഴ്‌നാടിന്റെ അനുമതിയോടെ ഡാമിന്റെ ഷട്ടറുകൾ അടയ്ക്കണം. ഇതിനായി തേനി ജില്ലാ കളക്ടര്‍, തേനി എസ്.പി, മുല്ലപ്പെരിയാര്‍ ഡാം അധികൃതര്‍ എന്നിവരുമായി ബന്ധപ്പെടുമെന്ന് ഇടുക്കി ജില്ലാ പൊലീസ് ചീഫ് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button