NewsIndia

സ്വര്‍ണം വാങ്ങുന്നവര്‍ക്ക് കാത്തിരിക്കാം… സ്വര്‍ണ വില താഴോട്ട് : വില ഇനിയും കുത്തനെ കുറയും :

കൊച്ചി: നോട്ട് നിരോധനത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ നോട്ടമിടുന്നത് സ്വര്‍ണത്തിലാണെന്ന സൂചനകള്‍ വ്യക്തമായി പുറത്തുവന്നു കഴിഞ്ഞു. കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടി വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയെന്ന വിവരമാണ് കേന്ദ്രസര്‍ക്കാറിന് ലഭിച്ചത്. ഈ സാഹചര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കവേ തന്നെ സ്വര്‍ണവില താഴേയ്ക്ക് പതിക്കുകയാണ്. അഞ്ച് ദിവസത്തിനിടെ സ്വര്‍ണത്തിന് പവന് 400 രൂപയുടെ കുറവാണ് അനുഭവപ്പെട്ടത്. ഇന്നലെ പവന് 160 രൂപ കുറഞ്ഞ് 21,200 രൂപയിലേക്കാണു താഴ്ന്നത്. ഇതോടെ ഒരു മാസത്തിനിടയിലെ വിലയിടിവ് 2280 രൂപയായി. നോട്ട് പിന്‍വലിക്കല്‍ നടപടിയോടെ ആരംഭിച്ചതാണു സ്വര്‍ണത്തിന്റെ വിലത്തകര്‍ച്ച.

വിലയില്‍ 10 ശതമാനത്തിലേറെ ഇടിവുണ്ടായി. വില്‍പന തീരെ കുറഞ്ഞിരിക്കുകയാണ്. കറന്‍സിക്കു പിന്നാലെ സ്വര്‍ണത്തിനായിരിക്കുമോ നിയന്ത്രണമുണ്ടാകുക എന്ന ആശങ്കയാണു വില്‍പനയിലെ മാന്ദ്യത്തിനു മറ്റൊരു കാരണം. ഇപ്പോഴത്തെ നിലയില്‍ സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ കാത്തിരിക്കുക തന്നയാകും ഉചിതം, വില ഇനിയും കുറയുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. എന്തായാലും സ്വര്‍ണ പ്രേമികള്‍ക്കു നല്ലകാലമാണു വരാനിരിക്കുന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണ വില ഇടിയുന്നതും ആഭ്യന്തര വിപണിയില്‍ മഞ്ഞലോഹത്തോടുള്ള പ്രിയം അല്‍പ്പം ഇടിഞ്ഞു നില്‍ക്കുന്നതുമാണു വില ഇടിയാന്‍ മുഖ്യ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 1176 ഡോളറാണ് ഇന്നത്തെ വില. കഴിഞ്ഞ പത്തു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്. മൂന്നു വര്‍ഷത്തിനിടയില്‍ സ്വര്‍ണത്തിന്റെ വിലയില്‍ പെട്ടെന്ന് ഇത്ര ഇടിവുണ്ടാകുന്നതും ഇതാദ്യം. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനു പിന്നാലെ ഡോളര്‍ ശക്തിപ്പെട്ടതാണു സ്വര്‍ണത്തിനു തിരിച്ചടിയായത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന അഭ്യൂഹങ്ങളും പൊന്നിന്റെ വിലയെ പിന്നോട്ടടിച്ചു.
ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയാല്‍ സ്വര്‍ണത്തിന്റേമേലുള്ള നിക്ഷേപം സര്‍ക്കാര്‍ ബോണ്ടുകളിലേക്കും മറ്റും ഒഴുകുമെന്നാണു വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പലിശ നിരക്കുകള്‍ താഴ്ന്നിരുന്ന സാഹചര്യത്തില്‍ സ്വര്‍ണമാണു നല്ല നിക്ഷേപമെന്ന് ആളുകള്‍ കരുതിയതാണ് ഇത്ര വിലയിലേക്കു പൊന്നിനെ എത്തിച്ചത്. പലിശ ഉയരുന്നതോടെ ഈ ട്രെന്‍ഡ് ഇല്ലാതാകുകയും സ്വര്‍ണത്തിന്റെ വില ഇടിയുകയും ചെയ്യും. അടുത്തയാഴ്ചയാണു നിര്‍ണായകമായ യോഗം.
ഇന്ത്യയില്‍ കറന്‍സി പിന്‍വലിക്കലിനു പിന്നാലെ സ്വര്‍ണത്തിനുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരാന്‍ പോകുന്നുവെന്ന വാര്‍ത്തകളും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇടപാടുകാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇത്ര ഇടിഞ്ഞു നില്‍ക്കുന്നതാണ് 21200 എന്ന നിലയിലെങ്കിലും സ്വര്‍ണവിലയെ പിടിച്ചു നിര്‍ത്തുന്നത്. സ്വര്‍ണത്തെ കള്ളപ്പണം വെളുപ്പിക്കാന്‍ മാര്‍ഗ്ഗമാക്കിയവര്‍ തന്നെയാണ് ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണമാക്കിയതും. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഇടിവ് തുടരുമെന്നാണ് അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button