തിരുവനന്തപുരം● മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലില്‍ മലയാളികളുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെ വിലക്കിയ മധ്യപ്രദേശ് സര്‍ക്കാരിന്റെയും പൊലീസിന്റെയും ആര്‍എസ്എസിന്റെയും നടപടി ഫാസിസ്റ്റ് രീതിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
മലയാളികളുടെ സ്വീകരണസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഭോപ്പാലിലെ താമസസ്ഥലത്തുനിന്നും പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ തടയുകയും തിരിച്ചയക്കുകയുംചെയ്ത മധ്യപ്രദേശ് പൊലീസിന്റെ നടപടി പ്രാകൃതമാണ്. നിയമവാഴ്ചയുടെയും ഭരണഘടനയുടെ ഫെഡറല്തത്വങ്ങളുടെയും ലംഘനമാണ് ഉണ്ടായത്. മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ബിജെപി ദേശീയ നേതൃത്വത്തിന്റെയും അറിവോടെ നടന്ന ജനാധിപത്യഹത്യയാണ് ഇത്. 250 ഓളം വരുന്ന ആര്‍എസ്എസുകാര്‍ സ്വീകരണസ്ഥലത്തിനു സമീപം പ്രതിഷേധമുണ്ടാക്കാന്‍ സംഘടിച്ചിരുന്നു. ഇവരെ അറസ്റ്റുചെയ്ത് മാറ്റുന്നതിനും മറ്റു ഭരണനടപടികള്‍ സ്വീകരിക്കുന്നതിനുമുള്ള ഉത്തരവാദിത്തമാണ് പൊലീസ് നിര്‍വഹിക്കേണ്ടിയിരുന്നത്. അതുചെയ്യാതെ ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തന്റെ നാട്ടിലെ ജനങ്ങളെ കാണാനും അവരുടെ സ്വീകരണത്തില്‍ പങ്കെടുക്കാനും അനുവദിക്കാത്തത് നീചമായ നിയമവിരുദ്ധ പ്രവര്‍ത്തിയാണ്.
യുണൈറ്റഡ് മലയാളി അസോസിയേഷന്, ഭോപ്പാല്‍ മലയാളി അസോസിയേഷന്, സൗത്ത് ഭോപ്പാല്‍ മലയാളി അസോസിയേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജാതി-മത-രാഷ്ട്രീയഭേദമെന്യേ മലയാളികള്‍ ഒന്നടങ്കമാണ് പിണറായി വിജയന് സ്വീകരണമൊരുക്കിയിരുന്നത്. ഇതിനെ വിലക്കിയ മധ്യപ്രദേശ് ബിജെപി സര്‍ക്കാരിന്റെയും ആര്‍എസ്എസിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് എല്ലാ പാര്‍ടി ഘടകങ്ങളോടും ജനാധിപത്യവിശ്വാസികളോടും സി.പി.ഐ.എം പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
Post Your Comments