കൊച്ചി: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ചുരിദാര്‍ വിഷയത്തില്‍ പ്രതികരിച്ച് ഹൈക്കോടതി അഭിഭാഷക സംഗീതാ ലക്ഷ്മണ. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറേണ്ടെന്നാണ് കോടതി വിധി. ഇത് തീരുമാനിക്കേണ്ടത് ക്ഷേത്രം തന്ത്രിയാണെന്നും കോടതി പറഞ്ഞിരുന്നു. ഇജ്ജാതി വേഷംകെട്ടുകള്‍ കാണുമ്പോഴാണ് ഹിന്ദുമതം തന്നെ വെറുത്ത് പോകുന്നതെന്ന് സംഗീത ലക്ഷ്മണ ഫേസ്ബുക്കില്‍ കുറിക്കുന്നു.
സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ… കുറച്ച് കാലം മുമ്പ് ഒരിക്കല്‍ ചുരിദാര്‍ ധരിച്ചു കൊണ്ട് പഴവങ്ങാടി ഗണപതിക്ഷേത്രത്തില്‍ തൊഴാന്‍ പോയിരുന്നു. അവിടെ ചെന്നപ്പോള്‍ അവിടുള്ള തന്ത്രികോന്തന്മാര്‍ക്ക് തന്നെ ഇഷ്ടമായി, ചുരിദാര്‍ ഇഷ്ടവുമാണ് എന്നാല്‍ എന്റെ മാറ് അഥവാ നെഞ്ച് ഭാഗം ഗണപതിഭഗവാന് ഭ്രഷ്ടാണ് പോലും. ദുപ്പട്ട ധരിക്കാതെ ചുരിദാര്‍ മാത്രം ധരിച്ചു ചെന്നതിന് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാനാകാതെ പുറത്തുനിന്ന് തൊഴുതു മടങ്ങുകയായിരുന്നു. അന്ന് മുതല്‍ പിന്നെ ആ ക്ഷേത്രത്തില്‍ പോകുമ്പോള്‍ പുറത്തു നിന്ന് കൊണ്ട് ഗണപതിഭഗവാനോട് ഹായ് പറഞ്ഞിട്ട് ഞാനിങ്ങു പോരുമെന്നും സംഗീത കുറിക്കുന്നു.
ചുരിദാര്‍ അല്ല എന്ത് ധരിച്ചു കൊണ്ട് ഞാന്‍ എവിടെ നിന്നാലും ഈ പത്മനാഭസ്വാമിയും ഗണപതി ഭഗവാനുമൊക്കെ എന്നെ കാണുന്നുണ്ടാവുമല്ലോ. ഈ ദൈവങ്ങള്‍ എന്റെ നെഞ്ചത്തോട്ട് നോക്കുന്നോ അതോ എന്റെ മറ്റുശരീരഭാഗങ്ങളിലേക്ക് നോക്കുന്നോ എന്ന ആവലാതി എനിക്കില്ല. എന്റെ ദൈവങ്ങള്‍ക്കും അങ്ങനൊരു ആധിയോ വ്യാധിയോ ഉണ്ടാവില്ല. ഇവിടെ പ്രശ്നം തനിക്കും ദൈവത്തിനും ഇടയില്‍ നില്‍ക്കുന്നവര്‍ക്കാണ്. ഇത്തരത്തിലുള്ള ക്ഷേത്ര-സദാചാര സമിതി കമ്മറ്റി ഭാരവാഹികള്‍ ആദ്യം മനസ്സ് വൃത്തിയാക്കി എടുത്ത് ശുദ്ദിയോടെ സൂക്ഷിക്കണമെന്നും അവര്‍ പറയുന്നു.
ക്ഷേത്രത്തിലെ തന്ത്രിമാരുടെ വസ്ത്രധാരണത്തേയും അഭിഭാഷക വിമര്‍ശിക്കുന്നുണ്ട്. പഴയകാല അശ്ലീല ചിത്രങ്ങളിലെ നായികമാരുടെ ശരീര ഭാഗങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് ഇവരുടെ വേഷം. ഇവരുടെ വയറിന് ഏഴുമാസം ഗര്‍ഭമുണ്ടെന്ന് തോന്നിപ്പോകും. അരയ്ക്ക് കീഴേ മാത്രം മറയ്ക്കുന്ന രീതിയില്‍ ഒരു തോര്‍ത്ത് ഈറനണിഞ്ഞുകൊണ്ട്, തിരിഞ്ഞുനിന്നാല്‍ ചെറുപ്പകാലത്തെ ജയഭാരതിയോ എന്നു നമുക്ക് സംശയം തോന്നുന്ന പോലുള്ള അരക്കെട്ടുള്ള ഈ തന്ത്രിമാര് അവരുടെ ദുര്‍മേദസ്സ് പൊതുദര്‍ശനത്തിനായി ക്ഷേത്രത്തിനകത്ത് മുഴുവന്‍ ഉരുട്ടികൊണ്ടു നടക്കുന്ന ഒരു കാഴ്ച്ചയുണ്ട്. ഇത് കണ്ടാല്‍ ഹിന്ദുമതല്ല പുരുഷശരീരം തന്നെ വെറുത്ത് പോവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments