India

സഹകരണ ബാങ്ക് ഹർജി : കേന്ദ്രത്തിന് തിരിച്ചടി

ന്യൂ ഡൽഹി : നോട്ട് മാറ്റവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സഹകരണബാങ്കുകളോടു കാണിക്കുന്ന വിവേചനം തെറ്റെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കിങ് ഇടപാടുകള്‍ നടത്താന്‍ അനുവദിക്കാത്തതിന് എതിരെ സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം വ്യക്തമാക്കിയത്. വിവേചനം ഒരിക്കലും അംഗീകരിക്കാൻ ആകില്ല. വ്യവസ്ഥകളോടെ സഹകരണബാങ്കുകള്‍ക്ക് നിക്ഷേപം സ്വീകരിക്കുന്നത് അനുവദിച്ചുകൂടേയെന്നും, നോട്ട് നിരോധനമല്ല, ബുദ്ധിപരമായ നിയന്ത്രണമാണ് ആവശ്യമെന്നും കോടതി പറഞ്ഞു.

കേരളത്തിന് പുറമെ, മഹാരാഷ്ട്ര, തമിഴ്‌നാട്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഹകരണബാങ്കുകളും സമര്‍പ്പിച്ച ഹര്‍ജി കോടതി ഒരുമിച്ചാണ് പരിഗണിച്ചത്.

നോട്ട് പരിഷ്‌കരണത്തെത്തുടര്‍ന്ന് ബാങ്കുകളിലും എടിഎമ്മുകളിലും ഒരാള്‍ക്ക് പ്രതിദിനം പിന്‍വലിക്കാവുന്ന തുക 24,000 രൂപയായി നിജപ്പെടുത്തിയെങ്കിലും, ഈ തുകയും പലയിടത്തും ലഭിക്കുന്നില്ലെന്നും, നിക്ഷേപകര്‍ക്ക് പണം തിരിച്ചെടുക്കാന്‍ അനുവാദമില്ലാത്തത് ഭരണഘടനാ ലംഘനമാണെന്നും സഹകരണബാങ്കുകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

ബാങ്കുകളില്‍ ആവശ്യത്തിന് പണമില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വാദിച്ചു. അതിനാല്‍ ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് 24,000 ന് പകരം പരമാവധി എത്ര തുക ലഭ്യമാക്കാനാകുമെന്ന് നിശ്ചയിക്കണമെന്നും , ഈ തുക രാജ്യത്തെ എല്ലാ ബാങ്കുകളിലും എടിഎമ്മുകളിലും നിന്നും നിക്ഷേപകര്‍ക്ക് പിന്‍വലിക്കാന്‍ ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജി ഡിസംബര്‍ 14 ന് വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button