
ന്യൂഡല്‍ഹി: സുപ്രീംകോടതിക്കുള്ളില്‍ ബഹളംവെച്ച അഭിഭാഷകരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍. കോടതിക്കുള്ളില്‍ ചേരിതിരിഞ്ഞ് ബഹളംവെച്ചതിനെയാണ് ഠാക്കൂര്‍ വിമര്‍ശിച്ചത്. കേസ് വാദിക്കുമ്പോള്‍ മുതിര്‍ന്ന അഭിഭാഷകരെ ജൂനിയര്‍ അഭിഭാഷകര്‍ തടസപ്പെടുത്തുകയായിരുന്നു.
കോടതിയെ ഒരു മീന്‍ചന്തയാക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധന ഹര്‍ജി പരിഗണിക്കവെയാണ് സംഭവം. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത പ്രശ്‌നത്തില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി കേന്ദ്രസര്‍ക്കാര്‍ നിലപാട് വിശദീകരിക്കുമ്പോഴാണ് യുവ അഭിഭാഷകര്‍ കോടതിക്കുള്ളില്‍ ബഹളം വെച്ചത്.
കോടതിയില്‍ വാദിക്കേണ്ട രീതി ഇതല്ലെന്നും നിങ്ങളെല്ലാവരും ചേര്‍ന്ന് ഇതിനെയൊരു മീന്‍ ചന്തയാക്കരുതെന്നും ജസ്റ്റിസ് പറഞ്ഞു. കപില്‍ സിബലിനെപ്പോലുള്ള മുതിര്‍ന്ന അഭിഭാഷകരെ സംസാരിക്കാന്‍ പോലും നിങ്ങള്‍ അനുവദിക്കുന്നില്ല. ഇത് നിര്‍ഭാഗ്യകരമാണെന്ന് ഠാക്കൂര്‍ പറഞ്ഞു. ജഡ്ജിയെന്ന നിലയില്‍ തന്റെ 23 വര്‍ഷത്തെ സേവനത്തിനിടയില്‍ ഇങ്ങനെയൊരു അനുഭവം ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments