Kerala

ആനകളെ ആകര്‍ഷിക്കുന്നു: ശബരിമലയിലെത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി

പമ്പ ● പെര്‍മിറ്റ് ഇല്ലാതെ തീര്‍ഥാടകരുമായി ശബരിമലയിലെത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ മോട്ടോര്‍ വാഹന അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. വാഴക്കുലയും തേങ്ങയും വച്ച് അലങ്കരിച്ചുവരുന്ന ഓട്ടോറിക്ഷകള്‍ ആനകളെ ആകര്‍ഷിക്കുകയും ഇത് അപകടത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.

പമ്പയില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം. തീര്‍ഥാടകരുമായി എത്തുന്ന ഓട്ടോറിക്ഷകളുടെ നമ്പര്‍ രേഖപ്പെടുത്തിയശേഷം ബന്ധപ്പെട്ട ജില്ലയിലെ ആര്‍.ടി ഓഫീസുകള്‍ക്ക് ഇത് കൈമാറും. അതതു ജില്ലകളിലായിരിക്കും നടപടികള്‍ സ്വീകരിക്കുക. തുടക്കത്തില്‍ പിഴ ഈടാക്കാനാണ് നിര്‍ദേശം. ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതു സംബന്ധിച്ച് സംസ്ഥാനത്തെ ആര്‍.ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രചാരണം നല്‍കണം.

ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റില്ലാതെ വരുന്നവര്‍ക്കെതിരെയും നടപടിയുണ്ടാവും. തീര്‍ഥാടകരുമായി കൂടുതല്‍ ഓട്ടോറിക്ഷകള്‍ എത്തുന്നത് കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷകള്‍ ശബരിമലയില്‍ അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. ശബരിമല സേഫ്‌സോണിന്റെ പ്രവര്‍ത്തനം മന്ത്രി വിലയിരുത്തി. തീര്‍ഥാടകരുടെ വാഹനങ്ങള്‍ പുറപ്പെടുന്ന സ്ഥലത്ത് ഫിറ്റ്‌നസ് പരിശോധിക്കുന്നത് പരിഗണിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് സൈ്വപ്പിംഗ് മെഷീന്‍ ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി ബസ് ടിക്കറ്റ് എടുക്കുന്നതിനുള്ള സംവിധാനം ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് ഒരുക്കും. ഇതിനായി കെ.എസ്.ആര്‍.ടി.സിയും ഫെഡറല്‍ ബാങ്കും കരാറായി. തീര്‍ഥാടന പാതയില്‍ ഒരു ഫോണ്‍ കോളില്‍ ആംബുലന്‍സ് സേവനം ലഭിക്കുന്നതിനുള്ള സംവിധാനം പരിഗണിക്കണമെന്ന് മന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രികളുടെ ആംബുലന്‍സ് സേവനവും പ്രയോജനപ്പെടുത്തണം. ശബരിമല മേഖലയില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം. രാത്രി കാലങ്ങളില്‍ അപകടം ഒഴിവാക്കുന്നതിന് തീര്‍ഥാടക വാഹനങ്ങളില്‍ ചുക്കുകാപ്പി നല്‍കുന്നതിന് കുടുംബശ്രീയുടേയും അയ്യപ്പസേവാ സംഘത്തിന്റെയും സേവനം പ്രയോജനപ്പെടുത്തുന്നതു പരിശോധിക്കണം. ഇക്കൊല്ലത്തെ തീര്‍ഥാടന കാലയളവില്‍ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ധിച്ചിട്ടുണ്ട്. 70 ജന്റം ബസുകള്‍, 57 ഫാസ്റ്റ്/സൂപ്പര്‍ ഫാസ്റ്റ്, അഞ്ച് എ.സി, 15 ശബരി ബസുകളാണ് ഇത്തവണ സര്‍വീസ് നടത്തുന്നത്. ഇതിനു പുറമേ നിലയ്ക്കല്‍ പമ്പ റൂട്ടില്‍ പ്രതിദിനം 648 സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി നടത്തുന്നു. ഇതുവരെ 982514 യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സിയുടെ സേവനം പ്രയോജനപ്പെടുത്തി. യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, എഡിഎം അനു എസ്.നായര്‍, പമ്പ പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എ.ആര്‍ പ്രേംകുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button