International

മലയാളികള്‍ ഐഎസിനെ പിന്തുണയ്ക്കുന്നു; ലോക ഭീകരവാദ ഭൂപടത്തില്‍ കേരളത്തിനും സ്ഥാനം

ലണ്ടന്‍: ഐഎസിന്റെ ലോക ഭീകരവാദ ഭൂപടത്തില്‍ ഇനി സിറിയയ്ക്കും ഇറാഖിനുമൊപ്പം കേരളത്തിനും സ്ഥാനം. ഗാര്‍ഡിയന്‍ പത്രമാണ് ഞെട്ടിപ്പിക്കുന്ന വസ്തുത വെളിപ്പെടുത്തിയത്. ഐഎസിനെ അനുകൂലിച്ചവരെയും റിക്രൂട്ട് ചെയ്തവരെയും ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത വാര്‍ത്ത മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.

ഐഎസിനെ പിന്തുണയ്ക്കുന്ന മലയാളികള്‍ ഉണ്ടെന്ന് വിശ്വസിക്കാന്‍ പലര്‍ക്കും സാധിക്കാതെ വരാം. എന്നാല്‍, മലയാളി യുവാക്കളും ഐഎസ്ിനെ പിന്തുണയ്ക്കുകയും തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെന്ന വാര്‍ത്ത ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന വിവരം നേരത്തെ തന്നെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു.

തങ്ങളുടെ വേരുറപ്പിക്കാന്‍ ഐഎസ് തിരഞ്ഞെടുത്ത പ്രദേശങ്ങളിലൊന്നാണ് കേരളം. മലയാളികളെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ തീവ്രവാദികള്‍ പല പദ്ധതികളും നടത്തുന്നുണ്ട്. കഴിഞ്ഞ ജൂണില്‍ മതപഠനത്തിനും ശ്രീലങ്കയില്‍ ബിസിനസ് ആവശ്യത്തിനുമായി പോകുന്നുവെന്ന് പറഞ്ഞു കുടുംബത്തോടൊപ്പം വീടു വിട്ടുപോയവരുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാസര്‍ഗോഡ് നിന്നും പാലക്കാട് നിന്നും ഇതുപോലെ കാണാതായവരുണ്ട്. ഇവര്‍ ഐഎസില്‍ ചേര്‍ന്നെന്നുള്ള ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഇവരുടെ ഫോണ്‍ സന്ദേശങ്ങളും മറ്റും അതാണ് വ്യക്തമാക്കുന്നത്. മതപരമായി കൃത്യനിഷ്ഠത പുലര്‍ത്തുന്നവരാണ് നാട് വിട്ട എല്ലാവരും. കാസര്‍കോട് സ്വദേശിയായ ഹഫീസുദ്ധീന്‍ ഹക്കീം ശ്രീലങ്കയിലേക്ക് മതപഠനത്തിനെന്ന് പറഞ്ഞാണ് പോയത്.

മുന്‍പ് പല മോശ സ്വഭാവങ്ങളും കാണിച്ചിരുന്ന ഹഫീസുദ്ധീന്‍ കുറച്ച് കാലം ദുബായിലായിരുന്നു. പിന്നീട് തിരിച്ച് നാട്ടിലെത്തിയ ശേഷം അവന്റെ കൂട്ടുകെട്ടു മാറി. സലഫി മുസ്ലിം പ്രത്യയശാസ്ത്രം പിന്‍പറ്റുന്ന പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലായിരുന്നു പിന്നീട് ജോലി ചെയ്തതെന്നും ഹഫീസുദ്ധീന്റെ അമ്മാവന്‍ പറയുന്നു. എന്നാല്‍, ഇയാള്‍ ഇവിടെ ജോലി ചെയ്തിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയത്. ഹഫീസ് താടി നീട്ടി വളര്‍ത്താന്‍ തുടങ്ങി.

വീട്ടിലെ ടിവി കേബിള്‍ മുറിച്ചു കളഞ്ഞു. പെട്ടെന്നൊരു ദിവസം വാഹനം ഓടിക്കുന്നതും നിര്‍ത്തി. ലോണിന് എടുത്ത കാര്‍ ഓടിക്കുന്നത് ഹറാം ആണെന്ന് പറഞ്ഞായിരുന്നു ഹഫീസ് കാര്‍ ഓടിക്കുന്നത് നിര്‍ത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു. ഇങ്ങനെ ഒട്ടേറെ പേരുടെ ജീവിത രീതികള്‍ മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴിയാണ് ഐഎസ് കേരളത്തിലേക്ക് ആദ്യം നുഴഞ്ഞു കയറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button