മലപ്പുറം● ചരിത്ര വിജയമായി മാറിയ നൂറുല്‍ ഹുദ സമ്മേളനത്തിന്റെ അലയൊലികള്‍ അവസാനിക്കും മുമ്പെ അടുത്ത പരിപാടിയും പ്രഖ്യാപിച്ച് മലപ്പുറം ജില്ലയിലെ ബിജെപി നേതൃത്വം രാഷ്ട്രീയ എതിരാളികളെ പോലും ഞെട്ടിച്ചു. ജില്ല കണ്ട ഏറ്റവും വലിയ ക്രിസ്തുമസ് ആഘോഷത്തിനാണ് പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടി തയ്യാറെടുക്കുന്നത്.
ഡിസംബര്‍ 21 ബുധനാഴ്ച വൈകുന്നേരം 4 മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കുടിയേറ്റ ക്രൈസ്തവര്‍ ഏറെയുള്ള നിലമ്പൂരിലാണ് പാര്‍ട്ടിയുടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ അരങ്ങേറുന്നത്. പുല്‍ക്കൂട് ഒരുക്കിയും കരോള്‍ ഗാനങ്ങള്‍ ആലപിച്ചും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷത്തില്‍ പങ്കുചേരും. ജില്ലയിലെ മുസ്ളീം – ക്രിസ്ത്യന്‍ ജനതയുടെ എല്ലാ ആഘോഷങ്ങളിലും ബിജെപി സജീവമാണ്. മുമ്പ് പാര്‍ട്ടി നടത്തിയ ഇഫ്താര്‍ വിരുന്നും ഏറെ ശ്രദ്ധേയമായിരുന്നു. ജില്ലയില് ക്രൈസ്തവര്‍ ന്യൂനപക്ഷമാണെങ്കിലും യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും അടക്കമുള്ള ബിജെപിയുടെ പോഷക സംഘടനകളില്‍ സുപ്രധാന സ്ഥാനങ്ങള്‍ തന്നെ നല്‍കി പ്രത്യേക പരിഗണനയാണ് പാര്‍ട്ടി ക്രൈസ്തവര്‍ക്കും കൊടുക്കുന്നത്.
മുസ്ളീങ്ങളുടെ പാര്‍ട്ടിയെന്ന് ഊറ്റം കൊള്ളുന്ന ലീഗിനും ക്രൈസ്തവരുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന കേരള കോണ്‍ഗ്രസിനും നല്‍കാന്‍ കഴിയാത്ത കരുതല്‍ ബിജെപി നല്‍കുന്നുണ്ടെന്നാണ് മലപ്പുറത്തുകാരുടെ അടക്കം പറച്ചില്‍. എന്തായാലും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ച് ബിജെപി ഒരു പടി കൂടി മുന്നോട്ട് പോയിരിക്കുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രനും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പി ആര്‍ രശ്മില്‍ നാഥിനും ഒപ്പം ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫും നേരിട്ടാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. വന്‍ വിജയമായി മാറിയ നൂറുല്‍ ഹുദയുടെ ജനറല്‍ കണ്‍വീനര്‍ രഞ്ജിത്ത് എബ്രഹാം തോമസിനാണ് ക്രിസ്തുമസ് ആഘോഷങ്ങളുടെയും നടത്തിപ്പ് ചുമതല.
Post Your Comments