India

നോട്ട് നിരോധനം : റഷ്യ പ്രതിഷേധം അറിയിച്ചു

ന്യൂഡല്‍ഹി ● നോട്ട് അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്കെതിരെ നയതന്ത്ര പ്രതിഷേധവുമായി റഷ്യ. ഡല്‍ഹിയിലെ റഷ്യന്‍ എംബസിയിലെ നയതന്ത്രഞ്ജര്‍ പണമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. നോട്ടുനിരോധനം റഷ്യന്‍ എംബസിയുടെ പ്രവര്‍ത്തനം അവതാളത്തിലാക്കിയതായും ഡിസംബര്‍ 2 ന് ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ അലക്സാണ്ടര്‍ കദാക്കിന്‍ വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തില്‍ പറഞ്ഞു.

50,000 രൂപ മാത്രമായി പിന്‍വലിക്കാന്‍ പരിധിവെച്ചതാണ് റഷ്യയുടെ എതിര്‍പ്പിന് കാരണം. കത്തിന് ഈ ആഴ്ച മറുപടി ലഭിച്ചില്ലെങ്കില്‍ ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കാനാണ് റഷ്യ ആലോചിക്കുന്നുണ്ട്.

ഇന്ത്യന്‍ സര്‍ക്കാര്‍ വച്ച പണം പിന്‍വലിക്കല്‍ പരിധി “മാന്യമായൊരു അത്താഴത്തിന്” പോലും തികയില്ലെന്നും എംബസിയുടെ പ്രവര്‍ത്തന ചെലവിന് ഈ തുക അപര്യാപ്തമാണെന്നും കദാക്കിന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഇത്രയും വലിയൊരു എംബസി എങ്ങനെ പണമില്ലാതെ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര പ്രമാണങ്ങളുടെ ലംഘനമാണെന്നും റഷ്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഏകദേശം 200 ഓളം പേരാണ് ഡല്‍ഹിയിലെ റഷ്യന്‍ എംബസിയില്‍ ജോലി ചെയ്യുന്നത്.

അതേസമയം, വിദേശകാര്യ മന്ത്രലയാളം ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിദേശ എംബസികളും എന്‍.ആര്‍.ഐകളും നേരിടുന്ന പ്രശ്നം പരിഹരിക്കാന്‍ അന്തര്‍-മന്ത്രാലയതല ദൗത്യസേന രൂപീകരിക്കാന്‍ നിര്‍ദ്ദേശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button