ചെന്നൈ : രാഷ്ട്രീയ പ്രതിസന്ധി ഘട്ടങ്ങളില്‍ കരുത്ത് തേടി ജയലളിത പല ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയിരുന്നെങ്കിലും ഇഷ്ട ക്ഷേത്രങ്ങളിലൊന്നായിരുന്നു കണ്ണൂര്‍ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രം. 2001ല്‍ ഇവിടെ നേരിട്ടെത്തിയ ജയലളിത, പിന്നീടൊരിക്കലും നേരിട്ടെത്താനായില്ലെങ്കിലും എല്ലാ മാസങ്ങളിലും അമ്മയെന്ന പേരില്‍ ദൂതന്മാര്‍ വഴി ക്ഷേത്രവുമായുള്ള ബന്ധം നിലനിര്‍ത്തി.
2001ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കപ്പെട്ട് പത്രിക നല്‍കാന്‍ പോലുമായില്ലെങ്കിലും, പാര്‍ട്ടി ഉജ്വല വിജയം നേടി താന്‍ അപ്രതീക്ഷിതമായി മുഖ്യമന്ത്രി പദത്തിലെത്തിയ സമയത്തായിരുന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ജയലളിതയുടെ സന്ദര്‍ശനം. കേവലം നാല് മാസക്കാലത്തെ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് രാഷ്ട്രീയ എതിരാളിയും മുന്‍മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയെ അറസ്റ്റ് ചെയ്തതടക്കമുള്ള നടപടികള്‍ക്കും വിവാദങ്ങള്‍ക്കുമിടെയായിരുന്നു ജൂലൈ മാസത്തില്‍ അവര്‍ ഇവിടെ നേരിട്ടെത്തിയത്.
ജ്യോത്സ്യന്റെ നിര്‍ദേശ പ്രകാരമായിരുന്നു കേരളത്തില്‍ തെരഞ്ഞെടുത്ത ക്ഷേത്രങ്ങളിലെ പ്രത്യേക വഴിപാടുകള്‍. ദിവസങ്ങള്‍ക്കകം കോടതി വിധിയിലൂടെ അധികാരം നഷ്ടപ്പെട്ടതും, നിഴല്‍ പോലെയുണ്ടായിരുന്ന തോഴി ശശികലയെ പിന്നീട് പുറത്താക്കിയതും, അഴിമതിക്കേസുകളിലെ നടപടിയുമെല്ലാം വന്നു പോയി. പക്ഷെ ഈ ക്ഷേത്രവുമായുള്ള ബന്ധം ഇവിടുത്തെ പ്രധാന വഴിപാടായ പൊന്നിന്‍കുടം സമര്‍പ്പണത്തിലൂടെ ജയലളിത മുടങ്ങാതെ നിലനിര്‍ത്തി.
Post Your Comments