ചെന്നൈ: മരിക്കുന്നതിനുമുന്‍പ് ആളുകളെ കൊല്ലുന്ന പരിപാടി സോഷ്യല്‍ മീഡിയകള്‍ക്കായിരുന്നു. എന്നാല്‍ ഇത്തവണ ദേശീയ മാധ്യമങ്ങളാണ് ജയലളിത മരിച്ചുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഇതേറ്റുപിടിച്ച് ആളുകള്‍ ജയലളിത വിടവാങ്ങി എന്നുള്ള പോസ്റ്റുകളിട്ടു. ഇതിനിടയിലാണ് അപ്പോളോ ആശുപത്രി മരിച്ചിട്ടില്ലെന്ന വിശദീകരണവുമായി ട്വീറ്റ് ഇട്ടത്.
എന്നാല്‍, അപ്പോഴും വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് സോഷ്യല്‍മീഡിയക്കാരാണെന്ന് പറഞ്ഞു. വാര്‍ത്ത പുറത്തുവിട്ടത് ജയലളിതയുടെ നാട്ടിലെ ചാനലുകള്‍ തന്നെയാണ്. അതിലേറെ രസം ജയലളിതയുടെ സ്വന്തം ചാനലായ ജയ ടിവിയും ബ്രേക്കിങ് ന്യൂസായി വാര്‍ത്ത പുറത്തുവിട്ടു എന്നതാണ്. സെല്‍വി ജയലളിത മരണപ്പെട്ടുവെന്നാണ് ജയ ടിവി നല്‍കിയ വാര്‍ത്ത.
അപ്പോളോ ആശുപത്രിയുടെ ട്വീറ്റ് വന്നതോടെ ജയ ടിവി വാര്‍ത്ത പിന്‍വലിച്ചു. അതേസമയം, തങ്ങള്‍ അങ്ങനെയൊരു വാര്‍ത്ത കൊടുത്തിട്ടേയില്ലെന്നാണ് ജയ ടിവി പറഞ്ഞത്. ജയലളിതയുടെ സ്വന്തം ചാനലില്‍ വരെ വാര്‍ത്ത വന്നതോടെയാണ് ജനങ്ങള്‍ വിശ്വസിച്ചു തുടങ്ങിയത്. മരണ വാര്‍ത്ത തങ്ങള്‍ കൊടുത്തിട്ടില്ലെന്ന് പറഞ്ഞ ജയ ടിവിയുടെ മുഖം സോഷ്യല്‍ മീഡിയ വലിച്ചൊട്ടിച്ചുവെന്ന് തന്നെ പറയാം. ജയ ടിവിയുടെ സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്താണ് സോഷ്യല്‍മീഡിയ ഇത് തെളിയിച്ചത്.
Post Your Comments