Kerala

തോമസ് ഐസക് കേരളത്തോട് മാപ്പ് പറയണം : പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം : സഹകരണ മേഖലയില്‍ പ്രതിസന്ധി ആരോപിച്ച് 22 ദിവസം കാത്തിരുന്നതില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്. ഇതേപ്പറ്റി അന്വേഷണം വേണം. കേന്ദ്ര നിര്‍ദേശം അനുസരിക്കാമെന്നു തീരുമാനമെടുക്കാന്‍ മന്ത്രിസഭാ യോഗത്തിന് 24 മണിക്കൂര്‍ മാത്രം മതിയായിരുന്നു. എന്നാല്‍ സഹകാരികളിലും സാധാരണക്കാരിലും ഭീതി പരത്താനാണ് ധനമന്ത്രി തോമസ് ഐസക്ക് മുന്‍കൈ എടുത്തു. അവരെ തെറ്റിദ്ധരിപ്പിച്ച് ഹര്‍ത്താല്‍ നടത്തിയതിന് ഐസക് കേരളത്തോട് മാപ്പ് പറയണമെന്നും കൃഷ്ണദാസ് മാധ്യമങ്ങളോടു പറഞ്ഞു.

സമാന്തര സമ്പദ് വ്യവസ്ഥയുടെ വക്താവും സംരക്ഷകനുമായി തോമസ് ഐസക്ക് മാറി. അദ്ദേഹത്തെപ്പറ്റി മുഖ്യമന്ത്രി വീണ്ടുവിചാരം നടത്തണം. മറ്റു സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗ്യതയെ പരിഹസിക്കുകയാണ് തോമസ് ഐസക്ക്. എന്നാല്‍ അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ പ്രായോഗികമായി തീരുമാനമെടുത്ത് ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിച്ചിട്ടുണ്ട്. എന്നാല്‍ കേരള ധനമന്ത്രി നീണ്ട ക്യൂ ഉള്ള എടിഎമ്മുകള്‍ തേടിപ്പിടിച്ചു സന്ദര്‍ശിക്കുകയാണ്. ക്യൂ കണ്ട് പൊട്ടിച്ചിരിക്കുന്നതാണോ ധനമന്ത്രിയുടെ ചുമതലയെന്നും കൃഷ്ണദാസ് ചോദിച്ചു. എന്തുകൊണ്ടു കലാപം ഉണ്ടാകുന്നില്ല എന്ന് ആവര്‍ത്തിച്ചു ചോദിച്ച് ജനങ്ങളെ കേന്ദ്ര സര്‍ക്കാരിനെതിരെ തിരിച്ചുവിടാനാണ് തോമസ് ഐസക്ക് ശ്രമിക്കുന്നത്. ഇത് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടാണോ എന്നു പാര്‍ട്ടി വിശദീകരിക്കണം.
സിപിഎം ഭരിക്കുന്ന ത്രിപുരയില്‍ എന്തുകൊണ്ടാണ് ഐസക്ക് പറയുന്ന പ്രതിസന്ധി ഉണ്ടാകാത്തത്?. അവര്‍ക്ക് ഐസക്കിന്റെ നിലപാട് അല്ല ഉള്ളത്. കള്ളപ്പണക്കാര്‍ക്കു വേണ്ടി വിടുപണി ചെയ്യുന്ന ഐസക്കിന്റെ കൈകളില്‍ ഖജനാവ് സുരക്ഷിതമല്ല. സമനില തെറ്റിയതു പോലെ പെരുമാറുന്ന ഐസക്കില്‍ നിന്ന് ധനവകുപ്പ് എടുത്തുമാറ്റാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.

അര്‍ഥശാസ്ത്ര വിശാരദനെന്നു സ്വയം അവകാശപ്പെടുന്ന തോമസ് ഐസക്ക് പരസ്പര വിരുദ്ധമായും അടിസ്ഥാന രഹിതവുമായാണ് സംസാരിക്കുന്നത്. പിന്‍വലിക്കപ്പെട്ട കറന്‍സിയുടെ 90 ശതമാനവും തിരികെയെത്തിയെന്ന ഐസക്കിന്റെ പ്രസ്താവന ശരിയല്ല. മുഴുവന്‍ പണവും തിരികയെത്തിയാലും അതെല്ലാം വെള്ളപ്പണമാണെന്നു പറയാനാവില്ല. ഭാവിയില്‍ നടത്തുന്ന പരിശോധന കൊണ്ടേ അതു പറയാനാവൂ. പരിഷ്‌കരണം കൊണ്ട് നഷ്ടമല്ലാതെ ലാഭമൊന്നും ഉണ്ടാകില്ലെന്നാണ് ഐസക്ക് പറയുന്നത്. എന്നാല്‍ 2.5 ലക്ഷം കോടിയെങ്കിലും കേന്ദ്രത്തിനു ലാഭമുണ്ടാകുമെന്ന് പിന്നീട് പ്രസ്താവന തിരുത്തി. ഇതില്‍നിന്നു കേരളത്തിനു വിഹിതം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത് നോക്കുകൂലി ചോദിക്കുന്നതിന് തുല്യമാണ്. ശമ്പള വിതരണത്തെപ്പറ്റിയും ഐസക്ക് തെറ്റിദ്ധാരണ പരത്തി. ട്രഷറികളുടെ പേരില്‍ കരുതല്‍ധനം സംഭരിക്കാനാണ് ഐസക്കിന്റെ ശ്രമം. കഴിഞ്ഞ മാസം ആദ്യ ദിനങ്ങളില്‍ ആവശ്യമായി വന്നതിനേക്കാള്‍ അധികമാണ് ധനമന്ത്രി ആവശ്യപ്പെട്ടത്. ഇപ്പോള്‍ അടുത്ത മാസത്തെ ശമ്പളം മുടങ്ങുമെന്നാണ് ഐസക്കിന്റെ കണ്ടെത്തല്‍. ഇത്തരത്തില്‍ പരസ്പര വിരുദ്ധമായാണ് അദ്ദേഹം സംസാരിക്കുന്നതെന്നും കൃഷ്ണദാസ് മാധ്യമങ്ങളോടു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button