KeralaNews

ബള്‍ഗേറിയയില്‍ നിന്ന് കൊച്ചിയിലെത്തിയത് കോടികളുടെ കളളപ്പണം; ഇടപാട് നടക്കാത്ത ഇറക്കുമതിയുടെ പേരിൽ

കൊച്ചി: കയറ്റുമതിയുടെ മറവില്‍ കൊച്ചിയിലെ കയറ്റുമതി വ്യവസായിയുടെ അക്കൗണ്ടിലേക്ക് ബള്‍ഗേറിയയില്‍ നിന്ന് കോടികളുടെ കളളപ്പണം എത്തിയതായി സംശയം. കൊച്ചി എളമക്കര സ്വദേശി ജോസ് ജോര്‍ജിന്റെ അക്കൗണ്ടിലേക്ക് 59 കോടി എത്തിയെന്ന് എന്‍ഫോഴ്സ്മെന്റ്. നടക്കാത്ത ഇറക്കുമതിയുടെ പേരില്‍ സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്ക് ബള്‍ഗേറിയയില്‍നിന്ന് പണമെത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് നടപടി തുടങ്ങി. അക്കൗണ്ടിലെത്തിയതില്‍ നിന്ന് വന്‍തുക കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റിയതാണ് സംശയത്തിന് ഇടയാക്കിയത്. ആദ്യപടിയായി എന്‍ഫോഴ്സ്മെന്റ് വിഭാഗം നല്‍കിയ പരാതിയില്‍ തോപ്പുംപടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എറണാകുളം ഏലൂര്‍ സ്വദേശി ജോസ് ജോര്‍ജിനെ പ്രതിയാക്കിയാണ് കേസ്.

ജൂലായിലാണ് ബള്‍ഗേറിയയിലെ ‘സ്വസ്ത ഡി’ എന്ന കമ്പനിയില്‍ നിന്ന് കൊച്ചി വെല്ലിങ്ടണിലുള്ള എസ്.ബി.ഐ അക്കൗണ്ടിലേക്ക് പണമെത്തിയത്. പണമെത്തി 15 ദിവസത്തിനുള്ളില്‍ തന്നെ 29.5 കോടിയോളം രൂപ പിന്‍വലിക്കുകയും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. പണമെത്തിയതിന് പിന്നാലെയുണ്ടായ അസാധാരണ ഇടപാടുകള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണോ എന്ന സംശയിക്കുന്നു. ലഭിച്ച പണത്തിന്റെ കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇയാളുടെയും മറ്റ് ബന്ധുക്കളുടെയും അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു.

പണത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ച ബാങ്ക് അധികൃതരോട്, ബള്‍ഗേറിയന്‍ കമ്പനിയില്‍ നിന്നുള്ള ഭക്ഷ്യ എണ്ണ ഇറക്കുമതിയുടെ ആവശ്യത്തിലേക്ക് എന്നാണ് ജോസ് ജോര്‍ജ് മറുപടി നല്‍കിയത്. എന്നാല്‍ ഇറക്കുമതിയുടെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ കഴിഞ്ഞില്ല. ഇയാള്‍ സമര്‍പ്പിച്ച രേഖയിലെ സീലുകളടക്കം മുഴുവനും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുള്ള ആരുടേയൊ പണം വ്യാജ കയറ്റുമതി ഇടപാട് നടത്തി രാജ്യത്തേക്ക് എത്തിക്കുകയായിരുന്നു എന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button