International

കുട്ടികള്‍ക്കുള്ള സമാധാന പുരസ്‌കാരം ഇന്ത്യന്‍ പെണ്‍കുട്ടിയ്ക്ക്

ഹേഗ് : കുട്ടികള്‍ക്കുള്ള സമാധാന പുരസ്‌കാരം ഇന്ത്യന്‍ പെണ്‍കുട്ടിയ്ക്ക്. കേകഷന്‍ ബസുവിനാണ് പുരസ്‌കാരം ലഭിച്ചത്. ഹേഗില്‍ നടന്ന ചടങ്ങില്‍ ബംഗ്ലാദേശില്‍ നിന്നുള്ള നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂണുസ് കേകഷന്‍ ബസുവിന് സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ നീതിക്കും വേണ്ടി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടി ഈ വര്‍ഷത്തെ കുട്ടികള്‍ക്കുള്ള സമാധാന പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

ഇത്തരമൊരു അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷവതിയാണെന്ന് ബസു പറഞ്ഞു. സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കാന്‍ കൂടുതല്‍ ബോധവത്കരണ പരിപാടികളുമായി മുന്നോട്ട് പോകാന്‍ ഊര്‍ജം നല്‍കുന്നതാണ് ഈ പുരസ്‌കാരം. സമയം നമുക്ക് വേണ്ടി കാത്തുനില്‍ക്കില്ല. അതിനാല്‍ തന്നെ ഇപ്പോള്‍ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങണം- ബസു പറഞ്ഞു. തനിക്ക് എട്ട് വയസുള്ളപ്പോഴാണ് ബസു, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് അയല്‍ക്കാരെ ബോധവത്കരിച്ചു തുടങ്ങിയത്.

പരിസ്ഥിതി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ചു വയസിന് താഴെയുള്ള 30 ലക്ഷം കുട്ടികളാണ് ലോകത്താകമാനം മരിക്കുന്നതെന്ന് യൂണുസ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കേകഷന്‍ ബസുവിന്റെ പഠനം അടിയന്തരമായി പ്രാവര്‍ത്തികമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ വളരെ വലിയ ചലനം ഉണ്ടാക്കുന്ന ഒരു പഠനം ചെറുപ്പത്തിലേ തന്നെ ബസുവിന് നടത്താനായത് മഹത്തായ നേട്ടമാണെന്നും യൂണുസ് കൂട്ടിച്ചേര്‍ത്തു. സ്ഥായിയായ മനുഷ്യ ജീവിതത്തിന്, ആരോഗ്യകരമായ പരിസ്ഥിതി ഉണ്ടായിരിക്കേണ്ട ആവശ്യകതയിലേക്കാണ് ബസുവിന്റെ പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. അത്തരമൊരു പരിസ്ഥിതിക്കായി കൂട്ടുത്തരവാദിത്തോടെ പ്രവര്‍ത്തിക്കുക എന്ന സന്ദേശമാണ് ബസു നല്‍കുന്നതെന്നും യൂണുസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button