ഇസ്ലാമാബാദ്: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. പാക് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ ട്രംപ് നവാസ് ഷെരീഫ് വളരെ നല്ല പേരു കേട്ടയാളാണെന്നും പറഞ്ഞു. നവാസ് ഷെരീഫ് എല്ലാ അര്‍ത്ഥത്തിലും വളരെ നല്ല പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. നിങ്ങളെ എത്രയും പെട്ടെന്ന് നേരിട്ട് കാണാനാണ് താന്‍ ആലോചിക്കുന്നതെന്നും ട്രംപ് പറഞ്ഞതായി പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
വളരെ നാളായി പരിചയമുള്ള ഒരാളോട് സംസാരിക്കുന്നത് പോലെയാണ് നവാസ് ഷെരീഫിനോട് സംസാരിക്കുമ്പോള്‍ തനിക്ക് തോന്നുന്നതെന്നും ട്രംപ് പറഞ്ഞതായി പത്രക്കുറിപ്പില്‍ പറയുന്നു. പാകിസ്ഥാൻ വളരെയധികം അവസരങ്ങള്‍ക്ക് സാധ്യതയുള്ള രാജ്യമാണ്. ബുദ്ധിമാന്മാരായ ജനങ്ങളില്‍ പാകിസ്ഥാനികള്‍ മുന്നിലാണെന്നും ട്രംപ് ഷെരീഫിനോട് പറഞ്ഞു.
അതുപോലെ പാകിസ്ഥാന്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്ത് വേണമെങ്കിലും ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് ട്രംപ് പ്രകടിപ്പിച്ചതായും പാകിസ്ഥാന്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് ഷെരീഫ് ട്രംപിനെ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. വിശിഷ്ടരായ ജനങ്ങളുള്ള വിശിഷ്ടമായ രാജ്യത്തേക്ക് വരാന്‍ തനിക്ക് സന്തോഷം മാത്രമേ ഉള്ളുവെന്നാണ് ട്രംപ് പ്രതികരിച്ചതെന്നും പാകിസ്ഥാന്‍ പത്രക്കുറിപ്പില്‍ പറയുന്നു.
Post Your Comments