തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പള, പെന്ഷന് വിതരണത്തിനായി 1000 കോടി രൂപ ലഭ്യമാക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതായി ധനമന്ത്രി തോമസ് ഐസക്.
നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശമ്പളവിതരണം എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ ആര്‍ബിഐ ബാങ്ക് പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ശമ്പളവും പെന്‍ഷനുമായി വിതരണം ചെയ്യേണ്ട 2400 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതില്‍ 1200 കോടി ബാങ്കുവഴിയും 1200 കോടി ട്രഷറി വഴിയുമാണ് വിതരണം ചെയ്യേണ്ടത്.
എന്നാല്‍ 1200 കോടി നല്‍കാമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്. 1000 കോടി റിസര്‍വ്വ് ബാങ്കില്‍ നിന്നും ഇന്ന് ലഭ്യമാകും
ഇതില്‍ 500 കോടി ബാങ്കുകള്‍ക്കും 500 കോടി ട്രഷറിക്കുമാണ്. ബാക്കി 200 കോടി രണ്ടു ദിവസത്തിനുള്ളില്‍ എത്തിക്കാമെന്നുമാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്.
ശമ്പളം മുടങ്ങില്ലെന്നും നാളെത്തന്നെ എല്ലാവരുടേയും അക്കൗണ്ടുകളിലേക്ക് പണം മാറ്റുമെന്നും ധനമന്ത്രി വ്യക്തമാക്കി.
എന്നാല്‍ ശമ്പളത്തില്‍ നിന്ന് 24,000 രൂപ മാത്രമെ ഒരാഴ്ച പിന്‍വലിക്കാന്‍ സാധിക്കു.അതു തന്നെ 2000 ത്തിന്റേയും 500 ന്റേയും നോട്ടുകളായിരിക്കും.ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 ത്തില്‍ നിന്ന് കുറയ്ക്കാമോ എന്ന് റിസര്‍വ് ബാങ്ക് ചോദിച്ചുവെന്നും എന്നാല്‍ അക്കാര്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
ശമ്പളം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന് നിലവില്‍ ഒരു പ്രതിസന്ധിയുമില്ല. എല്ലാവരുടേയും ശമ്പളവും പെന്‍ഷനും അക്കൗണ്ടിലേക്ക് കൃത്യമായി കൊടുക്കും.
വിവിധ ബാങ്കുകളില്‍ നിന്ന് ഇന്നു തന്നെ പണം ട്രഷറികളിലേക്ക് മാറ്റും. അതിനുള്ള കാലതാമസം മാത്രമെ ഉണ്ടാകു. ആരും പരിഭ്രാന്തരായി പണം പിന്‍വലിക്കാന്‍ പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments