NewsIndia

മമതയെ വിമാനം തകര്‍ത്ത് വധിക്കാന്‍ ശ്രമം;വിമാനത്താവള അധികൃതരെ പ്രതിക്കൂട്ടിലാക്കി തൃണമൂല്‍

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വധിക്കാൻ ഗൂഢാലോചന നടക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് ബംഗാള്‍ നഗര വികസന മന്ത്രി ഫിറാദ് ഹക്കീമാണ്. മമതയുമായെത്തിയ വിമാനത്തിന് കൊല്‍ക്കത്തിയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള അനുമതി വൈകിപ്പിച്ചതാണ് ആരോപണത്തിന് കാരണം.

ബുധനാഴ്ച രാത്രി 7.30 ന് പട്‌നയില്‍ നിന്ന് പുറപ്പെട്ട വിമാനം 8.30 ന് കൊൽക്കത്തയില്‍ ഇറങ്ങേണ്ടതായിരുന്നു. വിമാനത്തില്‍ ഇന്ധനം കുറവാണെന്നും എത്രയും പെട്ടന്ന് ലാന്‍ഡിങ്ങിനുള്ള അനുമതി നൽകണമെന്നും പൈലറ്റ് അഭ്യര്‍ഥിച്ചെങ്കിലും അരമണിക്കൂർ പറന്നതിന് ശേഷമാണ് വിമാനത്തിന് ഇറങ്ങാൻ അനുമതി ലഭിച്ചത്.

ഇന്ധനം കുറവുള്ള വിമാനത്തിന്റെ ലാന്‍ഡിങ് വൈകിപ്പിച്ച എയര്‍ ട്രാഫിക് അധികൃതരുടെ നടപടി മമതയെ ഇല്ലാതാക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ഫിറാദ് ഹക്കീം പറയുന്നത്. അതേസമയം ഫിറാദ് ഹക്കീമിന്റെ ആരോപണങ്ങളെ വിമാനത്താവള അധികൃതര്‍ തള്ളി. ലാന്‍ഡിങ് അനുമതി വൈകിപ്പിച്ചത് സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്നും ഇത്തരം സംഭവങ്ങള്‍ രാജ്യത്തെ വിമാനത്താവളങ്ങളിൽ സംഭവിക്കാറുണ്ടെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് എയര്‍ ട്രാഫിക് കൺട്രോൾ അധികൃതർ പറയുന്നത്.

തൃണമൂൽ എംപി മുകുൾ റോയ് സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാർ വിമാനത്തിലുണ്ടെങ്കിൽ ആ വിമാനത്തിന് മുൻഗണന നൽകണമെന്ന് നിയമത്തിൽ കൃത്യമായി പറയുന്നുണ്ടെന്നും ഇക്കാര്യത്തെക്കുറിച്ച് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മറ്റിയും വ്യോമയാന മന്ത്രിയും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button