ന്യൂഡല്‍ഹി: അതി ശക്തമായ ചുഴലിക്കാറ്റ് കരയെ വിഴുങ്ങാനെത്തുന്നു. തമിഴ്നാട്ടില്‍ ശക്തമായ ചുഴലിക്കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡിസംബര്‍ രണ്ടോടെയാണ് ഭീമന്‍ ചുഴലിക്കാറ്റ് കരയിലേക്ക് ആഞ്ഞ് വീശുക. തമിഴ്നാട്ടിലെ വേദാരണ്യത്തിനും ചെന്നൈയ്ക്കും ഇടയില്‍ ചുഴലിക്കാറ്റ് വീശുമെന്നാണ് റിപ്പോര്‍ട്ട്.
തമിഴ്‌നാട്ടിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റം കേരളത്തെയും ബാധിക്കും. ഡിസംബര്‍ രണ്ട്, മൂന്ന് ദിവസങ്ങളില്‍ കേരളത്തിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റാണ് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സൈക്ലോണ്‍ വാര്‍ണിങ്ങ് ഡിവിഷന്റെ റിപ്പോര്‍ട്ട് പ്രകാരം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
ചെന്നൈയില്‍ നിന്നും 1070 കിലോമീറ്റര്‍ അകലെയുള്ള തെക്ക്-കിഴക്കന്‍ മേഖലയിലും, പുതുച്ചേരിയില്‍ നിന്നും 720 കിലോമീറ്റര്‍ അകലെ തെക്ക്-കിഴക്കുമായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ട് വരുന്നത്. ഒരു ദിവസത്തിനുള്ളില്‍ ഈ ന്യൂനമര്‍ദ്ദത്തിന്റെ ദിശ മാറാം. പശ്ചിമ ദിശയിലേക്ക് മാറി പിന്നീട് അത് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നാണ് പറയുന്നത്. ഇന്നുമുതല്‍ തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും തീരദേശ മേഖലയിലുള്ളവര്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശവും നല്‍കി.
Post Your Comments