KeralaNews

നോട്ട് പിൻവലിക്കൽ; ശമ്പളത്തിൽ അവ്യക്തത

തിരുവനന്തപുരം: പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് പുതിയതായി ഇറക്കിയ സര്‍ക്കുലറിനെച്ചൊല്ലി അവ്യക്തത തുടരുന്നു. നവംബര്‍ 29 മുതല്‍ അംഗീകൃത നോട്ടുകളില്‍ നിക്ഷേപിക്കുന്ന പണം നിയന്ത്രണമില്ലാതെ പിന്‍വലിക്കാമെന്നാണ് റിസര്‍വ് ബാങ്കിന്റെ തിങ്കളാഴ്ചത്തെ സര്‍ക്കുലറിൽ പറയുന്നത്. എന്നാൽ പണം ബാങ്ക് ശാഖകളില്‍ നിന്ന് പിന്‍വലിക്കാനാണ് ഇളവ് നൽകിയിട്ടുള്ളത്. എ.ടി.എമ്മില്‍ നിന്നുള്ളതിന് നിയന്ത്രണം തുടരും.

എന്നാല്‍, സംസ്ഥാനത്ത് ഇലക്ട്രോണിക് രീതിയിലാണ് ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ അക്കൗണ്ടുകളിലേക്ക് കൈമാറുന്നത്. ഈ പണം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആഴ്ചയില്‍ 24,000 രൂപയെന്ന നിയന്ത്രണമില്ലാതെ ട്രഷറിയിലും ബാങ്കുകളിലും നിന്ന് പിന്‍വലിക്കാനാവുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ആശയക്കുഴപ്പം നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് കത്തയച്ചു.

1200 കോടി രൂപയുടെ നോട്ടുകള്‍ മാസത്തിന്റെ ആദ്യദിവസങ്ങളില്‍ ട്രഷറിയില്‍ നിന്ന് ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാനായി ഉറപ്പാക്കണന്നും ആര്‍.ബി.ഐ. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പണം ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബാങ്കുകളില്‍ നോട്ടുക്ഷാമം രൂക്ഷമായി തുടരുന്നതിനാല്‍ ശമ്പളദിവസങ്ങളില്‍ എ.ടി.എമ്മുകളില്‍ പണം ലഭ്യമാകാതെ വരുമെന്ന ആശങ്കയുണ്ട്. ആവശ്യത്തിന് നോട്ടില്ലെന്ന കാര്യം ബാങ്കുകളും സ്ഥിരീകരിക്കുന്നുണ്ട്. കടുത്തസമ്മര്‍ദമാണ് ഇക്കാര്യത്തില്‍ ബാങ്കുകള്‍ നേരിടുന്നത്.

കൂടുതല്‍ ക്ഷാമം 500 രൂപയുടെ നോട്ടിനാണ്. പഴയ നോട്ടുകള്‍ പിന്‍വലിച്ചശേഷം ഇതുവരെയായി 150 കോടി രൂപയുടെ 500 രൂപാ നോട്ടുകളാണ് കേരളത്തിലാകെ വിതരണം ചെയ്തത്. ചെയ്തത്. ജീവനക്കാര്‍ ശമ്പളം പിന്‍വലിച്ചുതുടങ്ങുമ്പോള്‍ നോട്ടുക്ഷാമം ഇതിലും രൂക്ഷമാകുമെന്ന സാഹചര്യമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button