India

ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ ഫേയ്‌സ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ ഫേയ്‌സ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. അര്‍ച്ചന എന്ന ഇരുപത്തിയേഴുകാരിയുടെ ഫേയ്‌സ്ബുക് പോസ്റ്റ് ആണ് വൈറലാകുന്നത്. ഇതാണു ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം.

വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല ഞാന്‍ ശക്തയും ധൈര്യവതിയുമാണെന്ന്. ഒരു സൂചി കണ്ടാല്‍ പോലും പേടിക്കുന്നതായിരുന്നു പ്രകൃതം. ആശുപത്രികളില്‍ പോകുന്നത് എനിക്കു വെറുപ്പായിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഓപ്പറേഷന്‍ തിയറ്ററില്‍ കയറേണ്ടി വരുമെന്നും ഞാന്‍ കരുതിയിരുന്നില്ല. ചെറിയ മുറിവുകള്‍ പോലും സഹിക്കാന്‍ എനിക്കു പ്രയാസമായിരുന്നു.

എന്നാല്‍ 18ാം വയസില്‍ ജീവിതത്തില്‍ ഒരാള്‍ നേരിടുന്ന ഏറ്റവും ക്രൂരമായ ഒരാക്രമണത്തിന് ഞാന്‍ ഇരയായി. എന്റെ അയല്‍വാസിയായ ഒരു ആണ്‍കുട്ടി എപ്പോഴും എന്നെ കല്ല്യാണം കഴിക്കണമെന്ന് പറഞ്ഞു ഹരാസ് ചെയ്യുമായിരുന്നു. ഓരോ തവണ എന്നെ കാണുമ്പോഴും അവന്‍ പ്രൊപ്പോസ് ചെയ്യും. ഞാന്‍ സമ്മതിക്കില്ല. യെസ് പറഞ്ഞില്ലെങ്കില്‍ എന്റെ അച്ഛനെ കൊല്ലുമെന്ന് അവന്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ ഞാന്‍ അതു കാര്യമാക്കിയില്ല.

ഒരു ദിവസം ഞാന്‍ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവന്‍ എന്റെ പുറകില്‍ വന്ന് എന്നെ വിളിച്ചു തിരിഞ്ഞു നോക്കിയപ്പോള്‍ മുഖത്ത് ആസിഡ് ഒഴിച്ചു. വേദനയില്‍ പുളയുന്ന ഞാന്‍ അച്ഛനെ വിളിച്ചു കരഞ്ഞു. അച്ഛന്‍ ഓടി വന്ന് അവനെ വീട്ടില്‍ നിന്നു പുറത്താക്കി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയി. അന്നു രാത്രി 10 മണിക്കു മാത്രമേ എന്നെ ആശുപത്രിയില്‍ എത്തിച്ചുള്ളൂ. അതായത് ആക്രമണം കഴിഞ്ഞ് ആറുമണിക്കൂറിനു ശേഷം മാത്രം. അപ്പോഴേക്കും ഡോക്ടര്‍മാരും എന്നെ കൈവിട്ടിരുന്നു, എന്റെ രൂപം വികൃതമായി.

അതോടെ ജീവിതത്തില്‍ എല്ലാം അവസാനിച്ചെന്ന് നിങ്ങള്‍ കരുതിക്കാണും. എന്നാല്‍ ഇല്ല. ഞാന്‍ ഡല്‍ഹിയിലേക്കു പോയി നാല്‍പതോളം സര്‍ജറികള്‍ക്കു വിധേയയായി. അപ്പോഴാണ് ‘മേക് ലവ് നോട്ട് സ്‌കാര്‍സ്’ എന്ന പ്രസ്ഥാനവുമായി ബന്ധപ്പെട്ടത്. അവിടെവച്ചു ഞാന്‍ 10ാം ക്ലാസും 12ാം ക്ലാസും പൂര്‍ത്തിയാക്കി. കംപ്യൂട്ടറിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിച്ചു. പഴയ ന്യൂസ്പേപ്പറുകള്‍ ഉപയോഗിച്ചു ബാഗുകള്‍ ഉണ്ടാക്കി വിറ്റു. ആശുപത്രികളോടുള്ള എന്റെ ഭയമെല്ലാം പോയി. ഇന്നു ഞാന്‍ ജീവിതം തിരികെ പിടിച്ചെടുക്കാന്‍ ശ്രമിക്കണം, അതിനായി എനിക്കൊരു ജോലി വേണം, കുടുംബത്തെ നോക്കണം. ഒരു ജോലി എനിക്കു വലിയ ആത്മവിശ്വാസവും സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വീണ്ടും വരാനുള്ള ധൈര്യവുമാണു നല്‍കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button