NewsIndia

കള്ളപ്പണക്കാരെ വെറുതെ വിടില്ലെന്ന പ്രതിജ്ഞയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി : ഇനി അടുത്ത ലക്ഷ്യം സ്വിസ് കള്ളപ്പണക്കാരെ

ന്യൂഡല്‍ഹി : കള്ളപ്പണ വിവരങ്ങള്‍ കൈമാറാനുള്ള ഇന്ത്യ-സ്വിറ്റ്‌സര്‍ലന്‍ഡ് കരാറിനു തൊട്ടുപിന്നാലെ, സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപ വിവരം ശേഖരിക്കാന്‍ ഇന്ത്യ ശ്രമം ഊര്‍ജിതമാക്കി. അടുത്ത മാസങ്ങളില്‍ ഇക്കാര്യത്തില്‍ ‘കാര്യനിര്‍വഹണ സഹായം’ തേടി ഇന്ത്യ സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരിന് 20 അപേക്ഷകളാണ് അയച്ചത്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ മുന്‍ സിഇഒ, ഡല്‍ഹി ആസ്ഥാനമായ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാര്യ, ദുബായ് ആസ്ഥാനമായ ഇന്ത്യന്‍ ബാങ്കര്‍, പ്രവാസിയായ ഗുജറാത്തി ബിസിനസുകാരന്‍, പ്രമുഖനായ പിടികിട്ടാപ്പുള്ളി, ഇയാളുടെ ഭാര്യ എന്നിവരടക്കം വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നിക്ഷേപ വിവരങ്ങളാണ് ഇന്ത്യ ആവശ്യപ്പെട്ടത്.
മൂന്നു പ്രമുഖ കമ്പനികളും പട്ടികയിലുണ്ട്. കഴിഞ്ഞയാഴ്ചയാണു 2018 മുതല്‍ കള്ളപ്പണക്കാരുടെ വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യയും സ്വിറ്റ്‌സര്‍ലന്‍ഡും പുതിയ കരാര്‍ ഒപ്പുവച്ചത്. നിലവിലുള്ള ഇന്ത്യയുടെ അപേക്ഷകളും ഇതോടെ കരാറിന്റെ പരിധിയില്‍ വരും. ഇന്ത്യ നേരത്തേ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട ഏതാനും ഇന്ത്യന്‍ പൗരന്‍മാരുടെ പേരുകള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഫെഡറല്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരുടെ നിക്ഷേപ വിവരങ്ങളാണ് ഇന്ത്യ ഇപ്പോള്‍ ആവശ്യപ്പെട്ടത്. അതേസമയം സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപം കുറഞ്ഞുവരുന്നതായാണു കണക്കുകള്‍.

സ്വിസ് നാഷണല്‍ ബാങ്ക് രേഖകള്‍ പ്രകാരം ഇന്ത്യക്കാരുടെ നിക്ഷേപം 2015ല്‍ 8392 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. 2006ല്‍ ഇത് 23000 കോടി രൂപയായിരുന്നു. ഇന്ത്യ നല്‍കുന്ന വിവരങ്ങള്‍ സ്വിസ് നിയമപ്രകാരം പരിശോധിച്ചശേഷമാണു സ്വിറ്റ്‌സര്‍ലന്‍ഡ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. ഈ മാസം മാത്രം ഇന്ത്യ കൈമാറിയ അഞ്ചു കള്ളപ്പണക്കാരുടെ വിവരങ്ങള്‍ സ്വിസ് ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂണിനുശേഷം ഇന്ത്യ നല്‍കിയ 20 അപേക്ഷകളുടെ വിശദാംശങ്ങളും പ്രസിദ്ധീകരിച്ചു. പ്രതിയായ വ്യക്തിയുടെ പേര്, ജനനത്തീയതി, പൗരത്വം എന്നീ വിവരങ്ങളാണു സ്വിസ് ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നത്. കമ്പനികളുടെ പേരും റജിസ്റ്റര്‍ ചെയ്ത രാജ്യവും മാത്രമാണു പ്രസിദ്ധീകരിക്കുക.

shortlink

Related Articles

Post Your Comments


Back to top button