പനാജി● കേന്ദ്രം നടപ്പിലാക്കിയ നോട്ട് അസാധുവാക്കലിന്റെ ഫലമായി മുംബൈ നഗരത്തില്‍ വാടക കൊലപാതകങ്ങള്‍, കൊലപാതകങ്ങള്‍, കവര്‍ച്ച, മയക്കുമരുന്ന് കള്ളക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറഞ്ഞതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രപരമമായ തീരുമാനമാണിത്. കള്ളപ്പണം, അഴിമതിപ്പണം, തീവ്രവാദ ഫണ്ടിംഗ്, മയക്കുമരുന്ന് പണം എന്നിവയ്ക്ക് കിട്ടിയ ഷോക്കാണിതെന്നും പരീക്കര്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നോര്‍ത്ത് ഗോവയിലെ അല്‍ഡോണ മണ്ഡലത്തില്‍ ബി.ജെ.പി സംഘടിപ്പിച്ച വിജയ് സങ്കല്‍പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈയിലുള്ള എന്റെ ഒരു സുഹൃത്ത് പറഞ്ഞു അവിടെ സുപാരി (വാടക കൊലപാതകം) വളരെയധികം കുറഞ്ഞുവെന്ന്. വാടക കൊലപാതകം ഏറ്റെടുക്കുന്ന ആളുകള്‍ക്ക് കുറവില്ല. പക്ഷേ, അവര്‍ക്ക് നല്‍കാന്‍ പണമില്ലാത്തതാണ് പ്രശനം. കഴിഞ്ഞ 20 ദിവസത്തില്‍ മുംബൈയിലെ കൊലപാതക നിരക്ക് പകുതിയായതായും പരീക്കര്‍ അവകാശപ്പെട്ടു.
കൂടാതെ കെട്ടിടനിര്‍മ്മാതാക്കളില്‍ നിന്നുള്ള പണം തട്ടലും ഒഴിവായി. പണത്തിന്റെ ദൌര്‍ലഭ്യം മൂലം മുംബൈയിലെ ലഹരി മാഫിയയും തകര്‍ന്നു. മുംബൈയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് താഴ്ന്നതിന് നോട്ടു അസാധുവാക്കലിനോടാണ് നന്ദി പറയേണ്ടതെന്നും പരീക്കര്‍ പറഞ്ഞു.
ഡിസംബര്‍ 30 ഓടെ ഗോവ പണരഹിത (ക്യാഷ് ലെസ്) സംസ്ഥാനമായി മാറും. ഇക്കാര്യത്തില്‍ ഗോവ മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകും. പ്രധാനമന്ത്രിയുടെ സ്വപ്നം സഫലമാക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments