ന്യൂഡല്‍ഹി : ലോക്‌സഭയില്‍ വന്‍ സുരക്ഷാ പാളിച്ച. സന്ദര്‍ശക ഗ്യാലറിയില്‍ ഇരുന്നയാള്‍ ലോക്‌സഭാ തളത്തിലേക്ക് എടുത്തുചാടാന്‍ ശ്രമിച്ചു. രാവിലെ 11.20 നായിരുന്നു സംഭവം. മധ്യപ്രദേശില്‍ നിന്നുള്ള രാകേഷ് സിങ് ബാഷ എന്നയാളാണ് സാഹസത്തിന് മുതിര്‍ന്നത്. ഗ്യാലറിയിടെ കൈവരിക്ക് മുകളില്‍ കൂടി കടന്നാണ് ഇയാള്‍ സഭാതളത്തിലേക്ക് ചാടാന്‍ ശ്രമിച്ചത്.
രാകേഷ് സിങ് ബാഷ താഴേക്ക് ചാടിയിരുന്നെങ്കില്‍ മന്ത്രിമാര്‍ ഇരിക്കുന്ന ട്രഷറി ബെഞ്ചിലേക്കായിരുന്നു എത്തുക. നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടിരിക്കെയാണ് ഇയാള്‍ താഴേക്ക് ചാടിയത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി. സംഭവത്തെ തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവെച്ചു.
ഒരു പ്രതിപക്ഷാംഗമാണ് സന്ദര്‍ശക ഗാലറിയില്‍ നിന്ന് ഒരാള്‍ താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നത് ചൂണ്ടിക്കാട്ടിയത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ അന്വേഷണം നടത്തി താക്കീത് നല്‍കി വിട്ടയയ്ക്കുമെന്നും ഇതിന് സഭയുടെ അംഗീകാരം വേണമെന്നും പിന്നീട് സ്പീക്കര്‍ സുമിത്രാ മഹാജന്‍ സഭയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത് കുമാര്‍ ഇതിന് പിന്തുണ നല്‍കി.
Post Your Comments