ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനും കത്തെഴുതിവെച്ച് യുവാവ് ആത്മഹത്യ ചെയ്തു. 40 വയസുകാരനായ ഷൈലേഷ് കുമാറാണ് തൂങ്ങിമരിച്ചത്. തൊഴില്‍ നഷ്ടപ്പെട്ടതില്‍ മനംനൊന്താണ് ഷൈലേഷ് ആത്മഹത്യ ചെയ്തത്.
ഏറെ ശ്രമിച്ചിട്ടും മറ്റൊരു തൊഴില്‍ ഷൈലേഷിന് കണ്ടെത്താനായില്ല. ജീവിതം വഴിമുട്ടിയപ്പോഴാണ് ഷൈലേഷ് ഈ കടുംകൈയ്ക്ക് മുതിര്‍ന്നത്. ഉത്തര്‍പ്രദേശിലെ രാജാജി പുരത്താണ് സംഭവം. ഭാര്യയ്ക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ ഇയാള്‍ ഭാര്യയുമായി വഴക്കിട്ട ശേഷം മുറിക്കുള്ളില്‍ കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞു പുറത്തിറങ്ങാതെ വന്നപ്പോഴാണ് വാതില്‍ പൊളിച്ച് വീട്ടുകാര്‍ അകത്ത് കടന്നത്.
തുടര്‍ന്നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് മുറിയില്‍ നടത്തിയ പരിശോധനയിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്നും കത്തിലുണ്ട്. തന്റെ കുടുംബത്തെ സഹായിക്കണമെന്ന് അഖിലേഷ് യാദവിനോടും മുലായം സിങ് യാദവിനോടും ഷൈലേഷ് ആവശ്യപ്പെടുന്നുണ്ട്.
കൂടാതെ, നരേന്ദ്രമോദിയുടെ അച്ഛാ ദിന്‍ വരുന്നതുവരെ കാത്തിരിക്കാന്‍ താനില്ലെന്നും ഷൈലേഷ് പറയുന്നു. തന്റെ പ്രവര്‍ത്തിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും കുടുംബത്തെ ഇതിന്റെ പേരില്‍ ദ്രോഹിക്കരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
Post Your Comments