Kerala

പിണറായി ജനങ്ങളോട് മാപ്പ് പറയണം; മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് കുമ്മനം

തിരുവനന്തപുരം: കേരളത്തിന്റെ പല അവസരങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ പാഴാക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ധനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുളള കനകാവസരമാണ് മുഖ്യമന്ത്രിമൂലം ഇല്ലാതായത്. സഹകരണ മേഖല സുതാര്യമായി പ്രവര്‍ത്തിക്കണമെന്ന് തന്നെയാണ് കേന്ദ്രവും ആഗ്രഹിക്കുന്നതെന്ന് കുമ്മനം വ്യക്തമാക്കുന്നു.

അതിനുളള നടപടികളാണ് സ്വീകരിക്കുന്നതും. കേന്ദ്രത്തെ സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ ധരിപ്പിക്കാനുളള കനകാവസരമാണ് മുഖ്യമന്ത്രി പാഴാക്കി കളഞ്ഞത്. പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും കുമ്മനം ആവശ്യപ്പെട്ടു. പരസ്പര വിശ്വാസത്തോടെയും സഹകരണത്തോടെയും പ്രവര്‍ത്തിക്കണം. ഇങ്ങനെയെങ്കില്‍ കേരളത്തിനൊപ്പം കേന്ദ്രമുണ്ടാകും.

കേരളം ഇനിയും അതിന് തയ്യാറായില്ലെങ്കില്‍ നഷ്ടം കേരളത്തിന് മാത്രമായിരിക്കും. പ്രധാനമന്ത്രി തന്റെ തിരക്കുകള്‍ മൂലം ഇത്തരം കാര്യങ്ങള്‍ക്ക് ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനാണ് പ്രത്യേകം മന്ത്രിമാരും വകുപ്പുകളും. അവരോടാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടത്. നേരിട്ട് പ്രധാനമന്ത്രിയെ കാണണം എന്നു പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. കേരളവുമായി ഒരിക്കലും ചര്‍ച്ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടില്ല.

എല്ലാവരുമായി ചര്‍ച്ച ചെയ്യുന്ന വ്യക്തിയാണ് നരേന്ദ്രമോദി. ഒറീസ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ഇല്ലാത്ത പ്രശ്നം പിണറായിക്ക് മാത്രം എന്താണ്? സഹകരണ പ്രശ്നത്തെ വലിയ പ്രശ്‌നമായി കണ്ട് പ്രതിഷേധിക്കുന്ന മുഖ്യമന്ത്രിയും കൂട്ടരും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും കുമ്മനം ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button