ഉപ്പുതറ : ദേശീയപാതയില്‍ ലക്ഷങ്ങളുടെ കള്ളനോട്ട് ഉപേക്ഷിച്ച നിലയില്‍. കൊല്ലം ദിണ്ഡിഗല്‍ ദേശീയപാതയില്‍ വളഞ്ഞാങ്ങാനത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തിയത്. 2,58,000 രൂപയുടെ ആയിരത്തിന്റ നോട്ടുകളാണ് കണ്ടെത്തിയത്. വഴിയാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എന്‍. സജിയുടെ നിര്‍ദേശാനുസരണം പീരുമേട് പൊലീസ് സ്ഥലത്തെത്തി നോട്ടുകള്‍ കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച ഇന്നോവ കാറില്‍ അസാധുവാക്കിയ നോട്ടുകള്‍ കടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് വാഹന പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പൊലീസ് പരിശോധനാ വിവരം അറിഞ്ഞ് നോട്ടുകള്‍ ഉപേക്ഷിച്ചതാണോ എന്നും സംശയമുണ്ട്. പീരുമേട് പൊലീസ് ബാങ്കില്‍ എത്തിച്ച് നോട്ടുകള്‍ പരിശോധിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന് വ്യക്തമായത്.
സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് നിന്നാണ് നോട്ടുകള്‍ കണ്ടെത്തിയത്. നോട്ടുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത പരന്നതോടെ പ്രദേശത്തേക്ക് നിരവധിയാളുകളാണ് എത്തുന്നത്. പരിസരത്ത് ഇനിയും നോട്ടുകള്‍ കണ്ടെത്താനാവുമെന്ന പ്രതീക്ഷയില്‍ പൊലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കണ്ടെടുത്ത നോട്ടുകള്‍ പീരുമേട് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments