Uncategorized

സഹകരണ ബാങ്ക് പ്രശ്നം അത്ര നിസ്സാരമല്ല ; നിക്ഷേപകരും പൊതുജനങ്ങളും അറിയേണ്ടതും അറിയാന്‍ ശ്രമിക്കാതെ പോയതും

വസ്തുതകളും യാഥാര്‍ഥ്യങ്ങളും വ്യക്തമാക്കി കെ.വി.എസ് ഹരിദാസ്‌ എഴുതുന്ന ശ്രേദ്ധേയമായ ലേഖനം

സഹകരണ ബാങ്കിനെച്ചൊല്ലിയുള്ള പ്രശ്നങ്ങൾ നാട്ടിൽസജീവ ചർച്ചയാണല്ലോ. ഇന്നിപ്പോൾ സർവ കക്ഷി യോഗം നടക്കും. യുഡിഎഫ് യോഗവും ഇന്നുണ്ട്. നാളെ പ്രത്യേക നിയമസഭാ സമ്മേളനവും നടക്കുകയാണ്. ഇവിടെയെല്ലാം സർക്കാരും രാഷ്ട്രീയ കക്ഷികളും എന്ത് നിലപാട് എടുക്കുമെന്ന് കണ്ടറിയണം. ഇടതുമുന്നണി തുടങ്ങിവെച്ച കേന്ദ്ര വിരുദ്ധ സമരത്തിന്റെ തുടർച്ചയേ അവിടെയെല്ലാം കാണാൻ കഴിയൂ എന്നാണ് തോന്നുന്നത്. എന്നാൽ കുറച്ചു വസ്തുതകൾ ജനങ്ങൾ അറിയണം. വിഎം സുധീരനുണ്ടായ വെളിപാട് നമ്മൾ കാണാതെ പോകരുത് എന്നതും പറയട്ടെ. ഇവിടെ ആരും സഹകരണ പ്രസ്ഥാനത്തിന് എതിരല്ല. എന്നാൽ അവിടത്തെ നിക്ഷേപത്തെ സംബന്ധിച്ചാണ് പ്രശ്നം. ഇക്കാര്യത്തിൽ സാമാന്യമായി ചിന്തിക്കാനും നിക്ഷേപകരായ സാധാരണക്കാരെ രക്ഷിക്കാനും സഹായിക്കാനും നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതൃത്വം തയ്യാറാവുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. രാഷ്ട്രീയ നേതൃത്വം എന്ന് പറയുമ്പോൾ അതിൽ എല്ലാ രാഷ്ട്രീയ കക്ഷികളും ഉൾപ്പെടും എന്നതും സൂചിപ്പിക്കട്ടെ.

ഞാനായാലും ആരായാലും ബാങ്കിൽ, (അത് ഏതു ബാങ്കായാലും) പണം നിക്ഷേപിച്ചാൽ ആദായ നികുതിയുടെ പരിധിയിൽ വരും. അത് അറിയാത്തവരെ ബാങ്കുകാർ പറഞ്ഞു മനസിലാക്കിക്കണം. ഷെഡ്യൂൾഡ് ബാങ്കും ദേശസാൽകൃത ബാങ്കുമൊക്കെ അത് കൃത്യമായി ശ്രദ്ധിക്കും. ടിഡിഎസ് പിടിക്കും. നിക്ഷേപത്തിന്റെ വിവരങ്ങൾ ആദായ നികുതി വകുപ്പിന് കൈമാറും. പാൻ ഉപയോഗിക്കുകയും ചെയ്യും. ഇവിടെ സഹകരണ ബാങ്കിൽ നിക്ഷേപിച്ചാൽ ഒരു ആദായ നികുതിയും കൊടുക്കണ്ട എന്ന് പറഞ്ഞവരാണ് അധികവും. അവിടേക്കു നിക്ഷേപകരെ ആകർഷിക്കാനായി ഉപയോഗിച്ച തന്ത്രം അതാണ് ; പിന്നെ ചെറിയ ഒരു പലിശ വ്യത്യാസവും . ആദായ നികുതിക്ക് വിധേയനായ ഒരാൾക്ക് ഇവിടെ ഒരു പ്രശ്നവുമില്ല. എന്നാൽ അത് നൽകാതെ നിക്ഷേപിച്ചവർ കുടുങ്ങുകതന്നെ ചെയ്യും.

ഒരു പാവം കച്ചവടക്കാരനോ കര്ഷകനോ ഒക്കെ ഒരു പത്തു വര്ഷം മുൻപ് നിക്ഷേപിച്ചത് ഇന്നിപ്പോൾ ആദായ നികുതി വകുപ്പ് കണ്ടെത്തിയാൽ ഇനി ആ നിക്ഷേപകന് എന്ത് ബാക്കിയുണ്ടാവും?. കയ്യിലുള്ളതുമുഴുവൻ പോകുന്ന സ്ഥിതിയാവില്ലേ?. അതാണ് രാജ്യത്തെ നിയമം. അതിൽ ഇടപെടാൻ ഏതെങ്കിലും കോടതിക്ക് കഴിയുമോ?. ഇല്ലതന്നെ, കാരണം കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുന്നത് സുപ്രീം കോടതിയാണ്.

സെപ്തംബര്‍ 30 വരെ അത്തരം നിക്ഷേപങ്ങൾ സംബന്ധിച്ച് സർക്കാരിനെ അറിയിക്കാൻ വ്യവസ്ഥയുണ്ടായിരുന്നു. ചില ഇളവുകൾ അന്ന് ലഭിക്കുമായിരുന്നു. ഇനി അവ കണ്ടെത്തിയാൽ ‘വെളിപ്പെടുത്താത്ത നിക്ഷേപം’ ആയിട്ട് അതൊക്കെ മാറും. അതല്ലേ നമ്മുടെ നിയമം അനുശാസിക്കുന്നത് . അതിനുവരുന്ന പിഴയെത്രയാണ്?. അതിനുപിന്നാലെയാവും കേസും പുലിവാലും.

ഇതൊക്കെ സാധാരണക്കാരെ അറിയിക്കേണ്ടത് രാഷ്ട്രീയ നേതൃത്വം തന്നെ, അതായത്‌ സഹകരണ ബാങ്കിന്റെ തലവന്മാർ. അതിൽ എല്ലാവരും പെടും ; ബിജെപിയും കോൺഗ്രസും സിപിഎമ്മും സിപിഐയും ലീഗുമൊക്കെ. ആദായ നികുതി നിയമം കേരളത്തിന് ബാധകമല്ല എന്നോ കേരളത്തിന് മാത്രമായി മറ്റൊരു വ്യവസ്ഥവേണം എന്നോ ഒക്കെ പറയാൻ കഴിയുമോ.?. ആദായ നികുതി നിയമം സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് പറ്റില്ല എന്ന് പറയാൻ കഴിയുമോ?. ഇനിയെങ്കിലും വസ്തുതകൾ കാണാതെ പോകരുത്. സ്വത്തു വെളിപ്പെടുത്താൻ അവസരമുണ്ടായപ്പോൾ നികുതി അടക്കാത്ത ഇത്തരം നിക്ഷേപങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ടവരെ സ്വയം അറിയിക്കാൻ ഓരോ നിക്ഷേപകനെയും പ്രേരിപ്പിക്കേണ്ടത് സഹകരണ ബാങ്കുകളുടെ ഭരണം കയ്യാളുന്നവരുടെ ചുമതലയായിരുന്നു. അതാണ് ഇന്നിപ്പോൾ യഥാർഥത്തിൽ സഹകരണ പ്രസ്ഥാനങ്ങൾ കാണിച്ച കുഴപ്പം.

ഇവിടെ ഒന്നുകൂടി പറയേണ്ടതുണ്ട്. ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പറയുന്നത് ഇങ്ങനെയാണ് :
” ആദായനികുതിനിയമം 18 പി പ്രകാരം പ്രാഥമിക കാർഷിക സഹകരണസംഘങ്ങൾ ഇന്നും ആദായനികുതിയിൽനിന്ന് ഒഴിവാണ്. 51 ശതമാനം വായ്പ കാർഷികമേഖലയിൽ ആണെങ്കിലേ പ്രാഥമിക കാർഷിക സഹകരണസംഘമായി പരിഗണിക്കൂ എന്നാണ് ആദായനികുതിവകുപ്പു പറയുന്നത്. ഇതിനെതിരെ സംഘങ്ങൾ കേസിനു പോയി. സംഘങ്ങൾക്ക് അനുകൂലമായി വിധിയും വന്നു. ഇനി എന്ത് ആദായ നികുതി വെട്ടിപ്പ്?

ആദായ നികുതി വകുപ്പുമായി മറ്റൊരു തർക്കവുംകൂടി ഉണ്ട്. നെഹ്‌റുവിന്റെ കാലം മുതൽ സഹകരണസംഘങ്ങളിലേക്കു ഡെപ്പോസിറ്റുകൾ ആകർഷിക്കാൻ നിക്ഷേപകർക്കു ലഭിക്കുന്ന പലിശയ്ക്ക് നികുതിയിൽനിന്ന് ഒഴിവു നൽകിയിരുന്നു. ഇപ്രകാരം ചെറുകിട ദേശീയ സാമ്പാദ്യപദ്ധതികൾക്കും പ്രത്യേക കടപ്പത്രങ്ങൾക്കും മറ്റും ഇത്തരം ഇളവുകൾ നൽകുക സാധാരണമാണ്. എന്നാൽ പ്രണബ് മുഖർജി ധനമന്ത്രിയായിരുന്നപ്പോൾ ഈ നികുതിയിളവു പിൻവലിച്ചു. സ്വാഭാവികമായി വലിയ പ്രതിഷേധം ഉയർന്നു. അങ്ങനെ തർക്കവും സമരവുമെല്ലാമായി 2-3 വർഷം കടന്നുപോയി. ഇപ്പോൾ സഹകരണവപ്പു മുൻകൈ എടുത്തു നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ 25 ലക്ഷത്തിലധികം രൂപയുള്ള ഡെപ്പോസിറ്റുകളുടെ പലിശയുടെ നികുതി സ്രോതസിൽ പിടിക്കുവാനും അവയുടെ വിശദാംശങ്ങൾ സമർപ്പിക്കുവാനും ധാരണയായി. ഇതു സംബന്ധിച്ച് ഉത്തരവും ഇറങ്ങി. എങ്കിലും ചില സംഘങ്ങൾ ഇതു നടപ്പാക്കിയിട്ടില്ല. മറ്റു ചിലയിടങ്ങളിലാണെങ്കിൽ രേഖകൾ ഹാജരാക്കുവാൻ ആവശ്യപ്പെടുന്നതിനു പകരം റെയിഡിനും മറ്റും ആദായനികുതിവകുപ്പു തുനിയുന്നു. ഏതായാലും ഇനി ഈ തർക്കം നിലനിർത്തുന്നതിൽ അർത്ഥമില്ല. ആദായനികുതിവകുപ്പ് നിയമാനുസൃതം ആവശ്യപ്പെടുന്ന നികുതി പിരിക്കുകയും രേഖകൾ ലഭ്യമാക്കുകയും ചെയ്യണം.”

ഡോ ഐസക്ക് പറയുന്നതല്ല, ഇവിടെയുള്ള പ്രശ്നം, യഥാർഥത്തിൽ മറ്റൊന്നാണ്. സഹകരണ – കാർഷിക ബാങ്കുകൾക്ക് ആദായ നികുതി ഉണ്ടോ ഇല്ലയോ എന്നതല്ല; അവിടെയുള്ള നിക്ഷേപങ്ങൾ ആദായനികുതി നിയമത്തിന്റെ പരിധിയിൽ വരുന്നോ എന്നതാണ്. തീർച്ചയായും അവ ആദായ നികുതിനിയമത്തിന്റെ പരിധിയിലാണ്, സംശയമില്ല. ഏതാണ് ആ പണം എവിടെനിന്നു കിട്ടി, അതിന്റെ ശ്രോതസ്; കള്ളപ്പണമാണോ, അതോ അല്ലയോ, ……….. അതൊക്കെ കാണാതെ പോകാൻ ആദായ നികുതി അധികൃതർക്കാവുമോ?. ഇല്ലതന്നെ. അതെല്ലാം അന്വേഷിക്കുമ്പോൾ ഓരോ നിക്ഷേപത്തിന്റെയും സത്യസ്ഥിതി ബോധ്യപ്പെടും; ആദായനികുതി നൽകേണ്ടതുണ്ടോ എന്നത് തീരുമാനമാവും. ; അത് സാധൂകരിക്കുന്ന കോടതിവിധികൾ അനവധിയുണ്ടുതാനും. ഒരു ദേശസാൽകൃത ബാങ്കിൽ നിക്ഷേപിക്കുമ്പോൾ അതിന്റെ വിവരം ആദായനികുതി അധികൃതർക്ക് പോകുന്ന രീതിയുണ്ട്. എവിടെനിന്നുകിട്ടി ആ പണം എന്ന ചോദ്യവും ഉയരും. അതൊക്കെ എങ്ങിനെ സഹകരണ ബാങ്കുകൾക്ക് ബാധകമല്ലാതാവും?.

നിക്ഷേപത്തിന്മേലുള്ള പലിശക്ക് ആദായ നികുതി എന്നതും മറ്റും ആദായ നികുതി അധികൃതരുമായുണ്ടാക്കിയ ധാരണയാണ് ; ധാരണ മാത്രം. അത് താൽക്കാലികമായി ഉണ്ടായ ഒരു ഒത്തുതീർപ്പാണ്. അതും ഒരു നിയമമൊന്നുമല്ല . നിയമമനുസരിച്ചു പ്രണബ് മുഖർജി അന്ന് തീരുമാനിച്ചത് തന്നെയാണ് ഇന്നുമുള്ള വ്യവസ്ഥ . 2015 ലെ ഫിനാൻസ് ബിൽ പ്രകാരം അത്തരം നിക്ഷേപങ്ങളുടെ പലിശക്ക് ടിഡിഎസ് ബാധകമാവുകയും ചെയ്തു. അതായത്‌ ഏത് നിക്ഷേപത്തിലെയും പലിശക്ക് നികുതി വരും എന്നതുതന്നെ. അതുകൊണ്ട് സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ ആദായ നികുതി അധികൃതരുടെ പരിശോധനക്ക് അപ്പുറമാണ് എന്നത് വെറുതെ ഇരുട്ടുകൊണ്ടു ഓട്ടയടക്കലാണ് . വസ്തുതയുമായി അതിനു ബന്ധമില്ലതാനും.

കള്ളപ്പണം കള്ളനോട്ട് എന്നിവയെല്ലാം പിന്നാലെ വരുന്ന പ്രശ്നമാണ്. സാധാരണക്കാരുടെ നിക്ഷേപം മൂടിവെക്കാൻ രാഷ്ട്രീയ നേതൃത്വത്തെ പ്രേരിപ്പിച്ചത് അതിനൊപ്പം മറ്റുചിലതുകൂടി പുറത്താവുമെന്ന ആശങ്കയാണ്. ഇന്നിപ്പോൾ രാഷ്ട്രീയ നേതാക്കൾ നെട്ടോട്ടമോടിയിട്ടു എന്താണ് കാര്യം?. ചെയ്യേണ്ടത് വേണ്ട സമയത്തു ചെയ്തില്ല എന്നതല്ലേ വസ്തുത?. കേന്ദ്ര സർക്കാർ ഇന്നിപ്പോൾ നടത്തുന്നത് കള്ളപ്പണത്തിനും മാറ്റുമെതിരായ ചരിത്രപരമായ പോരാട്ടമാണ്. അതിനു തുടക്കമിട്ടത് സുപ്രീം കോടതിയാണ്, ഒരു പൊതു താല്പര്യ ഹർജിയിലെ ഉത്തരവിലൂടെ. ഇതിനായി റിട്ടയർ ചെയ്ത സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായി ഒരു എസ്ഐടി രൂപീകരിച്ചതും അത്യുന്നത നീതിപീഠമാണ് . അതുകൊണ്ടു ഒരു കോടതിയും ഇതിലിടപെടും എന്ന് സാമാന്യേന കരുതാനാവില്ല. പിന്നെ മടിയിൽ കനമുള്ളവനല്ലേ പേടിക്കേണ്ട കാര്യമുള്ളൂ………..ഇക്കാര്യത്തിൽ ജനാഭിപ്രായം കേന്ദ്ര സർക്കാരിന് അനുകൂലമാണിന്ന് . സാധാരണക്കാർക്കിടയിൽ ഒന്ന് ചെന്ന് നോക്കൂ ; അവരെല്ലാം ഇക്കാര്യത്തിൽ നരേന്ദ്ര മോദിക്കൊപ്പമാണ്. ഈ പ്രശ്നത്തിൽ ഒരു കാരണവശാലും കേന്ദ്ര സർക്കാർ പിന്നാക്കം പോകരുത്‌ എന്നാണ് ജനങ്ങൾ കരുതുന്നത് . പിന്നെ രാജ്യത്തെ നിയമം പാലിക്കാനും നടപ്പിലാക്കാനും ഏതൊരു സർക്കാരിനും ബാധ്യതയുണ്ടല്ലോ…….. കാര്യങ്ങൾ കുഴപ്പത്തിലേക്കാണ് പോകുന്നത്, ചുരുങ്ങിയത് സഹകരണ ബാങ്കുകളുടെ കാര്യത്തിലെങ്കിലും, എന്ന്‌ പറയേണ്ടിവന്നത് അതുകൊണ്ടാണ്.
ഇനി വേണ്ടത് തെരുവിലെ സമരമല്ല, കേന്ദ്രവുമായി ആലോചിച്ചു നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് എന്താണ് ചെയ്യാൻ കഴിയുക എന്ന് ചിന്തിക്കണം. അഖില കക്ഷി സമ്മേളനം അതിനുള്ള വേദിയാകട്ടെ. ബുദ്ധി ഉദിക്കേണ്ട സമയമായിരിക്കുന്നു എന്നെ പറയാൻ ഉദ്ദേശിച്ചുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button