കൊച്ചി : ഐഒസി ഇരുമ്പനം പ്ലാന്റിൽ ടാങ്കർ ലോറി സമരം വീണ്ടും തുടങ്ങിയതോടെ സംസ്ഥാനത്തെ ഇന്ധന വിതരണം പ്രതിസന്ധിയിലായി. ഇതേ തുടർന്ന് ഐഒസി ഡീലര്‍മാര്‍ക്ക് ഇന്ധനം ലഭിക്കാത്ത സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പെട്രോളിയം ഡീലേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. കമ്പനി മാനേജുമെന്റ് ഏകപക്ഷീയമായി പ്രഖ്യാപിച്ച ടെണ്ടര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ടാങ്കര്‍ ഉടമകളും,തൊഴിലാളികളും വീണ്ടും സമരം ചെയുന്നത്.
കഴിഞ്ഞ മാസത്തെ സമരത്തെ തുടർന്ന് സർക്കാർ മുന്‍കൈ എടുത്ത് നടത്തിയ ചര്‍ച്ചയിലെ തീരുമാനം ലംഘിച്ചാണ് ഐഒസി മാനേജുമെന്റ് ടെണ്ടര്‍ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചത്. ഇന്ധന നീക്കത്തിനായി കമ്പനി ടാങ്കറുകളെ ചുമതലപ്പെടുത്തരുത്, മാനേജുമെന്റ് ചര്‍ച്ചയ്ക്ക് തയാറാകണം എന്ന്‍ ആവശ്യപെട്ട് ടാങ്കര്‍ ഉടമകളും തൊഴിലാളികളും, സ്വന്തം ടാങ്കര്‍ ലോറികളില്‍ ഇന്ധനം കയറ്റണമെന്ന് ആവശ്യപ്പെട്ട് പെട്രോള്‍ പമ്പ് ഉടമകളുടെ പ്രതിനിധികളും ചേർന്ന് കോഡിനേഷന്‍ കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയിൽ തീരുമാനമായില്ല.
ശബരിമല തീര്‍ത്ഥാടനം പ്രമാണിച്ച് പമ്പ, നിലയ്ക്കല്‍ തുടങ്ങിയ ഭാഗങ്ങളിലെ പമ്പുകളിലേയ്ക്കുള്ള ഇന്ധനവിതരണവും, കെഎസ്‌ആര്‍ടിസി, റെയില്‍വേ, പ്രതിരോധ മേഖല, മത്സ്യഫെഡ് എന്നിവിടങ്ങളിലേയ്ക്കുള്ള ഇന്ധന വിതരണവും തടസപ്പെടുത്തില്ല എന്ന് സമരക്കാർ അറിയിച്ചു.
Post Your Comments