ഇസ്ലാമാബാദ്: തീവ്രവാദത്തെ വളര്‍ത്തുകയാണെന്ന ലോകരാഷ്ട്രങ്ങളുടെ ആരോപണങ്ങളെ തഴഞ്ഞ് പാകിസ്ഥാന്. രാജ്യത്തിന് ഭീഷണിയായി മാറിയ രണ്ട് ഭീകരസംഘടനകളെ പാകിസ്ഥാന് നിരോധിച്ചു. ഭീകരവാദത്തിന്റെ പേരില്‍ പാകിസ്ഥാന് ലോകരാഷ്ട്രങ്ങളില്‍ നിന്നും പൂര്‍ണമായും ഒറ്റപ്പെട്ട സാഹചര്യത്തിലാണ് ഭീകരസംഘടനകളെ പാകിസ്ഥാന് നിരോധിക്കാന്‍ തീരുമാനിച്ചത്. രാജ്യത്തു നടന്ന ഭീകരാക്രമണങ്ങളുടെ പേരില്‍ താലിബാനും അല്‍ഖ്വയിദയുമായി ബന്ധമുള്ള ഭീകരസംഘടനകളെയാണ് പാക്കിസ്ഥാന് നിരോധിച്ചത്. തെഹ്രികെ താലിബാനില്‍ നിന്നു ഭിന്നിച്ചുപോയ ജമാഅത്തുല്‍ അഹ്റാര്‍, ലഷ്കറെ ജാങ്വി എന്നീ സംഘടനകളെയാണ് നിരോധിച്ചത്. ബലൂചിസ്ഥാന്‍, സിന്ധ് പ്രവിശ്യകളില്‍ നടന്ന ഭീകരാക്രമണങ്ങളാണ് ഇവയെ നിരോധിക്കാന്‍ കാരണം.
ബലൂചിസ്ഥാനിലെ സൂഫി പള്ളിയില്‍ കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തില്‍ 50 പേര് കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ ഇവര്‍ സന്നദ്ധരല്ലെന്നു വ്യക്തമായതിനാലാണു നിരോധനമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ലഷ്കറെ തോയിബയെയും ജെയ്ഷെ മുഹമ്മദിനെയും 2002ല്‍ നിരോധിച്ചിരുന്നു.
Post Your Comments