Uncategorized

സർക്കാർ എസ്റ്റേറ്റും ബിഷപ്പ് യോഹന്നാനും ഒരു വിമാനത്താവള പദ്ധതിയും ; സർക്കാർ ഭൂമിയുടെ വില സ്വകാര്യ ഓഹരിയാക്കാൻ കഴിയില്ല “സംശയത്തിന്റെ നിഴലിലുള്ളയാളെ എയർപോർട്ടിൽ പങ്കാളിയാക്കാനാവുമോ ?

വസ്തുതകള്‍ നിരത്തി കെ.വി.എസ് ഹരിദാസ് എഴുതുന്ന ലേഖനം

എരുമേലിക്ക് സമീപം ചെറുവള്ളിയിൽ പുതിയ വിമാനത്താവളത്തിനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം പുതിയ വിവാദങ്ങൾക്കു വഴിവെക്കുമെന്നാണ് തോന്നുന്നത്. വിവാദ ബിഷപ്പ് കെപി യോഹന്നാനെ രക്ഷിക്കാനാണോ ഈ നീക്കം എന്ന തോന്നൽ ഇപ്പോൾ തന്നെ പലരിലും കാണാൻ തുടങ്ങിയിരിക്കുന്നു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ദൽഹിയിൽ കേന്ദ്ര വ്യോമയാന മന്ത്രിയെയും മറ്റും സന്ദർശിച്ചപ്പോൾ ആറന്മുളക്ക് പകരമായി ചൂണ്ടിക്കാണിച്ചത് ചെറുവള്ളിയാണ്. ” സ്ഥലം തീരുമാനിക്കൂ, എങ്കിൽ അനുമതി നൽകുന്ന കാര്യം പരിശോധിക്കാം………… ” എന്നാണ് മറുപടി നൽകിയത്. എരുമേലിക്ക് പ്രാധാന്യമേറെയാണ്. ഒരു പിന്നാക്ക മേഖല എന്നതാണ് അതിലൊന്ന്. അവിടെ വികസനമെത്തുന്നത് എന്തുകൊണ്ടും നല്ലതാണ് . മധ്യതിരുവിതാംകൂറിൽ തന്നെപെടുന്ന സ്ഥലമെന്നതും എടുത്തുപറയേണ്ട കാര്യമാണ്. ആറന്മുളയിൽ വിമാനത്താവളം വേണമെന്ന ചിന്തവന്നപ്പോൾ മനസിലുണ്ടായിരുന്നത് വിദേശത്തുള്ള മധ്യതിരുവിതാംകൂറുകാരുടെ യാത്രാ സൗകര്യവും മറ്റുമായിരുന്നുവല്ലോ ; പിന്നെ അല്ലെങ്കിൽ അതിലുപരി ശബരിമലയുടെ സാമീപ്യവും. ഇതുരണ്ടും എരുമേലിക്കും അവകാശപ്പെടാൻ കഴിയും. എരുമേലിയിൽ നിന്ന് ശബരിമലക്ക് 46 കിലോമീറ്റർ മാത്രമേയുള്ളൂ. അവിടെനിന്ന്‌ കാനന പാതയിലൂടെ ശബരിമലയിലേക്ക് പോകുന്ന പരമ്പരാഗത പാതയുമുണ്ട് . വനത്തിലൂടെ ആ വഴിയാണ് ദശാബ്ദങ്ങൾക്കുമുന്പ് തീർത്ഥാടകർ എത്തിയിരുന്നത്. ഇന്നും ആ വഴി ഉപയോഗിക്കുന്നവർ, പ്രത്യേകിച്ചും ഈ തീർത്ഥാടന കാലത്ത്‌ , ആയിരങ്ങളുണ്ട്. അതുകൊണ്ട് എരുമേലി എന്തുകൊണ്ടും അനുയോജ്യം എന്നതിൽ രണ്ടഭിപ്രായമില്ല.

എന്നാൽ അവിടെയാവാം വിമാനത്താവളം എന്ന് തീരുമാനിക്കാൻ അല്ലെങ്കിൽ ആലോചിക്കാനുള്ള കാരണമാണ് പ്രശ്നം. അത് നിസാര പ്രശ്നമല്ലതാനും. ഹാരിസൺ മലയാളം വക ഒരു പഴയ എസ്റ്റേറ്റ് അവിടെയുണ്ടായിരുന്നു. കണക്കനുസരിച്ചു അത് ഏതാണ്ട് 2,263 ഏക്കർ വരും. ഹാരിസൺ മലയാളത്തിന്റെ അധീനതയിലുള്ള അനധികൃത എസ്റേറ്റുകളിൽ ഒന്നാണിത്. അതെല്ലാം സർക്കാർ ഭൂമിയാണ്. സർക്കാർ പാട്ടത്തിന് നൽകിയതും പാട്ടക്കാലാവധി പൂർത്തിയായതുമാണ് എന്നർഥം. അതിനുശേഷം അതിൽ ചിലതെല്ലാം വിറ്റുപോയി. അങ്ങിനെയാണ് വിവാദ ബിഷപ്പ് കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചർച് ചെറുവള്ളി എസ്റ്റേറ്റ് വാങ്ങിക്കുന്നത്. യഥാർഥത്തിൽ, സർക്കാർ ഭൂമി ക്രയവിക്രയം ചെയ്യാൻ ആർക്കെങ്കിലും അവകാശമോ അധികാരമോ ഉണ്ടോ എന്നതൊക്കെ നിയമപ്രശ്നം. പക്ഷെ കോടികളുടെ ഇടപാടാണ്; അത് നടന്നു. അങ്ങിനെ ചെറുവള്ളി എസ്റ്റേറ്റ് യോഹന്നാന്റെ കയ്യിലായി.

ഇനി കെപി യോഹന്നാനെക്കുറിച്ചും ചിലതു പറയാതെ മുന്നോട്ടുപോകാനാവില്ല. പഴയ പെന്തക്കോസ്ത് മിഷനിലെപ്പോലെ കഴിയുന്നത്ര ആൾക്കാരെ മതം മാറ്റാനായി മുന്നിട്ടിറങ്ങിയ ആളാണ് അദ്ദേഹമെന്നതാണ് ഒരു വലിയ ആക്ഷേപം. മധ്യ തിരുവിതാംകൂർ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രം. അമേരിക്കയിലെ നേറ്റീവ് അമേരിക്കൻ സതേൺ ബാപ്റ്റിസ്റ്റ് ചർച്ചിന്റെ ഭാഗമായിരുന്നു ആദ്യം. കുറച്ചുകാലം അമേരിക്കയിലായിരുന്നു താമസവും പ്രവർത്തനവും. പിന്നീട് അതിന്റെ തന്നെഭാഗമായി തിരുവല്ലയിലെത്തി. അക്കാലത്താണ് ഏറ്റവുമധികം മത പരിവർത്തനങ്ങൾ ആ പ്രദേശത്തുനടന്നത് എന്നത് എല്ലാ ഹിന്ദു സംഘടനകളും ഉന്നയിച്ചുപോന്ന ആക്ഷേപമാണ്. ഒരു പക്ഷെ, എസ്എൻഡിപി യോഗവും അതിന്റെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അത് പരസ്യമായി പലവട്ടം പറയുകയും ചെയ്തു. ആ പ്രദേശത്തെ എസ്എൻഡിപി പ്രവർത്തനങ്ങളെ തന്നെ ബാധിക്കുന്നവിധത്തിലായി മതപരിവർത്തനം എന്നതും വസ്തുതയായിരുന്നു. ഈഴവർ മാത്രമല്ല ഹിന്ദു സമൂഹത്തിലെ എല്ലാ തുറകളിലും പെട്ടവർ യോഹന്നാന്റെ അത്തരത്തിലുള്ള കുൽസിത നീക്കങ്ങൾക്ക് വിധേയമായിട്ടുണ്ട്. ശബരിമലക്ക് സമീപമുള്ള വനവാസി സഹോദരങ്ങളും അന്ന് സതേൺ ബാപ്റ്റിസ്റ്റ് ചർച്ചിന്റെ പിടിയിലകപ്പെട്ടിരുന്നു എന്നതും മറന്നുകൂടാ. എങ്ങിനെയും എന്തുവിലകൊടുത്തും മതപരിവർത്തനം നടത്തലായിരുന്നു ലക്‌ഷ്യം. പിന്നീട് സതേൺ ബാപ്റ്റിസ്റ്റ് ചർച്ചിൽ നിന്ന് പിരിഞ്ഞുകൊണ്ട് സ്വന്തമായി ഒരു സഭക്കുതന്നെ അദ്ദേഹം രൂപം നൽകി. അതാണ് ഗോസ്പൽ ഫോർ ഏഷ്യ. ഇന്നത് ഒരു വലിയ സാമ്രാജ്യം തന്നെയാണ്.

മറ്റൊന്ന്, സതേൺ ബാപ്റ്റിസ്റ്റ് ചർച്ചിന്റെ അധിപനായി ഇന്ത്യയിലുള്ളപ്പോഴും പിന്നീടും ഇവിടേക്കുകടന്നുവന്ന വിദേശപണം സംബന്ധിച്ച ആക്ഷേപങ്ങളാണ്. കോടിക്കണക്കിന് രൂപ അക്കാലത്തു് ഇവിടെ വാരിവിതറിയിരുന്നു എന്നുപറയുന്നതാവും ശരി. പണമെറിഞ്ഞുകൊണ്ട്‌ എന്തും നേടാനാവുമെന്ന ഒരു ചിന്ത അതിന്റെയൊക്കെ പിന്നിലുണ്ടായിരുന്നു. കേന്ദ്രത്തിലെ വാജ്‌പേയി സർക്കാരിന്റെ കാലത്താണ്, അത്തരത്തിലുള്ള ചില സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച സൂചനകൾ ലഭിച്ചപ്പോൾ അത് വാർത്തയാക്കാനും മറ്റും ശ്രമിച്ചതോർക്കുന്നു .അക്കാലത്തു ചില കേന്ദ്ര ഏജൻസിയുടെ ഇടപെടലുമുണ്ടായി. ബാങ്ക് അക്കൗണ്ട് പരിശോധനയും മറ്റും നടന്നു. ഇന്നിപ്പോഴും അത്തരം അനവധി ആക്ഷേപങ്ങൾ ഉയരുന്നുണ്ട് എന്നത് മറന്നുകൂടാ. ഒരർഥത്തിൽ ‘കരിമ്പട്ടികയിൽ’ പെടുത്തേണ്ടുന്ന ബിഷപ്പാണ് യോഹന്നാൻ. പക്ഷെ ദൗർഭാഗ്യകരമെന്ന് പറയട്ടെ, അടുത്തദിവസം ഇതേ യോഹന്നാൻ ദൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കുന്ന ചിത്രം പത്രങ്ങളിൽ കണ്ടു; രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യനാണ് കൂടെയുള്ളത്. ആരാണ് ബിഷപ്പിനെ മോദിയുടെ മുന്നിലെത്തിച്ചത് എന്നത് പറയേണ്ടതില്ലല്ലോ. എന്റെ വ്യക്തിപരയമായ അഭിപ്രായം, മോഡി അയാളെ കാണാൻ തയ്യാറാവരുത്തായിരുന്നു എന്നതാണ്. സൂക്ഷ്മമായി അന്വേഷിക്കാൻ തയ്യാറായാൽ ഉരുപാട് ഉരുപാട് ആക്ഷേപങ്ങൾക്ക്‌ വിധേയനായ ഒരാളെ ചേർത്തുനിർത്തി ഒരു ഫോട്ടോ വരുന്നത് പ്രധാനമന്ത്രിക്ക് ഗുണകരമാവില്ലതന്നെ. പറഞ്ഞുവന്നത്, അത്രയേറെ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരാളാണ് യോഹന്നാൻ എന്നാണ്.

ഇനി ചെറുവള്ളി എസ്റ്റേറ്റിന്റെ കാര്യത്തിലേക്ക് മടങ്ങി വരാം. ബിഷപ്പ് യോഹന്നാൻ ഹാരിസൺ മലയാളത്തിൽ നിന്നുവാങ്ങിയതാണ് അതെന്നത്‌ സൂചിപ്പിച്ചുവല്ലോ. റവന്യൂ ഭൂമി വീണ്ടെടുക്കുന്നതുസംബന്ധിച്ചുള്ള ഒരു കേസ് ഇന്നിപ്പോൾ കേരളം ഹൈക്കോടതിയുടെ മുന്നിലുണ്ട്. അഡ്വ. സുശീല ഭട്ടിന്റെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ കഴിഞ്ഞ സർക്കാരിന്റ കാലത്തുവാദം നടന്ന കേസാണത്. സുശീല ഭട്ടിനെ മാറ്റാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചതും മറ്റും വിവാദമായതാണല്ലോ. ആ കേസിലുൾപ്പെടുന്നതാണ് ഈ വിവാദ എസ്റ്റേറ്റ്. ഹാരിസൺ മലയാളത്തിന് അവകാശപ്പെട്ട എല്ലാ സ്റ്റേറ്റുകളും ഏറ്റെടുക്കാനായിരുന്നു സർക്കാർ തീരുമാനം. എറണാകുളം ജില്ലാ കളക്ടറായിരുന്ന എംജി രാജമാണിക്യത്തെ അതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ 2013 ഏപ്രിൽ 27 നുതന്നെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തു. അത് സംബന്ധിച്ച് ‘ ദി ഹിന്ദു’ പത്രം പ്രസിദ്ധീകരിച്ച വാർത്തയാണ് ഇതൊന്നിച്ചുള്ളത്.

” The government is taking over the land held by Harrisons Malayalam Limited without rights on orders from the High Court. It issued orders entrusting the work to government official M.G. Rajamanikyam, who will have the powers of a District Collector to take over the land, an official release said. Revenue Minister Adoor Prakash said after a conference that discussed the issue that proceedings for takeover of the land, spread across different districts, had been initiated.” — Special Correspondent ( ദി ഹിന്ദു, ഏപ്രിൽ 27, 2013 ).

അന്ന് സർക്കാർ ഭൂമിയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ ഹാരിസണും യോഹന്നാനുമൊക്കെ അപ്പീൽ നൽകിയിട്ടുണ്ട്. എന്നാൽ സർക്കാർ ഭൂമിയാണത് എന്ന വിധി ഇനിയും സ്റ്റേ ചെയ്തിട്ടില്ല. സാധാരണ നിലക്ക് അതിൽ സ്റ്റേ കിട്ടാൻ വിഷമമാണ്. അതായത് ഇന്നത്തെ നിലക്ക് ചെറുവള്ളി എസ്റ്റേറ്റ് സംസ്ഥാനത്തിന്റേതാണ്. ഇതിനിടയിൽ വൈദ്യുതി ബോർഡിന് ഈ എസ്റേറ്റിലൂടെ വൈദ്യുതി ലൈൻ വലിക്കാൻ ഹൈക്കോടതി അനുമതി നൽകുകയുണ്ടയി. വൈദ്യുതിലൈൻ വലിക്കുന്ന ഭൂമിയുടെ വില പ്രത്യേക അക്കൗണ്ടിൽ ബാങ്കിൽ നിക്ഷേപിക്കാനാണ് കോടതി നിർദ്ദേശിച്ചത്. അതായത് , ആ പണത്തിന് ഇന്നിപ്പോൾ യോഹന്നാന് അർഹതയില്ല എന്ന് വ്യക്തമാക്കുകയാണ് കോടതി ചെയ്തത്. മറ്റൊന്ന്, ഇത്രയേറെ, ആയിരക്കണക്കിന് ഏക്കർ വരുന്ന, സർക്കാർ ഭൂമി അങ്ങിനെയല്ല എന്ന് വിധിവരാനുള്ള സാധ്യതയും കുറവാണ് എന്നതാണ് നിയമവിദഗ്ധരുടെ പൊതുവെയുള്ള വിലയിരുത്തൽ. കോടതിവിധി അങ്ങിനെയാവും ഇങ്ങനെയാവില്ല എന്നൊന്നും പറയാൻ പാടില്ല എന്നതറിയാം. ഞാൻ സൂചിപ്പിച്ചത് നിയമവിദഗ്ധരിലെ ഒരു പൊതുവികാരമാണ്.

കാര്യങ്ങൾ കൈവിട്ടുപോയി എന്ന് മനസിലായതുകൊണ്ടാവാം അല്ലെങ്കിൽ തോന്നിയതുകൊണ്ടാവാം ഇന്നിപ്പോൾ വിമാനത്താവള പദ്ധതിയുമായി രംഗത്തുവരാൻ യോഹന്നാൻ താല്പര്യം പ്രകടിപ്പിച്ചത്. എസ്റ്റേറ്റിന്റെ വില പുതിയ വിമാനത്താവളത്തിൽ തന്റെ ഷെയർ ആയി ചേർക്കാൻ കഴിഞ്ഞാൽ രക്ഷപ്പെടുമല്ലോ. ദീര്ഘദൃഷ്ടിയോടെയുള്ള നീക്കമാണ് ഇത് എന്നാണ് കരുതേണ്ടത്. സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇവിടെ മറ്റൊരു പ്രയോജനമുണ്ട്. ജനങ്ങളെ വിഷമിപ്പിക്കാതെ, സ്ഥലം ഏറ്റെടുക്കൽ കൂടാതെ, എതിർപ്പുകൂടാതെ ഒറ്റ പ്ലോട്ടായി ഏതാണ്ട് 2,800 ഏക്കർ സ്ഥലം ലഭിക്കുന്നു എന്നതാണത്. പക്ഷെ, ഇവിടെ ബിഷപ്പ് യോഹന്നാനെ ഇതിലുൾപ്പെടുത്താൻ ശ്രമിച്ചാൽ, എസ്റ്റേറ്റിന്റെ വില ബിഷപ്പിനു നല്കാൻ ശ്രമിച്ചാൽ, കാര്യങ്ങൾ പ്രശ്നമാവും എന്നതിൽ സംശയമില്ല. ഇവിടെ നാമൊക്കെ അറിയാനിരിക്കുന്നതു പിണറായി വിജയൻറെ മനസിലിരുപ്പാണ്. ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച കേസുകളിൽ നിന്ന് അഡ്വ സുശീല ഭട്ടിനെ നീക്കിയതുപോലും ഇതിന്റെയൊക്കെ തുടക്കമല്ലേ എന്ന് കരുതേണ്ടിവരുകയും ചെയ്യും. സർക്കാർ ഭൂമി പാട്ടത്തിന് നൽകുക, പിന്നീട് അത് അവർ വിറ്റു കാശാക്കുക; പിന്നെ ആ ഭൂമി സർക്കാർ തന്നെ വിലകൊടുത്തുവാങ്ങുക ………….. ഇതൊക്കെ നടക്കാൻ പാടില്ലാത്ത കാര്യമാണ്.

ഇവിടെ അടുത്തിടെ നടന്ന ഒരു കാര്യം ഓർമ്മിപ്പിക്കേണ്ടതുണ്ട്. കൊച്ചി മെട്രോക്കായി എറണാകുളത്ത്‌ കളമശ്ശേരിയിലെ പഴയ പ്രീമിയർ ടയേഴ്സിന്റെ ( ഇപ്പോൾ അത് അപ്പോളോ ടയേഴ്‌സ്) കുറച്ചുസ്ഥലം ഏറ്റെടുത്തിരുന്നു. അതിന്റെ പണം നല്കാൻ പോയവേളയിൽ അത് സർക്കാർ പാട്ടത്തിനു നൽകിയ ഭൂമിയാണ് എന്ന് കണ്ടെത്തി. വർഷങ്ങൾക്കുമുൻപ് വ്യവസായം തുടങ്ങാനായി സർക്കാർ പ്രീമിയർ ടയേഴ്സിന് സൗജന്യമായി നൽകിയതാണ് ആ ഭൂമി മുഴുവൻ. പിന്നീട അതിൽ നിന്ന് സർക്കാർ ഒരു ഭാഗം സർക്കാരിന്റെ ആവശ്യത്തിനായി ഏറെയെടുക്കുമ്പോൾ പണം നൽകുന്നത് ശരിയല്ലല്ലോ. അവിടെയും അപ്പോളോ ടയേഴ്സിന് പണം നല്കാൻ നീക്കമുണ്ടായി. പക്ഷെ കൊച്ചി മെട്രോ അധികൃതർ ഇടപെട്ടതിനാൽ അതുനടന്നില്ല. ഇതുതന്നെയാണ് ചെറുവള്ളി എസ്റ്റേറ്റിന്റെ കാര്യത്തിലും സംഭവിക്കാൻ പോകുന്നത്.

ഈ വിമാനത്താവള പദ്ധതി സംബന്ധിച്ച ആദ്യ വാർത്ത വന്നത് ‘മെട്രോ വാർത്ത’യിലാണ്. രണ്ടര വർഷം മുൻപുതന്നെ. വി റെജികുമാർ ആയിരുന്നു അത് തയ്യാറാക്കിയത്. അന്ന് റെജികുമാർ പറഞ്ഞത് ഇങ്ങനെയാണ്…… ” ഇങ്ങനെയൊക്കെ നടന്നാൽ സ്വന്തമായി ഒരു എയർപോർട്ട് ഉള്ള ആദ്യ ബിഷപ്പായി കെ.പി. യോഹന്നാൻ മാറും..! ശബരിമലയ്ക്ക് വേണ്ടി എയർപോർട്ട് ഉണ്ടാക്കിയ ബിഷപ്പ് എന്ന പദവിയും കിട്ടും..!!”. കാര്യങ്ങൾ അതിലേക്കാണോ നീങ്ങുന്നത്?. എസ്റ്റേറ്റിന്റെ പണം ബിഷപ്പിന്റെ ഷെയർ ആയി മാറുമെന്ന കണക്കുകൂട്ടൽ തന്നെയാവണം ആ വാർത്തക്ക് അടിസ്ഥാനം. വിദേശത്തുനിന്നുള്ളതടക്കമുള്ള സ്വന്തം സാമ്പത്തിക ഇടപാടുകളും , മത പരിവർത്തനമടക്കമുള്ള പരിപാടികളുമൊക്കെ പലപ്പോഴും വിമര്ശനത്തിനിരയാക്കിയ, പ്രതിക്കൂട്ടിലാക്കിയ, ഒരു ബിഷപ്പിന് ഇത്തരമൊരു സുപ്രധാന സംരംഭത്തിൽ എത്രമാത്രം പങ്കാളിത്തമാവാം എന്നതും കേന്ദ്ര – സംസ്ഥാന സർക്കാരുകളും കേന്ദ്ര ഏജൻസികളും വിലയിരുത്താതിരിക്കില്ല എന്നതാണ് എന്റെ തോന്നൽ. രാജ്യസുരക്ഷയുമായി പോലും വിമാനത്താവളങ്ങൾക്ക് ബന്ധമുള്ളത് മറക്കാൻ കഴിയില്ലല്ലോ. കാശുണ്ടെന്നു കരുതി നാളെ ദാവൂദ് ഇബ്രാഹിമോ മറ്റേതെങ്കിലും സമാന വ്യക്തികളോ വന്നാൽ ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉടമസ്ഥതയോ പങ്കാളിത്തമോ നൽകാനാവുമോ എന്നത് സംശയകരമല്ലേ?.

shortlink

Related Articles

Post Your Comments

Related Articles


Back to top button