കൊച്ചി: അഴിമതിയും കള്ളപ്പണവും തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ രാജ്യത്ത് ആയിരം അഞ്ഞൂറ് നോട്ടുകൾ പിൻവലിച്ച നവംബര്‍ എട്ടിന് രാത്രിയില്‍ എറണാകുളത്തെ ഒരു വലിയ ജ്വല്ലറിയില്‍ കോടിക്കണക്കിന് രൂപയുടെ രഹസ്യവ്യാപാരം നടന്നതായി റിപ്പോർട്ട്.ഒരു ജ്വല്ലറി ഗ്രൂപ്പിന്റെ കടയില്‍നിന്ന് ഒരാള്‍ വാങ്ങിയത് അഞ്ച് കോടി രൂപയുടെ സ്വര്‍ണം. ഇതേ ജ്വല്ലറിയില്നിന്നുതന്നെ മറ്റൊരാള്‍ അന്ന് രാത്രി ഒരുകോടി രൂപയ്ക്കും സ്വര്‍ണം വാങ്ങിയതായി റിപ്പോർട്ട്.രാത്രി എട്ടുമണിക്കായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി കള്ളപ്പണം തടയുന്നതിനായി 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്.
സാധാരണ നിലയില്‍ ഒമ്പത് മണിക്ക് മുമ്പേ ജ്വല്ലറികളിലെ വ്യാപാരവും അവസാനിപ്പിക്കാറുണ്ട്. എന്നാൽ അന്നും വ്യാപാരം അവസാനിപ്പിച്ചുവെങ്കിലും വീട്ടിലെത്തിയ സെയില്സ്മാന്മാരെ രാത്രി 10 മണിയോടെ തിരിച്ചുവിളിച്ച് രഹസ്യ വില്‍പ്പന നടത്തുകയായിരുന്നു. ഒമ്പതിന് പുലര്‍ച്ചെ മൂന്നുമണിവരെ ഇത് നീണ്ടു. അന്നത്തെ യഥാര്‍ത്ഥ വ്യാപാര വിലയിലൂം കൂടിയ നിരക്കിലായിരുന്നു ഈ രഹസ്യവില്‍പ്പന. ഗ്രാമിന് 2860 രൂപയുണ്ടായിരുന്ന സ്വര്‍ണം പലമടങ്ങ് ഉയര്‍ത്തിയാണ് പാതിരാത്രിയില്‍ വിറ്റതെന്ന് ഒരു ജ്വല്ലറി ജീവനക്കാരന് പ്രമുഖ മാധ്യമമായ ‘സൗത്ത്ലൈവി’നോട് വ്യക്തമാക്കുകയുണ്ടായി.
രാജ്യത്ത് നോട്ടുകൾ അസാധുവാക്കിയതിനു ശേഷവും സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്, ഫോറിന് എക്സ്ചേഞ്ച് മാര്‍ഗങ്ങള്‍ വഴി പണം വെളുപ്പിച്ചെടുത്തുവെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ 25 പ്രധാന നഗരങ്ങളിലെ 400ലേറെ ജ്വല്ലറികളിലെ വ്യാപാരം എന്‍ഫോഴ്സ്മെന്റ് വിഭാഗം പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments