![](/wp-content/uploads/2016/11/INK.jpg)
ന്യൂഡൽഹി: അസാധുവായ ആയിരം ,അഞ്ഞൂറ് നോട്ടുകള്‍ മാറ്റുന്നതിന് കേന്ദ്രം കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.ഇതിന്റെ ഭാഗമായി അസാധുവായ നോട്ടുകള്‍ മാറാനായി ഇനി ബാങ്കില്‍ എത്തുന്നവരുടെ കൈവിരലുകളിൽ മഷി പുരട്ടും. ഒരേ ആളുകള്‍ പിന്നെയും പണം മാറ്റി വാങ്ങാന്‍ വരുന്നത് തടയാനാണ് ഇത്തരമൊരു നീക്കം.കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശശികാന്ത് ദാസ് ആണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.ഇതിന്റെ അടിസ്ഥാനത്തിൽ പ്രമുഖ നഗരങ്ങളില്‍ ഇന്ന് തന്നെ മഷി പുരട്ടല്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഇത്ര ദിവസം കഴിഞ്ഞിട്ടും ബാങ്കുകളിലെ തിരക്ക് കുറയാത്തതിന്റെ കാരണം തേടിയപ്പോള്‍ മനസിലായത് ഒരേ ആളുകള്‍ തന്നെയാണ് പിന്നെയും പിന്നെയും പണം മാറാന്‍ എത്തുന്നതെന്നാണ്.അതോടൊപ്പം ആളുകളെ സംഘങ്ങളായി എടിഎമ്മുകളിലും ബാങ്കുകളിലും എത്തിച്ച് കള്ളപ്പണം വെളുപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളും ലഭിച്ചിട്ടുണ്ട്.ബാങ്ക് ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറയ്ക്കാനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ രംഗത്തിറക്കിയിട്ടുണ്ട്. കറന്‍സികളുടെ ശേഖരണവും നിയന്ത്രണവും ഇനി മുതല്‍ ഇവര്‍ നിർവഹിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.നോട്ടുകള്‍ സ്വീകരിക്കാത്ത ആശുപത്രികൾ , ഫാര്‍മസികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയാല്‍ നടപടി സ്വീകരിക്കും. ആവശ്യത്തിനുള്ള നോട്ടുകള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ കൈയില്‍ സ്‌റ്റോക്കുണ്ട്. ജന്‍ധന്‍ അക്കൗണ്ടുകള്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും ജനങ്ങള്‍ ഭയപ്പെട്ടേണ്ട കാര്യമില്ലെന്നും ശശികാന്ത് ദാസ് അഭിപ്രായപ്പെടുകയുണ്ടായി.
Post Your Comments