ന്യൂഡല്‍ഹി: അക്കൗണ്ടുകളില്‍ അസ്വാഭാവികമായ രീതിയില്‍ വലിയ തുകയുടെ നിക്ഷേപം കണ്ടെത്തിയാല്‍ 200 ശതമാനം പിഴചുമത്തും. നികുതിറിട്ടേണുകള്‍ സമര്‍പ്പിക്കുന്നതുവരെ നടപടിക്കായി കാത്തുനില്‍ക്കേണ്ടെന്ന് ആദായനികുതിവകുപ്പിന് നിര്‍ദേശം നല്‍കിയതായി ധനകാര്യമന്ത്രാലയം വ്യക്തമാക്കി . അസാധുവായ നോട്ടുകള്‍ മാറാനായി അനുവദിച്ച 50 ദിവസങ്ങള്‍ക്കുള്ളില്‍ കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനാണ് ഈ നീക്കം. ഇനി ജന്‍ധന്‍ അക്കൗണ്ടുകളില്‍ വന്‍തുകകളുടെ നിക്ഷേപം കണ്ടാല്‍ പിഴയീടാക്കും.
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനുപിന്നാലെയാണ് ആയിരക്കണക്കിന് ജന്‍ധന്‍ അക്കൗണ്ടുകളില്‍ വന്‍തുകയുടെ നിക്ഷേപം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍വന്നത്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമപ്രകാരം ആദായനികുതിവകുപ്പിന് റിസര്‍വ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളില്‍നിന്ന് നിക്ഷേപകരുടെ വിവരങ്ങള്‍ ശേഖരിക്കാം. കാര്‍ഷികാദായം നികുതിവിമുക്തമാണ്. എന്നാല്‍, കൃഷിഭൂമിയുടെ അളവും നിക്ഷേപവും ഒത്തുനോക്കി എന്തെങ്കിലും അസ്വാഭാവികത കണ്ടെത്തിയാല്‍ നടപടിയെടുക്കും.
ചെറുകിടകച്ചവടക്കാര്‍, വീട്ടമ്മമാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് തങ്ങളുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നതിന് പ്രത്യേകിച്ച് തടസ്സങ്ങളൊന്നുമുണ്ടാകില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
Post Your Comments