തൊടുപുഴ● തൊടുപുഴയില്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ യുവതിയെ എസ്.ഐ മുറിയിലേക്ക് ക്ഷണിച്ചുവെന്ന ആരോപണം പണം തട്ടാനുള്ള ശ്രമമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍. യുവതിയുടെ ആരോപണം വ്യാജമാണെന്നും പണം തട്ടാനുള്ള ശ്രമമാണെന്നുമാണ് സംഭവം അന്വേഷിച്ച സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
അതേസമയം, ആരോപണം നിഷേധിച്ച് തൊടുപുഴ എസ്.ഐ ജോബിന് ആന്റണിയും രംഗത്തെത്തി. തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച യുവതിക്കും അത് പ്രചരിപ്പിച്ച മാധ്യമ പ്രവര്‍ത്തകനുമെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും എസ്.ഐ വ്യക്തമാക്കി.
മൊബൈല്‍ കടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവതിയേയും ഉടമയേയും സ്റ്റേഷനിലെത്തിച്ചത്. ഈ സമയം വനിതാ പോലീസുകാരും മറ്റ് പോലീസുകാരും സ്റ്റേഷനിലുണ്ടായിരുന്നു. വിഷയം സംസാരിച്ചിരിക്കേ യുവതിയുടെ ഭര്‍ത്താവ് സ്റ്റേഷനിലേക്ക് ഓടിക്കിതച്ചെത്തി. ന്യുറോ സര്‍ജറി കഴിഞ്ഞ ഇയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണു. ഉടന്‍ താന്‍ ഇടപെട്ട് അവരെ കോലഞ്ചേരി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു ആശുപത്രിയിലെത്തിയ ശേഷം യുവതി ചികിത്സയ്ക്കുള്ള പണം ആവശ്യപ്പെട്ട് വിളിച്ചു. എന്നാല്‍ താന്‍ ആവശ്യം നിഷേധിക്കുകയായിരുന്നു. എന്നാല്‍ സത്യാവസ്ഥ അന്വേഷിക്കാതെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ആരോപണം ആഘോഷിച്ചതെന്നും എസ്.ഐ പറഞ്ഞു.
തൊടുപുഴ സ്വദേശിനിയായ ജോളി വെറോണി ഞായറാഴ്ച ഫേസ്ബക്കില്‍ ഇട്ട പോസ്റ്റിലാണ് എസ്.ഐയ്ക്കെതിരെ ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്.
അതേസമയം, എസ്.ഐ തന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യുവതി വീണ്ടും രംഗത്തെത്തി. കുടുംബം പുലര്‍ത്താന്‍ താന്‍ പെടുന്ന കഷ്ടപ്പാട് നാട്ടുകാര്‍ക്കറിയാം. പോലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
Post Your Comments