കൊച്ചി: പണത്തിനായി ബുട്ടിമുട്ടുന്ന നാട്ടുക്കാർക്കായി കാരുണ്യ വർഷത്തിന്റെ സന്ദേശം ഉൾക്കൊണ്ട് പ്രവർത്തിച്ച് കേരളത്തിലെ ഒരു പള്ളി മാതൃകയാവുകയാണ്. ചില്ലറ വേണ്ടവര്‍ക്ക് പള്ളിയുടെ ഭണ്ഡാരം തുറന്ന് നല്‍കി മാതൃകയാവുകയാണ് കൊച്ചിയിലെ പുക്കാട്ടുപടി തേവക്കല്‍ മാര്‍ട്ടിന്‍ ഡി പോറസ് പള്ളി. ഈ പള്ളിയുടെ ഭണ്ഡാരം ഇപ്പോള്‍ വിശ്വാസികള്‍ക്കു മുന്നില്‍ ഒരു ‘എ.ടി.എം.’ തന്നെയാണ്. ആര്‍ക്കും ഇവിടെയെത്തി ഭണ്ഡാരത്തില്‍നിന്ന് കാശെടുക്കാം. ജനങ്ങൾക്ക് ആവശ്യമുള്ളത്ര എടുത്തുകൊണ്ടുപോകാം. കൈയില്‍ പണമെത്തുമ്പോള്‍ തിരികെ ഭണ്ഡാരത്തിലിട്ടാല്‍ മതി.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായവരെ സഹായിക്കാനായിരുന്നു ഈ ‘എ.ടി.എം. സംവിധാനം’. ഞായറാഴ്ച രാവിലെ കുര്‍ബാനയുടെ സമയത്താണ് ഭണ്ഡാരത്തില്‍നിന്ന് ആവശ്യക്കാര്‍ക്ക് പണമെടുക്കാമെന്ന പ്രഖ്യാപനം പള്ളിവികാരിയും കൈക്കാരന്മാരും നടത്തിയത്. അതോടെ വിശ്വാസികളുടെ വലിയ തിരക്കായി. വൈകുന്നേരമായതോടെ രണ്ട് ഭണ്ഡാരങ്ങളും കാലി. ഏതാനും അഞ്ഞൂറിന്റെ നോട്ടുകള്‍മാത്രം ബാക്കി. നോട്ടിനുവേണ്ടി ആളുകള്‍ നെട്ടോട്ടമോടാന്‍ തുടങ്ങിയതോടെയാണ് ഭണ്ഡാരം പ്രയോജനപ്പെടുത്താമെന്ന ചിന്ത ഉദിച്ചതെന്ന് വികാരി ഫാ. ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു.
”ഒരുപാട് സാധാരണക്കാര്‍ താമസിക്കുന്ന ഇടമാണിത്. അരിവാങ്ങാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടിയവര്‍ ഇക്കൂട്ടത്തിലുണ്ട്. ആളുകള്‍ പണമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ഭണ്ഡാരത്തില്‍ കാശ് കിടന്നിട്ടെന്തുകാര്യം. ആരൊക്കെ എത്രയൊക്കെ എടുത്തുവെന്നതിന്റെ ഒരു കണക്കും ഞങ്ങള്‍ വച്ചിട്ടില്ല. രാവിലെ നിറഞ്ഞിരുന്ന ഭണ്ഡാരം ഇപ്പോള്‍ കാലിയാണ്. ദൈവവിശ്വാസമുള്ളവര്‍ എടുത്ത പണം തിരികെയെത്തിക്കുമെന്നുറപ്പാണ്” ഫാ. ജിമ്മി പറഞ്ഞു. പള്ളിയിലെ കൈക്കാരന്മാരായ ജോഷി ചിറയത്തിന്റെയും ജിജു വാത്തിക്കുളത്തിന്റെയും നേതൃത്വത്തിലാണ് ഈ ആശയം നടപ്പാക്കിയത്. അങ്ങനെ പള്ളിപ്പണം ആവശ്യത്തിന് ഇടവകയിലെ എല്ലാവര്‍ക്കും ഗുണകരമായി. അടുത്ത 27ന് പള്ളിയിലെ തിരുനാളാണ്. അതിന് മുൻപ് നാട്ടുകാര്‍ തന്നെ ഭണ്ഡാരം വീണ്ടും നിറയ്ക്കുമെന്ന പ്രതീക്ഷയും ഈ ഇടവകയ്ക്കുണ്ട്.
Post Your Comments