KeralaNews

നോട്ട് പിന്‍വലിക്കല്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു ? എതിര്‍ക്കുന്നവരുടെ നഷ്ടവും അനുകൂലിക്കുന്നവരുടെ ഉദ്ദേശശുദ്ധിയും വ്യക്തമാകുന്ന ലേഖനം

രാജ്യത്തുനിന്ന് കള്ളപ്പണത്തെ പാടെ ഇല്ലാതാക്കുന്നതിനായി 500,1000 നോട്ടുകള്‍ റദ്ദാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. എന്നാല്‍ ചിലര്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നു. എന്താണ് എതിര്‍ക്കുന്നതിനു പിന്നില്‍. സാധാരണക്കാര്‍ എതിര്‍ക്കുന്നതിനു പിന്നിലുള്ള കാരണം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും പെട്ടെന്നുണ്ടായ നടപടിയെ തുടര്‍ന്നുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്നാണ്. എന്നാല്‍ പണക്കാര്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നത് എന്തുകൊണ്ട്. അതിനുള്ള മറുപടിയാണ് ഇനി ഈ ലേഖനത്തിലുള്ളത്.

ആറു മാസം മുന്‍പാണ് പുതിയൊരു ബൈക്ക് വാങ്ങിയത്. ആകെ ചിലവ് ഒരു ലക്ഷത്തിനു ഒരല്‍പം മുകളില്‍. ബാംഗ്ലൂരിലെ ഒരു പ്രമുഖ ബൈക്ക് ഷോറൂം ശൃംഖലയില്‍ നിന്നാണ് വാങ്ങാന്‍ തീരുമാനിച്ചത്. ഒരു തരത്തില്‍ അത്രയും തുകയൊക്കെ സംഘടിപ്പിച്ച് ബാങ്ക് അക്കൗണ്ടില്‍ ഇട്ടിട്ടുണ്ട്. അവിടെ എത്തി ഡെബിറ്റ് കാര്‍ഡ് കൊടുത്തപ്പോള്‍ അവര്‍ പറയുന്നു പത്ത് ശതമാനം അധികം നല്‍കണം എന്ന്. അല്ലെങ്കില്‍ പണമായി നല്‍കണം. ഇവിടുന്നു വാങ്ങില്ല എന്നൊക്കെ ഭീഷണിപ്പെടുത്തിയിട്ടും അവര്‍ക്കൊരു കുലുക്കവും ഇല്ല. ബാങ്ക് അവധി ആയതു കാരണം മൂന്ന് ദിവസം കഴിഞ്ഞാണ് പണം കൊടുത്ത് ബൈക്ക് എടുത്തത്.

ഇനി ഒരു സുഹൃത്തിന്റെ അനുഭവം പറയാം. അപ്പാര്‍ട്‌മെന്റ് വാങ്ങാന്‍ പോയതാണ് അയാള്‍. ഒരു കോടി വിലയുള്ള അപ്പാര്‍ട്‌മെന്റ്. തുക പണമായി നല്‍കിയാല്‍ 90 ലക്ഷം കൊടുത്താല്‍ മതി. പത്ത് ലക്ഷം ലാഭം. ഒരു കഥ കൂടി പറയാം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍. അന്‍പത് പേരെ ഒരു ദിവസം കാണും. 300 രൂപ വച്ച് ഒരാളില്‍ നിന്നും വാങ്ങുന്നു. ഒരു വര്‍ഷത്തെ വരുമാനം അരക്കോടി രൂപയ്ക്കു മുകളില്‍.
എന്റെ സുഹൃത്ത് സ്ഥിര വരുമാനമുള്ള ടാക്‌സെല്ലാം കൃത്യമായി കമ്പനി നേരിട്ട് പിടിക്കുന്ന ഐടികാരനാണ്. ബാങ്ക് ലോണില്‍ വീട് വാങ്ങാനാണ് പോയത്. അതുകൊണ്ട് തന്നെ പത്ത് ലക്ഷം ലാഭം നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ നമ്മുടെ ഡോക്ടര്‍ക്കോ ? 90 ലക്ഷം മുടക്കി വീടെടുക്കാം. ബില്‍ഡര്‍ അതില്‍ പത്ത് രൂപ ടാക്‌സ് അടയ്ക്കില്ല. ഡോക്ട്ടറും ടാക്‌സ് അടയ്ക്കില്ല. ഡോക്ടര്‍ നടത്തുന്നത് പതിനഞ്ചു ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ്. ബില്‍ഡറുടെത് അതിന്റെ ഇരട്ടി. മൊത്തം ഏതാണ്ട് അരക്കോടി രൂപയോളം. ഇനി ഡോക്ടര്‍ അത് വിറ്റാലോ ? അപ്പോളും ക്യാഷ് ആയി വാങ്ങുക തന്നെ.

ഈ അവസരത്തിലാണ് സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ നിരോധിക്കുന്നത്. ഡോക്ടറുടെ വീട്ടില്‍ 90 ലക്ഷം ക്യാഷ് ആയി ഇരിപ്പുണ്ട്. എന്ത് ചെയ്യും ? ബാങ്കില്‍ കൊടുക്കാം , പക്ഷെ സോഴ്‌സ് കാണിക്കണം. പിന്നാലെ ഇന്‍കം ടാക്‌സ്. നമ്മുടെ ഡോക്ടര്‍ കാലങ്ങളായി നടത്തി വരുന്ന നികുതി വെട്ടിപ്പ് സര്‍വ്വവും കണ്ടുപിടിക്കും. ബന്ധുക്കളോ സുഹൃത്തുക്കളോ വഴി കുറച്ചു വെളുപ്പിക്കാം. നൂറിന്റെ നോട്ടുകള്‍ കുറെ കാണും. എന്നാലും അതില്‍ സിംഹഭാഗവും വേസ്റ്റ് ആയി. ബില്‍ഡര്‍ക്ക് കെട്ടിടം വിറ്റു തീരാതെ അയാളുടെ പണം കിട്ടില്ല. അതുകൊണ്ട് തന്നെ എന്റെ സുഹൃത്തിനെ പോലെ വൈറ്റ് മണി ഉപയോഗിക്കുന്ന ഒരാള്‍ക്ക് എഴുപതോ എണ്‍പതോ ലക്ഷത്തിനു വില്‍ക്കുക മാത്രമാണ് മാര്‍ഗം.

ഇനി വിഷയത്തിന്റെ സ്റ്റാറ്റിസ്റ്റിക്‌സിലേക്ക് വരാം. നമ്മുടെ ജിഡിപി വളരെ ബൃഹത്താണ്. ലോകബാങ്കിന്റെ കണക്കു പ്രകാരം അതിന്റെ 20% ആണ് നിലവില്‍ ബ്‌ളാക് മാര്‍ക്കറ്റ് ട്രാന്‍സാക്ഷനുകള്‍. ആ തുക എത്ര വരും എന്നറിയുമോ ? ഏതാണ്ട് മുപ്പത് ലക്ഷം കോടി ! അതായത് സര്‍ക്കാരിന് യാതൊരു കണക്കും ഇല്ലാത്ത മുപ്പതു ലക്ഷം കോടി രൂപയുടെ വിനിമയം ബൈക്ക് ആയും കെട്ടിടമായും സ്വര്‍ണ്ണമായും ഒക്കെ നടക്കുന്നുണ്ട്. ബില്ല് വേണ്ടെങ്കില്‍ സ്വര്‍ണ്ണത്തിനു വില കുറക്കാം എന്ന് പറയുന്ന ജ്യുവലറിക്കാരന്‍, പണം കൊടുത്താല്‍ വില കുറക്കാം എന്ന് പറയുന്ന ബില്‍ഡര്‍ ഇവര്‍ക്കിടയില്‍ പണമിടപാട് നടത്തുന്ന കുഴല്‍ പണക്കാരും മണി എക്‌സ്‌ചേഞ്ച് കാരും തുടങ്ങിയ സര്‍വ്വരും അടങ്ങിയ ഒരു പാരലല്‍ ലോകമാണിത്. ആ പാരലല്‍ ലോകത്ത് നിക്ഷേപം സ്വീകരിക്കുന്ന കടം കൊടുക്കുന്ന സ്വകാര്യ ബാങ്കുകളും ഉണ്ട്. അവിടെ എത്ര തുകയും ചെറിയ പലിശക്ക് നിക്ഷേപിക്കാം. സോഴ്‌സ് വേണ്ടാ.

ഈ ഒരു സമാന്തര ലോകമാണ് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീണത്. പക്ഷെ സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകര്‍ ഇതൊന്നും കാണുന്നില്ല.വലിയ കള്ളപ്പണം സ്വിസ് ബാങ്കിലാണ് ഇവിടില്ല എന്നതാണ് വലിയൊരു ആരോപണം. ഒന്ന് ആലോചിച്ചാല്‍ ഉത്തരം നമുക്ക് തന്നെ കിട്ടും. ഇവിടെ ഇല്ലാത്ത പണം കൊണ്ട് ഇവിടെ കെട്ടിടം പണിയാന്‍ പറ്റുമോ ? ഫര്‍ണിച്ചര്‍ വാങ്ങാന്‍ പറ്റുമോ ? മുകളില്‍ പറഞ്ഞ മുപ്പതു ലക്ഷം കൊടിയും ഇവിടെ തന്നെ ഉണ്ട്. അത് തന്നെയാണ് ലക്ഷ്യവും.
തോമസ് ഐസക്കും മറ്റുള്ളവരും പറയുന്നത് പോലെ രണ്ടു മാസത്തെ സമയം അനുവദിച്ച് ഇത് ചെയ്തുകൂടെ എന്ന് ചിന്തിക്കാം. നമ്മുടെ 90 ലക്ഷം കയ്യിലുള്ള ഡോക്ടര്‍. അയാള്‍ക്ക് അതില്‍ കുറെ വെളുപ്പിക്കാം. കുറച്ചു സ്വര്‍ണ്ണം വാങ്ങാം. ഡയമണ്ട് വാങ്ങാം. ഫര്‍ണിച്ചര്‍ , ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ , അമ്മാവന്റെയോ കുഞ്ഞമ്മയുടെയോ പേരില്‍ വാഹനങ്ങള്‍ തുടങ്ങി ഭാവിയില്‍ കുറഞ്ഞ വിലക്കാണ് എങ്കിലും കൈമാറ്റം ചെയ്യാവുന്ന വസ്തുവകകള്‍ ആക്കി മാറ്റി എടുക്കാം. എന്നാല്‍ ഒരൊറ്റ രാത്രിയോടെ നോട്ടുകള്‍ അസാധുവാക്കിയതോടെ ഇങ്ങനെ ഒരു സാധ്യതയാണ് പൂര്‍ണ്ണമായും ഇല്ലാതായത്. കാരണം ഈ പറഞ്ഞ വസ്തുവകകള്‍ വിറ്റ സ്ഥാപനങ്ങള്‍ 500/ 1000 നോട്ടുകള്‍ കൈമാറ്റം ചെയ്യുമ്പോള്‍ സോഴ്‌സ് കാട്ടേണ്ടി വരും എന്ന കാരണം കൊണ്ട് ആ തുകകകള്‍ സ്വീകരിക്കില്ല.

എന്തായാലും നമ്മുടെ ബാങ്കുകളില്‍ ധാരാളം പണം എത്തിക്കഴിഞ്ഞു. ബ്‌ളാക് മാര്‍ക്കറ്റില്‍ നിന്ന് പണം എടുത്ത് സിനിമ പിടിക്കുന്ന, ബില്‍ഡിങ് കെട്ടുന്ന , ലാഭം തിരികെ അവിടെ കൊടുത്തിരുന്ന സര്‍വര്‍ക്കും. ഇനി ഒരു അഞ്ചു വര്‍ഷത്തെങ്കിലും ലീഗല്‍ ആയ സോഴ്‌സുകളില്‍ നിന്നും പണം എടുക്കയും അവിടേക്ക് തന്നെ തിരിച്ച് അടക്കേണ്ടി വരുകയും ചെയ്യും. റിയല്‍ എസ്റ്റേറ്റ് ആയി പണം സൂക്ഷിച്ചവര്‍ക്ക് വിപണിയിലെ ബ്‌ളാക് മണിയുടെ അഭാവം കാരണം വില കുറച്ച് അവ വില്‍ക്കേണ്ടിയും വരും. ആ രീതിയില്‍ ഒരു ഫ്രഷ് സ്റ്റാര്‍ട്ടിനുള്ള സര്‍വ്വ അവസരവും ഒരൊറ്റ രാത്രികൊണ്ട് ഉണ്ടായിവന്നിരിക്കുന്നു. എന്തായാലും ഈ നീക്കത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ട്. അനുകൂലിക്കുന്നവര്‍ക്ക് നഷ്ട്ടപ്പെടാന്‍ ഒന്നുമില്ല. എതിര്‍ക്കുന്നവര്‍ക്ക് എന്തോ നഷ്ടപ്പെടാനുണ്ട് എന്നതാണ് സത്യം. അതെന്താണ് എന്ന് കാലം തെളിയിക്കും.?

shortlink

Related Articles

Post Your Comments

Related Articles


Back to top button