KeralaNews

കടകളടച്ച് സമരം ചെയ്യാൻ മുഖ്യമന്ത്രി അനുവദിക്കരുത് :തട്ടിപ്പുകൾ തുടരാൻ കഴിയില്ലെന്ന വേവലാതി അശോക് കർത്താ എഴുതുന്നു

രാജ്യത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ തുടർന്ന് പല രീതിയിലുള്ള വ്യാഖ്യാനങ്ങളാണ് പുറത്തു വരുന്നത്.രാജ്യത്തെ കള്ളപ്പണത്തെ പൂർണ്ണമായും ഇല്ലാതാക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനം അഭിനന്ദനാർഹമാണ്.എന്നാൽ പെട്ടെന്നുണ്ടായ തീരുമാനം സാധാരണ ജനങ്ങളിൽ ആദ്യമൊന്ന് ഞെട്ടലുണ്ടാക്കിയെങ്കിലും ഉദ്ദേശശുദ്ധി മനസിലാക്കി അവർ സർക്കാർ തീരുമാനത്തോട് പൊരുത്തപ്പെട്ടു വരുന്ന കാഴ്ചയാണ് കണ്ടു വരുന്നത്.എന്നാൽ ജനങ്ങളെ തെറ്റിധരിപ്പിക്കാനും ഇതിനിടയിൽ ശ്രമം നടക്കുന്നു എന്നതും ശ്രദ്ധേയമാണ്.

കള്ളപ്പണക്കാര്‍ ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ്.ഇത്തരം അനിഷ്ടസംഭവങ്ങൾ ഇളക്കിവിട്ട് ജനത്തെ പരിഭ്രാന്തിയിലും അതുവഴി ഗവണ്മെന്റിനും എതിരാക്കിയാൽ തങ്ങൾക്ക് കുറച്ചുകൂടി സാവകാശം കിട്ടുമെന്നു കരുതുന്ന ഹവാല ഇടപാടുകാർക്കും കള്ളപ്പണക്കാർക്കും അക്രമമുണ്ടാകുമെന്ന പരിഭ്രാന്തി പരത്തുന്ന ചാനലുകൾക്കെതിരെയും പ്രതികരിച്ച അശോക് കര്‍ത്തായുടെ ഫേസ്ബുക് പോസ്റ്റ് ഇതിനോടകം തന്നെ ശ്രദ്ധനേടിയിരിക്കുകയാണ്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം

തകർച്ച കാത്തിരിക്കുന്ന ചാനലുകൾ പിടിച്ചുനിൽക്കാൻ നടത്തുന്ന അവസാനത്തെ ശ്രമമാണു അക്രമമുണ്ടാകുമെന്ന പരിഭ്രാന്തി പരത്തൽ……
ജനം അനുഭവിച്ചുപോന്ന ഒരുപാട് സൌകര്യങ്ങൾക്ക് പെട്ടെന്നു നിയന്ത്രണം വന്നിട്ടുണ്ട്. നോട്ടുമാറ്റം ചെറിയൊരു കാര്യമല്ല. എന്നുവച്ച് അതൊരു സാ‍മ്പത്തിക അവ്യവസ്ഥിതിയിലേക്കോ അനാർക്കിയിലേക്കോ വളരാനുള്ള ഒരു സാഹചര്യവും നിലവിലില്ല. എന്നാൽ അതിനെ ബോധപൂ‍ർവ്വം അങ്ങനെ വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണു മാദ്ധ്യമങ്ങൾ. അതു പിന്തുണയ്ക്കാൻ കുറേ ഈഗോയിസ്റ്റുകളുമുണ്ട്. അതുവഴി തങ്ങളുടെ നിലനിൽ‌പ്പിനു ആധാരമായ കള്ളപ്പണക്കാരെ സഹായിക്കാനാകുമെന്നാണു മാദ്ധ്യമങ്ങളുടെ പ്രതീക്ഷ.
പണത്തിന്റെ ഉറവിടം ചോദിക്കുന്നതാണു പ്രശ്നം. സാധാരണക്കാർക്ക് അതൊരു വിഷയമല്ല. നേരായവഴിക്കല്ലാതെ സമ്പാദിച്ചവർക്കേ അതേക്കുറിച്ചോർത്തു വേവലാതിയുള്ളു. അതിനവർ ജനങ്ങളെ പരിഭ്രാന്തരാക്കാൻ നോക്കുകയാണു. മാദ്ധ്യമങ്ങൾ കൂട്ടുനിൽക്കുകയും ചെയ്യുന്നു. രണ്ടുദിവസം വലവീശിയിട്ടും മാദ്ധ്യമങ്ങൾക്ക് കാര്യമായി വിവാദങ്ങൾ ഒന്നും കിട്ടിയില്ല. അപ്പോഴാണു ‘അനാർക്കി’യുടെ തിരക്കഥയുമായി ഇറങ്ങിയിരിക്കുന്നത്. അതു സ്ഥാപിക്കാൻ അവിടെ കടകൊള്ളയടിച്ചു. ഇവിടെ ബാങ്ക് തല്ലിപ്പൊളിച്ചു. മറ്റേടത്ത് പമ്പ് കത്തിച്ചു എന്നൊക്കെയുള്ള വാർത്തകൾ ഹൈലൈറ്റ് ചെയ്യുകയാണു. ഇതൊക്കെ പ്രാദേശികമായി സംഭവിച്ചേക്കാം. പക്ഷെ അതു ആവർത്തിക്കുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ ഗൂഡാലോചയുണ്ടായിരിക്കും. കള്ളപ്പണക്കാർക്ക് പ്രാന്തെടുത്തിരിക്കുകയാണു. ഇത്തരം അനിഷ്ടസംഭവങ്ങൾ കൂടിയതോതിൽ ഇളക്കിവിട്ട് ജനത്തെ പരിഭ്രാന്തിയിലും അതുവഴി ഗവണ്മെന്റിനും എതിരാക്കിയാൽ തങ്ങൾക്ക് കുറച്ചുകൂടി സാവകാശം കിട്ടുമെന്നു അവർ കരുതുന്നു. അക്രമങ്ങൾ സംഘടിപ്പിക്കാൻ മയക്കുമരുന്നു-ഹവാല-റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് നിസ്സാരമായി കഴിയും. കഴിഞ്ഞ 20 കൊല്ലമായി അവർ സൃഷ്ടിക്കുന്ന അത്തരം പലതരം കെടുതികൾ അനുഭവിക്കുന്നവരാണു മലയാളികൾ.
ചൊവ്വാഴ്ചമുതൽ വ്യാപാരികൾ കടകളടയ്ക്കുമെന്നാണു വേറൊരു ഭീഷണി. ബാങ്കു പ്രശ്നങ്ങൾക്കിടയിൽ അതുകൂടിയായാൽ ജനത്തിനു പരിഭ്രമം കൂടത്തേയുള്ളു. അതാണു ഈ മാഫീയാകൾ ആഗ്രഹിക്കുന്നതും. കച്ചവടക്കാർ അതു ചെയ്തുകൊടുക്കുന്നതുവഴി കള്ളപ്പണക്കാരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുയാണു. അല്ലെങ്കിൽ അവരുടെ വ്യാപാ‍രത്തിനു പിന്നിലുള്ളത് തനി കള്ളപ്പണമായിരിക്കും. കളക്ഷൻ ബാങ്കിലടയ്ക്കാൻ വ്യാപാരികൾ അഭിമുഖീകരിക്കുന്ന പ്രശ്നമെന്താണു? അതിനു ഒറിജിനൽ കണക്കുവേണം. അതില്ലേ? ഇതുവരെയുള്ളത് തട്ടിപ്പും വെട്ടിപ്പും കഴിഞ്ഞൂള്ള കണക്കായിരുന്നോ. ഇനി അതുപറ്റില്ല. അതാണു വ്യാപാരികളെ അസ്വസ്ഥരാക്കുന്നത്. യഥാർത്ഥവരുമാനം കാണിച്ചാൽ രണ്ടാം നമ്പരിലെ വരുമാനവും പുറത്താ‍കും. കാണിച്ചില്ലെങ്കിൽ അതുപോക്കാവും. യഥാർത്ഥ വരുമാനം കാണിച്ചാൽ അതിന്റെ നികുതിയും മറ്റും കൊടുക്കേണ്ടി വരും. ചിലപ്പോൾ ഇതുവരെ കാണിക്കാതിരുന്നതിനു പിഴയിട്ടെന്നും വരും. അതാണു വ്യാപാരികളെ അസ്വസ്ഥരാക്കുന്നത്. യഥാർത്ഥ വരുമാനം മറച്ചുവക്കാനാണു അക്രമമുണ്ടാകുമെന്നും കലാപമുണ്ടാകുമെന്നുമൊക്കെ പ്രചരിപ്പിക്കുന്നത്.
ഇങ്ങനെ ജനത്തെ പരിഭ്രാന്തരാക്കുന്നവരെ കലാപം അടിച്ചമർത്താനുള്ള നിയമം കൊണ്ട് നേരിടണം. വ്യാപാരികളുടെ കടയടപ്പിനെ സർക്കാർ ഉരുക്കുമുഷ്ടിയുപയോഗിച്ചു എതിർത്തില്ലെങ്കിൽ വലിയ ദുരന്തമാകും. ചൊവ്വാഴ്ച അടയ്ക്കുന്ന കടകളുടെ ലൈസൻസ് നിർദ്ദാക്ഷിണ്യം റദ്ദ്ചെയ്യണം. സാധനങ്ങൾ പിടിച്ചെടുക്കണം. അവശ്യവസ്തുക്കളാണെങ്കിൽ സർക്കാർ തന്നെ വിതരണം ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കിൽ സർക്കാർ കള്ളപ്പണക്കാർക്കു കൂട്ടുനിൽക്കുകയാണെന്ന പേരുദോഷമുണ്ടാകും. സഹകരണസംഘങ്ങളുടെ പേരിൽ ഒരുപാട് പഴി കേട്ടുകഴിഞ്ഞല്ലോ. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർ ഏതറ്റംവരെയും പോകും. ഇനി ഇതുകൂടിയായാൽ ജനം സർക്കാരിനെ വെറുക്കാൻ വേറൊന്നും വേണ്ട. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ അവസരം നോക്കിയിരിക്കുന്നവരാണു മാദ്ധ്യമങ്ങളും, പ്രതിപക്ഷവും. അതിനു അവസരം കൊടുക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button