മംഗളുരു: രാജ്യത്ത് ആയിരം ,അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയതിന് പിന്നാലെ എത്തിയ പുതിയ 2000, 500 രൂപ നോട്ടുകളില്‍ ദേവനാഗരി ലിപിയും.ആദ്യമായാണ് ഇന്ത്യന്‍ കറന്‍സി നോട്ടില്‍ ദേവനാഗരി ലിപിയില്‍ സംഖ്യ രേഖപ്പെടുത്തുന്നത്.എന്നാൽ ഇത് ഭരണഘടനാ ലംഘനമാണെന്നും പിന്‍വാതിലിലൂടെ ഹിന്ദി അടിച്ചേല്പിക്കുന്നതിന്റെ ഭാഗമാണിതെന്നുമുള്ള ആരോപണവുമായി ഒരുവിഭാഗം ഗവേഷകര്‍ രംഗത്തുവന്നിട്ടുണ്ട്.രാജ്യത്ത് വീണ്ടും ഭാഷയെച്ചൊല്ലിയുള്ള രാഷ്ട്രീയം തലപൊക്കാന്‍ ഇത് ഇടയാക്കുമെന്നും ഇത് സൂചന നൽകുന്നുണ്ട്.
ഇംഗ്‌ളീഷിനൊപ്പം ദേവനാഗരി ലിപിയിലുള്ള ഹിന്ദിയും ഔദ്യോഗികഭാഷയായി അംഗീകരിച്ചിട്ടുള്ളതാണ്. എങ്കിലും, ബഹുഭാഷാരാജ്യമായ ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികാവശ്യങ്ങള്‍ക്ക് ഇംഗ്‌ളീഷ് ഭാഷയും ലിപിയും ഉപയോഗിക്കണമെന്ന 1960-ലെ രാഷ്ട്രപതിയുടെ ഉത്തരവിന്റെയും ഭരണഘടനയുടെയും ലംഘനമാണിതെന്നാണ് ആരോപണം.ഭരണഘടനയുടെ 343 ആം വകുപ്പനുസരിച്ച് ഇന്ത്യന്‍ സംഖ്യാക്രമത്തിന്റെ അന്താരാഷ്ട്ര അംഗീകൃത രൂപമാണ് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത്. 344 ആം വകുപ്പനുസരിച്ച് 1957-ല്‍ രൂപവത്കരിച്ച ജി.ബി.പന്ത് അധ്യക്ഷനായ ഔദ്യോഗിക ഭാഷാ പാര്‍ലമെന്ററി കമ്മിറ്റിയും ഇതേക്കുറിച്ചുള്ള ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഈ ശുപാര്‍ശയുടെ ചുവടുപിടിച്ച് 1960-ല്‍ രാഷ്ട്രപതി പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച്, കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി പ്രസിദ്ധീകരണങ്ങളില്‍ മാത്രമാണ് ദേവനാഗരി ലിപിയിലുള്ള സംഖ്യാരൂപം ഉപയോഗിക്കാന്‍ അനുമതിയുള്ളത്.
മുംബൈ ഐ.ഐ.ടി.യിലെ സോഷ്യല്‍സയന്‍സ് വിഭാഗം ഗവേഷകന്‍ കെവിന്‍ ആദിത്യനും ജെ.എന്‍.യു.വിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ഗവേഷകനായ സഹീല്‍ മാഥൂറും ചേര്‍ന്ന് ഓണ്‍ലൈന്‍ മാസികയായ ‘ദി വയര്‍ ഡോട്ട് ഇന്നി’ല്‍ എഴുതിയ ലേഖനത്തിലും ഇക്കാര്യത്തെക്കുറിച്ച് പരാമർശമുണ്ട്.റിസര്‍വ് ബാങ്ക് നല്കുന്ന വിവരമനുസരിച്ച് കറന്‍സി നോട്ടുകളുടെ രൂപകല്പന തീരുമാനിക്കുന്നത് റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും ചേര്‍ന്നാണ്. അതിനാല്‍ ദേവനാഗരിയില്‍ സംഖ്യയുള്‍പ്പെടുത്തിയത് കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിന്റെ ഭാഷാരാഷ്ട്രീയം സംബന്ധിച്ച സമീപനം വ്യക്തമാക്കുന്നതാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
Post Your Comments