Gulf

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാരെ വെട്ടിലാക്കി അധികൃതരുടെ പുതിയ തീരുമാനം

ദുബായ് : ഈ മാസം 18നുള്ള ദുബായ്– തിരുച്ചിറപ്പള്ളി വിമാനത്തിലെ ടിക്കറ്റ്‌ നിരക്കില്‍ വൻ കുറവു കണ്ട് ബുക്ക് ചെയ്തവര്‍ വെട്ടിലായി.

കുറഞ്ഞ ടിക്കറ്റ്‌ നിരക്ക് കാട്ടിയതില്‍ അബദ്ധം പറ്റിയെന്നും കൂടുതൽ തുക നൽകണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ആവശ്യപ്പെട്ടു. 45 ദിർഹം എന്ന പ്രമോഷണല്‍
ഓഫർ വെബ്സൈറ്റിൽ കണ്ട് എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് നമ്പർ ഐഎക്സ്–612ൽ ബുക്ക് ചെയ്തവരാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്.

സിസ്റ്റത്തിലെ പിഴവു കൊണ്ട്സംഭവിച്ചതിനാല്‍ 475 ദിർഹമാണു യഥാർഥ നിരക്കെന്നും ബാക്കി തുകയായ 330 ദിർഹം കൂടി നല്‍കണം ഇല്ലെങ്കിൽ യാത്ര മുടങ്ങുമെന്നുമുള്ള സന്ദേശം എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് അയച്ചിട്ടുണ്ട്.

എന്നാൽ പിഴവ് തങ്ങളുടേതല്ലെന്നും അതിനാൽ വാഗ്ദാനം ചെയ്ത നിരക്കിൽ തന്നെ യാത്ര അനുവദിക്കണമെന്നുമാണു യാത്രക്കാരുടെ വാദം.

വിമാന സീറ്റുകളിലെ ബുക്കിങ് ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. ദുബായിൽനിന്നോ ഷാർജയിൽനിന്നോ തിരുച്ചിറപ്പള്ളിയിലേക്കുള്ള ഭൂരിഭാഗം വിമാനത്തിലുമുള്ള നിരക്കാണു തങ്ങളും ഈടാക്കുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

എയർലൈൻ വെബ്സൈറ്റ് ,എയർ ഇന്ത്യ എക്സ്പ്രസ് ഓഫിസുകള്‍ മുഖേനയോ അല്ലെങ്കില്‍ ട്രാവൽ ഏജന്‍സി വഴിയോ ബാക്കി തുക നല്‍കണം. യാത്ര ചെയ്യുന്നില്ലെങ്കിൽ നൽകിയ തുക മടക്കി നൽകുമെന്നും അധികൃതർ അറിയിച്ചു.

shortlink

Post Your Comments


Back to top button