തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും പഴയനോട്ടുകള്‍ മാറ്റിനല്‍കാനുള്ള കൗണ്ടറുകള്‍ സഹകരണ ബാങ്കുകളിൽ ഉണ്ടാകില്ല. വ്യാഴാഴ്ച മുതല്‍ പണമിടപാട് നടത്താമെന്നും നിക്ഷേപം സ്വീകരിക്കാമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാൽ നിക്ഷേപമായി നല്‍കുന്ന തുകയില്‍ പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സിനോട്ടുകള്‍ സ്വീകരിക്കേണ്ടെന്നാണ് തീരുമാനമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു.
കേരളത്തിലെ സഹകരണമേഖലയിലെ മൊത്തം നിക്ഷേപം ഏതാണ്ട് 90,000 കോടിരൂപയാണ്. ഇതില്‍ ഏതാണ്ട് 80 ശതമാനത്തോളം തുക വായ്പയായി നല്‍കിയിട്ടുണ്ട്. ജില്ലാസഹകരണബാങ്കുകള്‍ക്ക് സ്വന്തമായി കറന്‍സി ചെസ്റ്റുകളില്ലാത്തതിനാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയടക്കമുള്ള വാണിജ്യബാങ്കുകളില്‍നിന്ന് പുതിയനോട്ടുകള്‍ മാറ്റിവാങ്ങേണ്ടിവരും. ഇങ്ങനെ വാങ്ങുന്ന പണം ജില്ലാസഹകരണബാങ്കുകള്‍ പ്രാഥമിക സഹകരണബാങ്കുകള്‍ക്ക് നല്‍കും. ഇതിനുശേഷമേ പ്രാഥമിക സഹകരണബാങ്കുകളുടെ പണമിടപാടുകള്‍ സുഗമമാകൂ.
ജില്ലാ സഹകരണബാങ്കുകളിലും പ്രാഥമിക സഹകരണബാങ്കുകളിലും അക്കൗണ്ട് എടുത്തവര്‍ക്ക് കൈയിലുള്ള പണം കൈമാറാന്‍ മറ്റുബാങ്കുകളെ ആശ്രയിക്കേണ്ടിവരും. നിലവില്‍ നോട്ടുകള്‍ മാറ്റിനല്‍കാവുന്ന ബാങ്കുകളുടെ കൂട്ടത്തില്‍ ഇവയില്ല. ഈ ബാങ്കുകളിലെ 20 ലക്ഷത്തിലേറെയുള്ള ഇടപാടുകാരെ ഇതുബാധിക്കും. എന്നാൽ ആർ ബി ഐ സര്‍ക്കുലറിൽ ബാങ്കിങ് റെഗുലേഷന്‍ ആക്‌ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പഴയനോട്ടുകള്‍ തിരികെയെടുക്കാമെന്നാണ് പറയുന്നത്. ഇതാണ് ജില്ലാ സഹകരണബാങ്കുകള്‍ക്ക് ആശ്വാസമാകുന്നത്. ജില്ലാബാങ്കുകള്‍ നബാര്‍ഡിന്റെ നിയന്ത്രണത്തിലാണ്.
സര്‍ക്കുലറിലെ അവ്യക്തത മാറ്റണമെന്നും ജില്ലാബാങ്കുകള്‍ നബാര്‍ഡിനോട് ആവശ്യപ്പെട്ടുണ്ട്. ഇക്കാര്യം നബാര്‍ഡ് റിസര്‍വ് ബാങ്കിനെയും അറിയിച്ചിട്ടുണ്ട്. ഒരുദിവസത്തിനകം പരിഹാരമുണ്ടാക്കാമെന്നാണ് ആര്‍.ബി.ഐ. നല്‍കിയ വിശദീകരണം. അതുവരെ പഴയനോട്ടുകള്‍ വാങ്ങില്ല. പണമിടപാട് നടത്തുന്ന സഹകരണസംഘങ്ങളുടെ സ്ഥിതിയും പരുങ്ങലിലാണ്. ഇവര്‍ക്കും പുതിയ നോട്ടുകളെത്തുന്നതുവരെ പണമിടപാട് നടത്താനാവില്ല. സംസ്ഥാനത്ത് 15,287 സഹകരണസംഘങ്ങളാണുള്ളത്. ഇതില്‍ 1604 പ്രാഥമിക സഹകരണബാങ്കുകളാണ്. അംഗങ്ങളില്‍നിന്നല്ലാതെ ബാങ്കിടപാട് നടത്തരുതെന്ന് ഇവരോട് റിസര്‍വ് ബാങ്ക് നേരത്തെ നിര്‍ദേശിച്ചിരുന്നു.
Post Your Comments