അഞ്ഞൂറ്, ആയിരം രൂപയുടെ കറന്‍സി പിന്‍വലിച്ചതിനെ പേരില്‍ കുറെയേറെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സാധാരണക്കാര്‍ അതിനെ സര്‍വാത്മനാ സ്വാഗതം ചെയ്തപ്പോള്‍ മറ്റുചിലര്‍ വല്ലാത്ത വിഷമം നടിക്കുന്നത് നാമൊക്കെ കണ്ടു. പലതരത്തിലുള്ള കാരണങ്ങള്‍ അതിനായി അവരെല്ലാം നിരത്തുന്നു. രാഷ്ട്രീയക്കാരില്‍ വലിയ ആശങ്ക പ്രകടിപ്പിച്ചത് സിപിഎം മാത്രമാണ്. മറ്റുള്ള രാഷ്ട്രീയകക്ഷികളെയും ആ തീരുമാനം ബാധിച്ചേക്കാമെങ്കിലും പേടി കൊണ്ടാവണം, അവരാരും പരസ്യമായി വിഷമമൊന്നും പ്രകടിപ്പിച്ചില്ല. എതിര്‍ക്കാന്‍ കഴിയാത്തവിധത്തിലാണല്ലോ സര്‍ക്കാര്‍ അതിന്റെ അവതരണം നടത്തിയത്. എനിക്ക് തോന്നുന്നു, ഇന്നിപ്പോള്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപമായി കിടക്കുന്ന പണമാവണം പലരുടെയും ഉറക്കം കെടുത്തുന്നത്. അതല്ലാതെ കൈയില്‍ കോടികള്‍ സൂക്ഷിക്കുന്നവരെല്ലാം വളരെ വിരളമാവും. സഹകരണ ബാങ്കുകള്‍ മാത്രമല്ല, നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനികളുടെ കയ്യില്‍ പണം നിക്ഷേപിച്ചവര്‍ക്കും തലവേദന ഉണ്ടായാല്‍ അതിശയിക്കാനില്ല. ആദായനികുതി അധികൃതര്‍ ഈ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാവുന്നു എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
സഹകരണ ബാങ്കുകള്‍, എന്‍ ബി എഫ് സികള്‍ എന്നിവ അവരുടെ പണം ദേശസാല്‍കൃതമോ അല്ലെങ്കില്‍ മറ്റു ഷെഡ്യൂള്‍ഡ് ബാങ്കുകളിലോ നിക്ഷേപിച്ചിട്ടുണ്ട് അല്ലെങ്കില്‍ സൂക്ഷിച്ചിട്ടുണ്ട് എങ്കില്‍ പ്രശ്‌നങ്ങള്‍ കുറയും. അതല്ല, നിക്ഷേപത്തുക അതാത് സഹകരണ ബാങ്കുകളില്‍ ആണ് സൂക്ഷിച്ചിരുന്നത് എങ്കില്‍, മാറ്റിവാങ്ങാന്‍ പ്രയാസമാകും. പഴയ കറന്‍സിയുമായി ആര്‍ ബി ഐയിലോ മറ്റു ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്കുകളിലോ ചെല്ലുമ്പോള്‍ നിക്ഷേപകരുടെ വിശദാംശങ്ങള്‍ നല്‍കേണ്ടതായി വരും. കണക്കുവേണ്ടിവരും. അതിനൊക്കെ നികുതി കൊടുക്കേണ്ടി വരും. കണക്കില്‍ പെടാത്ത പണം സഹകരണ ബാങ്കുകളില്‍ സൂക്ഷിച്ചവര്‍ക്ക് അതൊരു പുലിവാല് തന്നെയാവും. കണക്കില്‍ പെടാത്തപണമായി അതൊക്കെ കണക്കാക്കപ്പെടുമല്ലോ. അതിനൊന്നും നികുതിയോ പലിശക്ക് ടിഡിഎസോ ( നിക്ഷേപത്തിന്മേലും പലിശയിലും നികുതി ഈടാക്കുന്ന സമ്പ്രദായം) ഒന്നുമുണ്ടായിട്ടില്ല എന്നത് മറക്കരുത്. യഥാര്‍ത്ഥത്തില്‍ നിയമവശാല്‍ ചെയ്യാന്‍ പാടില്ലാത്തത് നമ്മുടെ സഹകരണ ബാങ്കുകള്‍ ചെയ്യുകയായിരുന്നു, അതും മഹത്തായ സഹകരണ പ്രസ്ഥാനത്തിന്റെ മറവില്‍. രാജ്യത്തിനു കിട്ടേണ്ട നികുതി നല്‍കാതെ, വലിയൊരു തെറ്റാണു സഹകരണ പ്രസ്ഥാനങ്ങള്‍ ചെയ്തുവരുന്നത്. അവരെല്ലാം ഇപ്പോള്‍ വല്ലാത്ത പ്രതിസന്ധിയിലകപ്പെടുമെന്നാണ് കരുതേണ്ടത്.
അവിടെ നിക്ഷേപിച്ച വന്‍ തുകകള്‍ പലതും കണക്കില്ലാത്തതാണ് എന്നത് ആദായനികുതി വകുപ്പിനറിയാം. സാധാരണ നിലക്ക് ബാങ്കുകള്‍ അത്തരം നിക്ഷേപങ്ങളുടെ വിവരങ്ങളും കണക്കുകളും കൊടുക്കണം. അതാണ് ബാങ്കിങ് രംഗത്തെ വ്യവസ്ഥ. അതിനു ബാങ്കുകള്‍ തയ്യാറല്ലെങ്കില്‍ ആദായ നികുതി വകുപ്പുകാര്‍ക്കു പരിശോധിക്കാന്‍ കഴിയണം. എന്നാല്‍ പലയിടത്തും രാഷ്ട്രീയത്തിന്റെ ഹുങ്കും മറ്റുംകൊണ്ട് പരിശോധനക്കെത്തിയ ആദായ നികുതി അധികൃതരെ തടയുകയായിരുന്നു. ചിലയിടങ്ങളില്‍ പരിശോധന നടന്നു; അവിടെനിന്നും കുറെ കള്ളപ്പണത്തിന്റെ കഥകള്‍ അവര്‍ക്കു ലഭിക്കുകയും ചെയ്തു. എന്നാല്‍ ആ പരിശോധനാ സമ്പ്രദായം കേരളത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ക്കായില്ല. ഇന്നിപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവുകയാണ്, ആദായ നികുതി വകുപ്പിന്.
സാധാരണ സഹകരണ ബാങ്കുകള്‍ അവരുടെ നിക്ഷേപത്തുക ഷെഡ്യൂള്‍ഡ് ദേശസാല്‍കൃത ബാങ്കുകളില്‍ നിക്ഷേപിക്കാറുണ്ട്. സുരക്ഷിതത്വം കൂടി കണക്കിലെടുത്തണത്. അതേസമയം, ചിലര്‍ അത് അതാത് സഹകരണ ബാങ്കുകളില്‍ തന്നെ സൂക്ഷിക്കുന്നതും പതിവാണ്. അനധികൃത നിക്ഷേപം ഉള്ളവരുടെ കാര്യമാണിത്; കണക്കില്ലാത്ത പണം നിക്ഷേപമായി സ്വീകരിച്ചവരുടെ കഥ. അത്തരം ബാങ്കുകളില്‍ ഇന്നിപ്പോള്‍ കെട്ടുകണക്കിനു അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുണ്ടാവും. അതിനി മാറ്റിയെടുക്കണം. അതിനു പ്രയാസമുണ്ടാവില്ല. ഏതെങ്കിലും റിസര്‍വ് ബാങ്ക് ശാഖയില്‍ ചെന്നാല്‍ അത് സാധ്യമാണ്. പക്ഷെ നമ്മുടെ റിസര്‍വ് ബാങ്കിലോ മറ്റു ബാങ്കുകളിലോ കൊണ്ടുപോവുമ്പോള്‍ പലചോദ്യങ്ങളുമുയര്‍ന്നുവരും. ഇത്രയേറെ തുകയുടെ കണക്കു അവര്‍ക്കു ബോധ്യപ്പെടുത്തേണ്ടിവരും. ബാങ്കുകാര്‍ നിക്ഷേപകരുടെ വിവരങ്ങള്‍ നല്‍കേണ്ടതായി വരുമെന്ന് തീര്‍ച്ച. പ്രശ്‌നങ്ങള്‍ തുടങ്ങുന്നതേയുള്ളൂ എണ്ണുചുരുക്കം . പലര്‍ക്കും കാര്യങ്ങള്‍ വിഷമകരമാവും. അതിന്റെ ബേജാറാണ് ഇന്നിപ്പോള്‍ പലതരത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നത് .
മറ്റൊന്ന്, ചില സഹകരണ ബാങ്കുകള്‍ ചില ഷെഡ്യൂള്‍ഡ് ബാങ്കുകളിലാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. നിക്ഷേപകരുടെയും മറ്റും വേണ്ടത്ര രേഖകള്‍ ആവശ്യപ്പെടാതെ ആ ബാങ്കുകള്‍ സഹകരണ ബാങ്കുകളുടെ നിക്ഷേപം സ്വീകരിക്കുകയായിരുന്നു പതിവ്. എന്നാല്‍ ദേശസാല്‍കൃത ബാങ്കുകള്‍ക്ക് അത് സാധ്യമല്ല. വലിയ തുക ഒരു സഹകരണ ബാങ്ക് ഒരു ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപിക്കാന്‍ ചെന്നാല്‍, അതിന്റെ ശ്രോതസ്സ് ബോധ്യപ്പെടുത്തേണ്ടിവരും. അത്തരം രേഖകളോ വിവരമോയില്ലാതെ ദേശസാല്‍കൃത ബാങ്കുകള്‍ക്ക് പണം സ്വീകരിക്കാന്‍ കഴിയില്ല. അതായത് ആരാണ് അല്ലെങ്കില്‍ ആരെല്ലാമാണ് അത്രയും പണം സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത് എന്നും മറ്റും വെളിപ്പെടുത്തേണ്ടിവരും.
അതൊക്കെക്കൊണ്ടാണ് പല സഹകരണബാങ്കുകളും സ്വന്തം ‘ചെസ്റ്റ്’ ഉണ്ടാക്കി പണം സൂക്ഷിക്കാന്‍ തീരുമാനിച്ചത്. അതുതന്നെയാണ് പല അത്തരം അനവധി വലിയ സഹകരണ ബാങ്കുകള്‍ ഇന്നിപ്പോഴുണ്ട്. ചില എന്‍ ബി എഫ് സികളും അതൊക്കെത്തന്നെയാണ് ചെയ്തിരുന്നത്. അവിടെയൊക്കെയാണ് പ്രശ്‌നങ്ങള്‍ കൂടുതലുണ്ടാവുക. ആ പണമൊക്കെ മാറ്റിയെടുക്കുക എന്നത് സഹകരണ ബാങ്കിനെ സംബന്ധിച്ചോളം പ്രശ്‌നങ്ങള്‍ തന്നെയാവും. പല നിക്ഷേപങ്ങളും 50,000 രൂപയില്‍ കുറവാണ് എന്നത് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം തന്നെ ഒരേയാളുടെ പേരില്‍ അനവധി അത്തരം നിക്ഷേപങ്ങളാണ് അവിടെയുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അങ്ങിനെയാണ് ആദായ നികുതിക്കാരുടെ ശ്രദ്ധയില്‍ നിന്നും ഇതൊക്കെ ഒഴിവാക്കപ്പെടുന്നത്. പിന്നെ ‘പാന്‍ ‘ പോലുള്ളതോന്നും നിക്ഷേപകന്റെ വിവരത്തിനൊപ്പം ചേര്‍ക്കാറുമില്ല. അതിനൊക്കെയിടയിലാണ് ആദായനികുതി അധികൃതര്‍ സജീവമായി ഇടപെടാന്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്. ഇത് തീര്‍ച്ചയായും കേരളത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. സഹകരണ സ്ഥാപനങ്ങള്‍ പലതും രാഷ്ട്രീയ നേതൃത്വത്തിന്റെ അധീനതയിലാണ് എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുക തന്നെ ചെയ്യും.
സഹകരണ ബാങ്കുകളിലും എന്‍ ബി എഫ് സികളിലും നിക്ഷേപം നടത്തിയവരെ ഒരു തരത്തിലും ഇതൊന്നും ബാധിക്കില്ല എന്നത് ഓര്‍മ്മിക്കേണ്ടതുണ്ട്. എന്നാല്‍ കണക്കില്‍പെടുത്താത്ത പണം അവിടെ നിക്ഷേപിച്ചവര്‍, കള്ളപ്പണം നിക്ഷേപിച്ചവര്‍ എന്നിവരെല്ലാം വിഷമത്തിലാവും. അതിനൊപ്പം അത് സ്വീകരിച്ച സഹകരണ ബാങ്കുകളും പ്രശ്‌നത്തിലാവുമെന്ന് തീര്‍ച്ചയാണ്. ചില രാഷ്ട്രീയ കക്ഷികള്‍, ചില സംഘടനകള്‍ എന്നിവ കാര്യമായി കള്ളപ്പണം ഇത്തരത്തില്‍ സൂക്ഷിച്ചതായി സൂചനകളുണ്ട് എന്നാണ് ആദ്യനികുതി അധികൃതര്‍ നല്‍കുന്ന സൂചന.
കെ.വി.എസ് ഹരിദാസ്
Post Your Comments