NewsIndia

ആയിരങ്ങള്‍ വെറും കടലാസുകള്‍, നൂറുരൂപ നോട്ടുകള്‍ക്കായി പരക്കംപാച്ചില്‍ : വരും ദിവസങ്ങള്‍ അതിനിര്‍ണായകം : അമ്പരപ്പും ആശങ്കയും വിട്ടൊഴിയാതെ ജനങ്ങള്‍

തിരുവനന്തപുരം : അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയുള്ള മോദി സര്‍ക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനം അമ്പരപ്പോടെയും ആശങ്കയോടേയുമാണ് പൊതുജനങ്ങള്‍ കേട്ടത്. നോട്ടുകള്‍ നിരോധിച്ചതോടെ കൈവശമുള്ള പണത്തിന്റെ ഭാവിയെന്തെന്ന ആശങ്കയായിരുന്നു ആദ്യമെങ്കില്‍ പിന്നീട് കൈയിലുള്ള അഞ്ഞൂറ് രൂപ ആയിരം രൂപ നോട്ടുകള്‍ ഒഴിവാക്കാനായി ജനങ്ങള്‍ പായുകയായിരുന്നു. ഒരു രാത്രി കൊണ്ട് ആയിരങ്ങള്‍ വെറും കടലാസ് കഷ്ണങ്ങള്‍
മാത്രമാക്കുന്ന  അപൂര്‍വകാഴ്ചയാണ്  ചൊവ്വാഴ്ച രാത്രിയില്‍ കണ്ടത്.
നോട്ടുകള്‍ റദ്ദാക്കിയ തീരുമാനം പുറത്തു വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ എടിഎമ്മുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. ബാങ്കിംഗ് സമയം കഴിഞ്ഞ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്നതിനാല്‍ കാഷ് ഡെപ്പോസിറ്റ് മെഷീനുകളിലൂടെ കൈവശമുള്ള അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകള്‍ അക്കൗണ്ടിലെത്തിക്കാനായിരുന്നു പലരുടേയും ശ്രമം.
എടിഎമ്മുകളിലെ നോട്ട് ശേഖരത്തിന്റെ പത്ത് ശതമാനം നൂറ് രൂപ നോട്ടുകളാക്കണമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസങ്ങളില്‍ റിസര്‍വ്വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇത് ബാങ്കുകള്‍ ഗൗരവത്തോടെ എടുത്തില്ല. ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ എടക്കുമെന്ന സൂചന പോലും ആര്‍ക്കും ലഭിച്ചിരുന്നില്ല. എടിഎമ്മുകളും ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളും കഴിഞ്ഞാല്‍ പെട്രോള്‍ പമ്പുകള്‍ക്ക് മുന്‍പിലായിരുന്നു വലിയ തിരക്ക് അനുഭവപ്പെട്ടത്.
പമ്പുകളിലും റെയില്‍വേ സ്റ്റേഷനുകളിലും നവംബര്‍ പതിനൊന്ന് വരെ പുതിയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനാല്‍ പെട്രോളടിച്ച് അഞ്ഞൂറും ആയിരവും ചില്ലറയ്ക്കാനായിരുന്നു ആളുകളുടെ ശ്രമം. എന്നാല്‍ കൂട്ടത്തോടെ വലിയ നോട്ടുകള്‍ വന്നതിനാല്‍ എല്ലാവര്‍ക്കും ചില്ലറ നല്‍കുവാന്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് സാധിക്കാതെ വന്നു ഇതോടെ പല പമ്പുകളിലും ഉപഭോക്താക്കളും ജീവനക്കാരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു.

വലിയ നോട്ടുകളുടെ ഭാവിയെന്തെന്ന കാര്യത്തില്‍ വ്യക്തതയില്ലാതെ വന്നതോടെ ഈ നോട്ടുകള്‍ സ്വീകരിക്കാന്‍ കച്ചവടക്കാര്‍ പലരും തയ്യാറായില്ല. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ലോട്ടറി കടകളിലും ഹോട്ടലുകളിലും ഈ അവസ്ഥ നിലനിന്നു. എന്നാല്‍ ബാങ്കുകളില്‍ ചെന്ന് പണം മാറ്റിയെടുക്കാം എന്ന ധൈര്യത്തില്‍ ചില കടഉടമകള്‍ പണം സ്വീകരിക്കുവാന്‍ തയ്യാറായി.

കള്ളനോട്ടുകളുടെ എണ്ണം ക്രമാതീതമായി കൂടിയെന്ന കാര്യം കൂടി പരിഗണിച്ചാണ് ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഉപയോഗത്തിലുള്ള ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകളില്‍ നല്ലൊരു ശതമാനം കള്ളനോട്ടുകളാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ തന്നെ പറയുന്നത്. അങ്ങനെയെങ്കില്‍ കള്ളനോട്ടുകള്‍ തിരിച്ചറിയാതെ കൈവശം വച്ചിരിക്കുന്ന സാധാരണക്കാര്‍ വ്യാഴാഴ്ച്ച മുതല്‍ അതുമായി ബാങ്കിലെത്തിയാല്‍ എന്താവും അവസ്ഥയെന്ന ചോദ്യം അവശേഷിക്കുന്നു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ബാങ്കുകളും എടിഎമ്മുകളും ഇനി രണ്ട് ദിവസം കഴിഞ്ഞേ തുറക്കൂ. പൊതുജനങ്ങള്‍ക്ക് നല്‍കാനുള്ള പുതിയ 2000,500 രൂപ നോട്ടുകളുമായാവും ബാങ്കുകളും എടിഎമ്മുകളും ഇനി പ്രവര്‍ത്തനം ആരംഭിക്കുക. അതുവരെയുള്ള നാല്‍പ്പത്തിയെട്ട് മണിക്കൂറില്‍ രാജ്യം നേരിടുക സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് തുല്യമായ അവസ്ഥയാവും. വിവാഹാവശ്യത്തിനും മറ്റു പരിപാടികള്‍ക്കുമായി വലിയ തുകകള്‍ കൈവശം വച്ചിരിക്കുന്നവരും ബിസിനസുകാരുമെല്ലാം അപ്രതീക്ഷിതമായ ഈ പ്രതിസന്ധിക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button