NewsGulf

രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങള്‍ സംബന്ധിച്ച് സുപ്രധാന വിധിയുമായി സൗദി സുപ്രീംകോടതി

റിയാദ്: സൗദിയില്‍ കൊലപാതകം ചെയ്ത പ്രതികള്‍ക്ക് മാപ്പ് നൽകിയാലും കടുത്ത ജയില്‍ ശിക്ഷ നല്‍കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. നിലവില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധുക്കള്‍ പ്രതിക്ക് മാപ്പുകൊടുത്തു പ്രതിക്രിയ നടപടി ഒഴിവാക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. ഈ നടപടി അവസാനിപ്പിച്ച് മാപ്പ് നൽകുന്നതിനൊപ്പം നിശ്ചിത കാലം ജയില്‍ശിക്ഷ കൂടി നല്‍കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്.

സൗദി സുപ്രീം കോടതിയാണ് സൗദി ജഡ്ജിമാരോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കൊലപാതക കേസില്‍ കൊല്ലപ്പെട്ട വൃക്തിയുടെ ബന്ധുക്കൾ കൊലയാളിക്ക് ചില സന്ദര്‍ഭങ്ങളില്‍ മാപ്പ് കൊടുക്കാറുണ്ട്. എന്നാല്‍ അങ്ങനെ മാപ്പ് കൊടുത്താലും നിശ്ചിത കാലത്തേക്ക് ജയില്‍ ശിക്ഷകൂടി നല്‍കുന്ന വിധികള്‍ പുറപ്പെടുവിപ്പിക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

അറിഞ്ഞുകൊണ്ട് കൊലപാതകം ചെയ്തവര്‍ക്ക് അഞ്ച് വര്‍ഷത്തില്‍ കുറയാത്ത കഠിന തടവ് നല്‍കണം. മനപ്പൂര്‍വ്വമല്ലാതെയുള്ള കൊലപാതകത്തിനാണെങ്കില്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷം കഠിന തടവുമാണ് സൗദി സുപ്രീം കോടതി കണക്കാക്കിയിട്ടുള്ളത്. ശിക്ഷാ കാലാവധി വിധിക്കുന്നതില്‍ ജഡ്ജിമാര്‍ക്ക് കുറ്റകൃത്യങ്ങളുടെ സ്വഭാവം നോക്കി സാഹചര്യം പോലെ ശിക്ഷാവിധി പ്രഖ്യാപിക്കാവുന്നതാണ്. തടവ് ശിക്ഷയുടെ കാലാവധി കൂട്ടാനുള്ള അധികാരവും ജഡ്ജിമാര്‍ക്കുണ്ടാകും.

കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധുക്കള്‍ പ്രതിക്ക് മാപ്പുകൊടുത്ത് നടപടി ഒഴിവാക്കുന്ന അവസരത്തിലാണ് ഇവ പരിഗണിക്കേണ്ടത്. ഇതുപ്രകാരം കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ പ്രതിക്ക് മാപ്പുകൊടുത്താലും ഇല്ലെങ്കിലും കുറ്റവാളിക്ക് ജയില്‍ശിക്ഷ അടക്കമുള്ള കടുത്ത നടപടികള്‍ നേരിടേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button